2010, ഡിസംബർ 12, ഞായറാഴ്‌ച

പാരവെപ്പ്

ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കുകയായിരുന്ന എന്നോട് ഒരു അപേക്ഷയുമായി ഒരു സഹമുറിയന്‍ വന്നു! "എന്‍റെ ഗ്ലാസ്‌ ആരോ അടിച്ചോണ്ട് പോയി! നീ റൂമിലേക്ക്‌ വരുമ്പോ നിന്റെ ഗ്ലാസില്‍ കുറച്ച്‌ വെള്ളം കൊണ്ടുവരുമോ?". ദാഹിക്കുന്നവനു കുറച്ച്‌ വെള്ളം കൊടുക്കുക! അത് ചെയ്യാത്തവന്‍ എത്ര നീചനാണ്? ഞാന്‍ ഒരു സംശയവും കൂടാതെ സമ്മതിച്ചു! കയ്യും കഴുകി പോകാന്‍ നേരത്ത് അവന്‍  വീണ്ടും ഓര്‍മിപ്പിച്ചു "മറക്കരുത് ട്ടോ!". "മറക്കുകയോ? ഞാനോ? നീ പേടിക്കണ്ട ഞാന്‍ എന്തായാലും കൊണ്ടുവരാം!" ഒരു പുന്ന്യകാര്യം   ചെയ്തതിനു നന്ദി നിഷേധിക്കും പോലെ ഞാന്‍ പറഞ്ഞു!അവന്‍ പോയി! ഞാന്‍ എന്‍റെ ഡ്യൂട്ടി തുടര്‍ന്നു! പക്ഷെ, ഒരാവശ്യവും ഇല്ലാത്ത കുറെ ആഗോള കാര്യങ്ങള്‍ തലയില്‍ ഉണ്ടായിരുന്ന എനിക്ക് ഇത്രയും ഓര്‍മിപ്പിച്ച്ചിട്ടും വെള്ളത്തിന്റെ കാര്യം ഓര്‍മ്മിക്കാന്‍ കഴിഞ്ഞില്ല!

നടന്നു നടന്നു മൂന്നാം നിലയിലെ റൂമിന്റെ ഡോറില്‍ മുട്ടിക്കൊണ്ടിരിക്കുംബോഴാണ് വെള്ളം കൊണ്ടുവരാം എന്ന് പറഞ്ഞ കാര്യം ഞാന്‍ ഓര്‍ത്തത്‌! താഴെ പോയി വീണ്ടും തിരിച്ചു കയറിവരാന്‍ എന്‍റെ മടി എന്നെ അനുവദിച്ചില്ല. ' ഞാന്‍ എന്‍റെ ഗ്ലാസ്‌ അവനു കൊടുത്തേക്കാം! അത്ര അത്യാവശ്യമാണെങ്കില്‍, അവന്‍ താഴെ പോയി കുടിക്കട്ടെ! എന്തായാലും എന്‍റെ ഔദാര്യത്തില്‍ ആണല്ലോ അവനു ഗ്ലാസ്‌ കിട്ടിയത്!'ഞാന്‍ സമാധാനിച്ചു. പെട്ടെന്ന് എനിക്കൊരു സൂത്രം തോന്നി. 'എന്തായാലും എല്ലാവരെയും ഒന്ന് പറ്റിച്ചെക്കാം'.

വാതില്‍ തുറന്നപ്പോള്‍! ഞാന്‍ പതുക്കെ എന്‍റെ ഗ്ലാസില്‍ വെള്ളമുണ്ട് എന്ന് തെറ്റിദ്ധരിക്കവണ്ണം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അകത്തേക്ക് കയറി! പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു ഹര്‍ഷാരവം ആണ് എന്നെ എതിരെട്ടത്‌! കൂടെ കൂട്ടച്ചിരിയും ! അവിടെ മേശപ്പുറത്തു 2 ഗ്ലാസ്സുകള്‍ ഇരിക്കുന്നുണ്ടായിരുന്നു! സഹാമുരിയന്മാരില്‍ 2 പേര്‍ ഒരുമാതിരി 'അവിഞ്ഞ മോന്തയും' ആയി ഇരിപ്പുണ്ടായിരുന്നു. അഭ്യര്‍ഥനയും ആയി വന്ന ആ സഹമുറിയന്‍ സംഗതി വിവരിച്ചു തന്നു! അവന്‍ ചിരി നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു    " നീ ആണ് ഈ റൂമിലെ മൂനാമത്തെ കോഴി!. ബാക്കി രണ്ടെണ്ണം ദാ അവിടെ ഇരിപ്പുണ്ട്!". മുക്കിലിരിക്കുന്ന 2 പേരും വളിഞ്ഞ ചിരി ചിരിച്ചു! 

ചിരിക്കേണ്ട സമയത്ത് ചിരി നിയന്ത്രിക്കാന്‍ എനിക്ക് പണ്ടേ ഭയങ്കര കഴിവായിരുന്നു! യാതൊരു  ഭാവവ്യത്യാസവും കൂടാതെ ഞാന്‍ എന്‍റെ പ്രസംഗം തുടങ്ങി! "അതുശെരി! അപ്പൊ നിങ്ങള്‍ക്ക്‌ ഞാന്‍ കൊണ്ടുവന്ന വെള്ളം ആവശ്യമുണ്ടയിട്ടു ചോദിച്ചതോന്നുമല്ല അല്ലെ? അല്ലെങ്കിലും എനിക്ക് ഇതുതന്നെ വേണം! ദാഹിചിരിക്കുകയല്ലേ? പാവങ്ങള്‍ കുറച്ച്‌ വെള്ളം കുടിച്ചോട്ടെ എന്ന് വിചാരിച്ചു മെസ്സില്‍ നിന്ന് വെള്ളവുമെടുത്തു അത് ഒട്ടും പുറത്തുകളയാതെ. ആത്മാര്‍ഥമായി കൊണ്ടുവന്ന ഞങ്ങള്‍ കുറച്ച്‌ പേര്‍ മണ്ടന്മാര്‍ അല്ലെ? മനസ്സിലായെടാ! ഇനി നീ നിനക്ക് വെള്ളം ആവശ്യം വരുമ്പോ ചോദിക്കും അപ്പൊ എന്‍റെ കയ്യില്‍ ഉണ്ടാവില്ല... അപ്പൊ നീ അനുഭവിക്കും!" ഒരു ഇളിഭ്യതയോടുകൂടി ഇത് പറഞ്ഞു തീര്‍ത്തപ്പോ അഭ്യര്‍ഥനയുമായി നിന്നിരുന്ന ആ സഹമുറിയന്റെ കണ്ണില്‍നിന്നു വെള്ളം വന്നിരുന്നു! അതെ, അമിതമായി ചിരിച്ചാലും കണ്ണില്‍ നിന്ന് വെള്ളം വരും എന്ന കാര്യം ഞാന്‍ അതിലൂടെ മനസ്സിലാക്കുകയായിരുന്നു!! ചിരിച്ചു ചിരിച്ചു ഇനിയും തുടര്‍ന്നാല്‍ ശ്വാസം കിട്ടാതെ മരിച്ചുപ്പോകും എന്ന് സംശയം തോന്നിത്തുടങ്ങിയ നേരത്ത്! ഞാന്‍ തുടര്‍ന്നു "എന്തായാലും എന്നെ അവന്‍ ചതിച്ചു... ഈ ഗ്ലാസിലെ വെള്ളം അവനു തന്നെ ഇരിക്കട്ടെ!". പറഞ്ഞു തീര്‍ന്നതും എന്‍റെ കയ്യില്‍ ഉള്ള കാളി ഗ്ലാസ്‌ ഞാന്‍ അവന്റെ നേര്‍ക്ക്‌ എറിഞ്ഞു! 

ഇന്നിപ്പോ അതോര്‍ക്കുമ്പോള്‍ സെയ്ന്റ് ഗോബൈന്‍ ഗ്ലാസ്സിന്റെ പരസ്യത്തില്‍ ഗ്ലാസ്‌ ക്ലീന്‍ ചെയ്യാന്‍ വരുന്ന ഒരു ക്ലീനരുടെ  റോള്‍ ചെയ്ത പോലെ ആയിരുന്നു അന്നത്തെ കാഴ്ച.  വെള്ളവും പ്രതീക്ഷിച്ചു നിന്നിരുന്ന അവന്‍ പകുതി നനഞ്ഞു എന്ന് തോന്നിപ്പിക്കും വിധം ആയിരുന്നു പ്രതികരണം! എന്തായാലും അവന്‍ ചിരിചുചിരിച്ചു മരിക്കാതെ നോക്കാന്‍ കഴിയുകയും ബാക്കി ഉള്ളവരുടെ വളിഞ്ഞ ചിരി അട്ടഹാസം ആയി  മാറാനും ഈ സംഭവം വഴിതെളിച്ചു!

സാരം: പാരവെപ്പ് ആരുടേയും കുത്തകയല്ല!

സത്യസന്ധന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ