2010, ഡിസംബർ 10, വെള്ളിയാഴ്‌ച

പരീക്ഷപ്പേടി

വളരെ കാലങ്ങള്‍ക്ക് മുമ്പ് പേടിച്ചു വിറച്ചു ഒരു കണക്കു പരീക്ഷ എഴുതിയത് ഞാന്‍ ഇന്നും ഓര്‍കുന്നു. എട്ടാം ക്ലാസ്സിലെ കണക്കു പരീക്ഷ!! ന്യൂതന പഠന രീതിയിലെ ആദ്യത്തെ പരീക്ഷക്ക് ഒരു ആലില പോലെ വിരച്ചതും കുപ്പായം നനയും വരെ വിയര്‍ത്തതും എനിക്ക് ഓര്‍മയുണ്ട്. പക്ഷെ കുറച്ചു കാലങ്ങള്‍ക്ക് ശേഷം ഞാന്‍ തിരിച്ചറിഞ്ഞു "ഇങ്ങനെയൊന്നുമല്ല പരീക്ഷ എഴുതേണ്ടത്! എഴുതുമ്പോള്‍ ആസ്വദിച്ചുകൊണ്ട്‌ എഴുതണം ഇല്ലെങ്കില്‍ ക്രിയാത്മക രചനകള്‍ പുറത്തു വരില്ല!". അത്തരത്തില്‍ ഒരു പരീക്ഷയുടെ കഥയാണ് ഇന്നത്തെ സ്പെഷ്യല്‍.

പരീക്ഷയുടെ അന്ന് കിടക്കയില്‍ നിന്ന് എഴുന്നേറ്റ ഉടനെ ഞാന്‍ നോക്കിയത് വാച്ചിലേക്ക് ! സമയം 8 മണി കഴിഞ്ഞിരിക്കുന്നു. ഇന്ന് പരീക്ഷയാണ്‌ ! അതും അക്കൌണ്ടന്‍സി ! എഴുതണോ വേണ്ടയോ? എഴുതണോ വേണ്ടയോ? ഈ സംശയം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. തോറ്റാലും  വേണ്ടില്ല, എഴുതുക തന്നെ! ഞാന്‍ തീരുമാനിച്ചു. പെട്ടന്ന് തന്നെ കുളിച്ചു കുട്ടപ്പനായി കോളെജിലേക്ക് പോയി.

വളരെ വൈകി ക്ലാസ്സില്‍ കയറിയ എനിക്ക് പക്ഷെ ഒരു കാര്യം പിടികിട്ടി! ക്ലാസ്സിലെ ഫസ്റ്റ് ലെവല്‍ 'കോപ്പിയടി  വീരന്മാര്‍' അവസാന വരി  കയ്യടക്കികഴിഞ്ഞിരിക്കുന്നു. ലാസ്റ്റ് ബെഞ്ചില്‍ ആയിരുന്നെങ്കില്‍ കോപ്പി അടിക്കാന്‍ ഒരു കോണ്ഫിടെന്‍സ് വന്നേനെ! പോട്ടെ! ഞാന്‍ പതുക്കെ അവരുടെ തൊട്ടു മുമ്പിലത്തെ വരിയില്‍ ഇരുപ്പുറപ്പിച്ചു! അപ്പോള്‍ ഒരു പെണ്‍കുട്ടി വന്നു ചോദിച്ചു 'പ്ലീസ്, ഞാന്‍ നിന്റെ സീറ്റില്‍ ഇരുന്നോട്ടെ? നീ എന്തായാലും കോപ്പി അടിക്കില്ലല്ലോ?'. ഒരു പെണ്‍കുട്ടിയാണ് ചോദിച്ചത് എന്നുള്ളതുകൊണ്ട് മാത്രം ഞാന്‍ മാറി മുമ്പിലത്തെ സീറ്റില്‍ ഇരുന്നു. പിന്നെ വൈകിയില്ല.. എല്ലാവര്ക്കും എന്‍റെ സീറ്റ്‌ മതി!! ഇരുന്നും എഴുന്നേറ്റും വീണ്ടും ഇരുന്നും എഴുന്നേറ്റും ആ സീടിലെയൊക്കെ പൊടി എന്‍റെ പാന്റ്സില്‍ ആക്കുക എന്നാ ഒരു ഗുണം കൂടി ചെയ്തുകൊടുക്കുകയാണ്‌ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ പിന്നെ വേറെ ഒന്നും നോക്കിയില്ല. നേരെ പോയി ഫസ്റ്റ് ബെഞ്ചില്‍ ഇരുന്നു. ഇനിയിപ്പോ ഈ സീറിനു ആര് വരും എന്നൊന്ന് അറിയണമല്ലോ?

അല്ലെങ്കിലും വെറുതെ ഓരോന്ന് പറയും എന്നല്ലാതെ ഞാന്‍ ഇതുവരെ 'കോപി അടിച്ചിട്ടേ ഇല്ല'! പിന്നെ വെറുതെ എന്തിനു ബാക്കി ഉള്ളവരുടെ ചാന്‍സ്  കളയണം? അവര്‍ എഴുതിക്കോട്ടെ! ഞാന്‍ സമാധാനിച്ചു! അപ്പോഴാണ്‌ ഒരുത്തന്റെ എന്‍ട്രി, രാജപ്പന്‍!
 "നീ ഒരു പടിപിസ്റ്റ് ആണ് എന്ന് എനിക്കറിയാം. എന്തെങ്കിലും ഒന്ന് കാണിച്ചു തരണം! ഞാന്‍ നിന്റെ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നുണ്ട്‌. ഒന്ന് പാസായിക്കൊട്ടെടാ പ്ലീസ് !"  അവന്റെ അഭ്യര്‍ഥന!
"രാജപ്പാ, നീ എന്നെ പ്രതീക്ഷിച്ചു ഇരിക്കണ്ട. ഞാന്‍ എന്തെഴുതും എന്ന് എനിക്ക് തന്നെ ഒരു പിടിയും ഇല്ല." ഞാന്‍ പറഞ്ഞു.
" നീ നിന്റെ പേപ്പര്‍ എനിക്ക് ചെരിച്ചു കാണിച്ച മതി! ബാക്കി ഒക്കെ ഞാന്‍ നോക്കിക്കൊള്ളാം!" അവന്‍ പറഞ്ഞു.  ഈ പടിപിസ്റ്റ് എന്ന പേര് ഒരിക്കല്‍ കിട്ടിയ പിന്നെ തേച്ചാലും മായ്ച്ചാലും പോകില്ല!! അവന്റെ കാര്യം പോക്കായി!! പക്ഷെ, തോല്‍ക്കുമ്പോള്‍ അവനും കൂടെ ഉണ്ടാവും! സമാധാനം!! 

മണിയടിച്ചു! പരീക്ഷ തുടങ്ങി! ചോദ്യകടലാസ് കണ്ട ഞാന്‍ ഞെട്ടിപ്പോയി ! ഞാന്‍ ആറു മാസം കൊണ്ട് എഴുതിയുണ്ടാക്കിയ നോട്ട് ബുക്ക്‌ വരെ ഇത്ര അധികം ഉണ്ടാവും എന്ന് തോന്നുന്നില്ല.! ഒന്ന് വായിക്കാന്‍ പോലും ബുദ്ധിമുട്ടാതെ അനന്തതയിലേക്ക് കണ്ണും നട്ട് ഇരുപ്പു തുടര്‍ന്നു. അപ്പോഴാണ് വേറെ ഒരു കാര്യം ശ്രദ്ധിച്ചത്.  എന്‍റെ ഒരു സഹമുറിയന്‍ എന്‍റെ തൊട്ടു അടുത്ത് ഇരുന്ന്‌ എന്‍റെ അതേ അവസ്ഥയില്‍ ഇരിപ്പാണ്. ഞങ്ങളുടെ അവസ്ഥ ഓര്‍ത്ത് രണ്ടു പേരും പൊരിഞ്ഞ ഇളി തുടങ്ങി!! പരീക്ഷയാണ് പോലും പരീക്ഷ!! തിയറി ചോദിച്ചിരുന്നെങ്കില്‍ ക്രിയാത്മക രചനയ്ക്ക് വകുപ്പുണ്ടായിരുന്നു!! അതില്‍ പോലും ആകെ 2 ചോദ്യങ്ങള്‍ മാത്രം! യഥാര്‍ഥ പഠിപ്പിസ്റ്റുകള്‍ കുറച്ചു പേര്‍ ദുഷ്പ്പെരുണ്ടാക്കാനായിട്ടു  എഴുത്തോട്‌ എഴുത്ത് തന്നെ. ബാക്കി ആരും പെന്‍ തൊട്ടിട്ടില്ല.. അല്ലെങ്കിലും എനിക്ക് പണ്ടേ ഭൂരിപക്ഷത്തിന്റെ കൂടെ നില്ക്കുന്നതാ ഇഷ്ട്ടം!

ഒരു അര മണിക്കൂര്‍ കഴിഞ്ഞു! പേരും നമ്പരും അല്ലാതെ ഒന്നും പേപ്പറില്‍ ഇല്ല. ക്ഷമ കേട്ട എന്‍റെ സഹമുറിയന്‍ എന്നോട് പോക്കറ്റില്‍ ഇരിക്കുന്ന കാല്‍കുലേറ്റര്‍ പുറത്തെടുക്കാന്‍ ആവശ്യപ്പെട്ടു.  കാല്‍കുലേറ്റര്‍ ഒരുപാട് ആവശ്യം വരാന്‍  സാധ്യത ഉള്ള ഞാന്‍ വരെ അതിന്റെ കാര്യം മറന്നു പോയിരുന്നു! അവനെന്തിനാ കാല്‍കുലേറ്റര്‍?  സമയം കളയാന്‍ അല്ലതെന്താ? പലതരം ഗണിത ക്രിയകള്‍ ഞങ്ങള്‍ പരസ്പ്പരം പങ്കു വച്ചു, ചോദ്യക്കടലാസില്‍ 1 മുതല്‍ 20 വരെയുള്ള സംഖ്യകളുടെ പെരുക്കപ്പട്ടിക ഉണ്ടാക്കി! . ഒടുക്കം അമിതമായ കണക്കു പഠനം മതിയായപ്പോള്‍, 'പൂജ്യം വെട്ടിക്കളി', 'കള്ളനും പോലീസും' തുടങ്ങിയ പ്രാചീനകാല കലാപരിപാടികളിലേക്ക് ഞങ്ങള്‍ തിരിഞ്ഞു! പരീക്ഷ ആണെന്ന കാര്യം  വരെ മറന്ന നേരത്താണ് ബെഞ്ചിനു ഒരു കുലുക്കം ഞാന്‍ ശ്രദ്ധിച്ചത്! രാജപ്പനാണ് , അവനു കോപ്പി അടിക്കണം പോലും! വളരെ സീരിയസ് ആയി ഇവിടെ ഒരു കളി കളിക്കുമ്പോഴാണ് അവന്റെ ഒരു കോപ്പി അടി! ... വേഗം ഒന്നും എഴുതാത്ത പേപ്പര്‍ അവനു കാണിച്ചു കൊടുത്തു. അവന്‍ നിഷ്ക്കളങ്കമായി ഇളിച്ചു! അല്ലാതെന്തു ചെയ്യാന്‍? ഞാന്‍ മുന്‍‌കൂര്‍ ജാമ്യം എടുത്തിരുന്നല്ലോ?

ചിലര്‍ ഉറക്കത്തില്‍ ആയിരുന്നു.. ചിലര്‍ ചിന്തയിലായിരുന്നു..വളരെ ചുരുക്കം ചിലര്‍ ആത്മാര്‍ഥമായി പരീക്ഷ എഴുതുന്നുണ്ടായിരുന്നു. കളിയും തമാശയും ഒക്കെ കഴിഞ്ഞപ്പോള്‍ മണിക്കൂര്‍ ഒന്ന് കഴിഞ്ഞിരുന്നു.. എന്തെങ്കിലും എഴുതികൂട്ടുക തന്നെ. അല്ലെങ്കില്‍ ക്ലാസ്സില്‍ മൊത്തത്തില്‍ നാറിപ്പോവും. എഴുത്ത് തുടങ്ങി. ആദ്യം ഒറ്റ വാക്കില്‍  ഉത്തരം എഴുതുക അതും ബ്രാക്കറ്റില്‍ നിന്ന് തിരഞ്ഞെടുക്കാം! പരിചയമുള്ള വാക്ക് കണ്ടാല്‍ ഉടനെ എഴുതുക അത് തന്നെ പോളിസി! നോക്കിവന്നപ്പോ പരിചയമുള്ള വാക്കുകള്‍ ഭൂരിഭാഗവും ആദ്യത്തെ ഓപ്ഷന്‍ തന്നെ.... അതൊരു രസം ഇല്ല! 1-2-3-3-2-1-1-2-3-1 ഇങ്ങനെ ഒരു കറക്കിക്കുത്ത് അങ്ങ് നടത്തി ! അഥവാ ബിരിയാണി കിട്ടിയാലോ?

പിന്നെ തിയറി! ഒരു വാചകം ഒരേ അര്‍ഥം വരുന്ന തരത്തില്‍ എത്ര തവണ മാറ്റി എഴുതാം എന്ന കാര്യത്തെ കുറിച്ച് ഒരു പഠനം തന്നെ തയ്യാറാക്കാം! ഒരു 6 തവണയെങ്കിലും മിനിമം എഴുതാം.. അതൊരു പാരഗ്രാഫ് ! അങ്ങനെ രണ്ടു സൈഡ് തീര്‍ന്നപ്പോള്‍ ഞാന്‍ പതുക്കെ എഴുന്നേറ്റു! എന്നിട്ട് പറഞ്ഞു "ടീച്ചര്‍, പേപ്പര്‍!" . പലരും ഞെട്ടിപ്പോയി! "അമ്പട വില്ലാ!! നീ  പുലി തന്നെ!" എന്ന ഭാവം എനിക്ക് പലരുടെയും മുഖത്ത് കാണാമായിരുന്നു. ഒരു സാഹസികമായ കാര്യം ചെയ്ത മട്ടില്‍ അഭിമാനത്തോടെ ഇരുന്നതിനു ശേഷം ഞാന്‍ ആ പേപ്പര്‍ എടുത്തു ഒന്ന് നോക്കി. അതില്‍ ഒന്നായിരുന്നില്ല രണ്ടു പേപ്പര്‍ ഉണ്ടായിരുന്നു. എത്ര കഷ്ട്ടപ്പെട്ടിട്ടാണ് ഒരു എക്സ്ട്രാ ഷീറ്റ് എടുത്തത്‌ എന്ന് എനിക്ക് തന്നെ അറിയില്ല. അപ്പോഴാണ്‌ 2 എണ്ണം! എന്തെങ്കിലും ആവട്ടെ!! അങ്ങനെ അങ്ങ് വച്ചു. എഴുത്ത് തുടര്‍ന്നു! ഇനി എന്ത് എഴുതും? രണ്ടാമത്തെ തിയറി ചോദ്യവും ആദ്യത്തെ പോളിസി വച്ചു തന്നെ അടിച്ചുവിട്ടു!അല്ലെങ്കിലും, ഇത്തരത്തില്‍ പരീക്ഷ എഴുതിയവര്‍ക്ക് ക്രിയാത്മക രചനയില്‍ കഴിവില്ലാതിരുന്നെങ്കില്‍ മാത്രമേ അത്ഭുതമുള്ളൂ ! 2 പേപ്പര്‍ തീരുകയും വേണം!!ക്ഷമിക്കണം, എങ്ങനെയെങ്കിലും എത്തിക്കുകയും വേണം! അഭിമാനപ്രശ്നം ആവരുതല്ലോ? മേടിച്ച പേപ്പര്‍ തിരിച്ചു കൊടുക്കുക മോശപ്പെട്ട കാര്യമാണ്. വേണമെങ്കില്‍  അടിച്ചുമാറ്റി അടുത്ത പരീക്ഷയ്ക്ക് ബിറ്റ് വയ്ക്കാന്‍ എടുക്കാം എന്നല്ലാതെ തിരിച്ചു കൊടുക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ഓ പിന്നെ? ബിറ്റ് വയ്ക്കുന്ന നേരം പഠിച്ചിരുന്നെങ്കില്‍  ഇതിലും ബെസ്റ്റ് ആയിട്ട് പരീക്ഷ എഴുതാമായിരുന്നു!!

ഇനിയുള്ള പ്രോബ്ലം പ്രോബ്ലെംസ് തന്നെ ആയിരുന്നു! കുറെ കളങ്ങള്‍ വരച്ചു വച്ചു. കുറെ എന്തൊക്കെയോ കുത്തിക്കുറിച്ചു. ഒടുക്കം മനസ്സിലാവാത്ത രീതിയില്‍ കുറെ എന്ട്രീസും. അതിനിടയില്‍ ടീച്ചറുടെ ചില വികൃതികള്‍. അവസാനത്തെ അര മണിക്കൂറില്‍ ഓരോ അഞ്ചു മിനുടിനും അലാറം വച്ച പോലെ "ദേ! ഇപ്പൊ തീരും! ഇപ്പൊ തീരും!" എന്നുള്ള ഭീഷണിയും! പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്കും വീട്ടില്‍ പോകാന്‍ ആഗ്രഹം കാണുമല്ലോ? എന്തായാലും കൃത്യ സമയത്ത് പരിപാടി തീര്‍ത്തു പുറത്തിറങ്ങി! 10 മിനുടിന്റെ പരിപാടിക്ക് 2 മണിക്കൂര്‍ കഷ്ട്ടപ്പെട്ടു എന്ന ഒരു നഷ്ട്ടം മാത്രം!

ദിവസങ്ങള്‍ കടന്നു പോയി! ഒടുവില്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്ന ഒറ്റ ദിവസവും പേപ്പര്‍ തരാതെ പെട്ടന്നൊരു ദിവസം പേപ്പറും കൊണ്ട് ടീച്ചര്‍ ക്ലാസ്സില്‍ വന്നു. പേപ്പര്‍ കൊടുക്കാന്‍ തുടങ്ങി! എനിക്ക് ചെറിയ ടെന്‍ഷന്‍! എന്തിനാ? അറിയില്ല!! അല്ല, ഇനിയിപ്പോ പാസ്‌ ആവുമോ? ഹേ, സാധ്യതയെ ഇല്ല! എന്‍റെ നമ്പര്‍ വിളിച്ചുകൊണ്ടു ടീച്ചര്‍ എന്‍റെ മുഖത്തേക്ക് ഒരു തറപ്പിച്ചു നോട്ടം! ഒരു കാര്യം ഉറപ്പിച്ചു! "മാനം പോയി മോനെ!!" പരുങ്ങി പരുങ്ങി  അടുത്ത് ചെന്നു.

"നീ എന്താ ഇതില്‍ കാണിച്ചു വച്ചിരിക്കുന്നത്?"ടീച്ചര്‍ ചോദിച്ചു!
"അത്! അത്! " ഞാന്‍ കിടന്നുരുണ്ടു!
'തലവേദന ആയിരുന്നു എന്ന് കാച്ചിയാലോ?' ഞാന്‍ ചിന്തിച്ചു! പക്ഷെ ഒരുപാട് പഴകിയ നമ്പര്‍ ആണ് എന്ന് എനിക്ക് വരെ തോന്നിയതോണ്ട് ആ പദ്ധതി ഉപേക്ഷിച്ചു!
"ഒരു പ്രോബ്ലെവും നേരെ എഴുതിയിട്ടില്ല!" ടീച്ചറുടെ കണ്ടുപിടിത്തം!
'നേരെ എഴുതിയിട്ടില്ല! അതിനര്‍ഥം കുറച്ച്‌ എഴുതിയിട്ടുണ്ട് എന്നല്ലേ? ഈശ്വരാ!! ബിരിയാണി കിട്ടിയോ? ' കുറച്ച്‌ നേരത്തെ മൌനം!
"ഇനി  ഇങ്ങനെയൊക്കെ എഴുതിയിട്ട് വന്നാ എന്‍റെ സ്വഭാവം മാറും!" ടീച്ചറുടെ ഭീഷണി!
"തിയറിക്ക് 2 മാര്‍ക്ക്‌ എക്സ്ട്ര തന്നതോണ്ട് മാത്രം നീ പാസ് ആയി!"
"എന്ത്?" ഡ്രൈവിംഗ് അറിയാത്തവന്‍ ഷൂമാക്കറെ തോല്‍പ്പിച്ചു എന്ന് കേട്ട പോലെയായിരുന്നു അപ്പോഴത്തെ എന്‍റെ അവസ്ഥ! പാസ് ആയെന്നോ!! അതും ഞാന്‍! പഠിച്ചിരുന്നെങ്കില്‍ വേസ്റ്റ് ആയിപ്പോയേനെ!!

ഞാന്‍ ഭാവത്തില്‍ മാറ്റമൊന്നും വരുത്തിയില്ല! 'ഫുള്‍ മാര്‍ക്ക്‌ പ്രതീക്ഷിച്ചതായിരുന്നു! ചെറിയ തെറ്റുകള്‍ കൊണ്ട് കുറച്ച്‌ കുറഞ്ഞു പോയി'  എന്ന മട്ടില്‍ അവിടെ വച്ചു തന്നെ ആ പേപ്പര്‍ ഫുള്‍ അരിച്ചു പെറുക്കി. ടീച്ചറുടെ മുന്നില്‍ വളരെ വിഷമത്തോടെ നിന്നിരുന്ന ഞാന്‍ തിരിഞ്ഞു നിന്ന് ആര്‍ത്തു ചിരിച്ചു! ആഹ്ലാദഭരിതനായി മുന്നോട്ടു നടന്ന എന്‍റെ കണ്ണുകള്‍ രാജപ്പന്റെ മുഖത്ത് ചെന്നുടക്കി! ' എടാ തെണ്ടി! നിനക്ക് എന്നെക്കൂടെ ഒന്ന് പാസ്‌ ആക്കിച്ചു താരമായിരുന്നു' എന്നൊരു ഭാവം അവന്റെ നിഷ്ക്കളങ്കമായ മുഖത്ത് ഉണ്ടായിരുന്നു! 

                                                                 ശുഭം

സാരം: പരീക്ഷയെ ഒരിക്കലും പേടിക്കരുത്! പിന്നെ ഈ പോസ്റ്റിന്റെ പേര് എന്താ ഇങ്ങനെ? ചിലത് ഇങ്ങനെ ആണ്. പേടിക്കാന്‍ ഒന്നും ഉണ്ടാവില്ല പക്ഷെ '.ചിരിച്ചുകൊണ്ട് തലവെട്ടുക' എന്ന് പറയുന്ന പോലെ ചിലര്‍ നമ്മളെ ജയിപ്പിച്ചു തോല്‍പ്പിക്കും. അവരെ പേടിക്കണം! 

സത്യസന്ധന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ