2011, നവംബർ 7, തിങ്കളാഴ്‌ച

തിരുമണ്ടന്മാര്‍

ഒരിക്കല്‍ ഒരു രാജാവ്‌ ഒരുപാട് പണം ചിലവാക്കി 'ബുദ്ധിയുള്ളവര്‍ക്ക് മാത്രം കാണാവുന്ന വസ്ത്രം തൈപ്പിച്ചു'. തയ്യല്‍ക്കാരന്‍ വസ്ത്രം കൊണ്ടുവന്നു. പക്ഷെ, രാജാവിന്‌ അത് കാണാന്‍ സാധിച്ചില്ല. രാജാവ്‌ അത് പുറത്തു പറഞ്ഞില്ല പകരം കാണുന്നതായി അഭിനയിച്ചു. ആ പുതിയ സാങ്കല്‍പ്പിക വസ്ത്രം ധരിച്ചു എന്ന്‍ അഭിനയിച്ചുകൊണ്ട് രാജാവ്‌ രാജ്യം മുഴുവന്‍ ഒരു യാത്ര തന്നെ നടത്തി. സത്യം ആരും അറിഞ്ഞില്ല. എല്ലാവരും വസ്ത്രം കാണുന്നുണ്ട് എന്നഭിനയിച്ചു. ഒടുക്കം ഒരു ചെറിയ കുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു "രാജാവ്‌ വിവസ്ത്രന്‍ ആണേ!!". 

ഇത് പഴയ കഥ...കാലം മാറി...കഥയും കഥാപാത്രങ്ങളും മാറി.. പുതിയ യുഗത്തില്‍ ഒരു പണ്ഡിറ്റ്‌ജി സിനിമ പിടിച്ചു. പാട്ടുകള്‍ ഇറങ്ങിയപ്പോള്‍ തന്നെ തെറിയുടെ പുതിയ നിഖണ്ടുക്കള്‍ തന്നെ പുറത്തിറങ്ങി... കാഴ്ചക്കാര്‍  ആവട്ടെ തെറി വിളിക്കുന്നതില്‍ അവരുടെ കഴിവും അറിവും പ്രകടിപ്പിക്കാന്‍ വേണ്ടി മത്സരിച്ചു.  വെറും മത്സരമായിരുന്നില്ല അത് പണ്ഡിറ്റ്‌ജിക്ക് ലക്ഷങ്ങള്‍ സമ്പാദ്യവും ഉണ്ടാക്കി കൊടുക്കാന്‍ കാഴ്ചക്കാര്‍ക്ക് കഴിഞ്ഞു. രാജ്യത്ത്‌ എവിടെയും പണ്ഡിറ്റ്‌ജിയെ കുറിച്ച് സംവാദങ്ങള്‍ നടന്നു. ഒടുക്കം ആരാധകരുടെ ശല്യം സഹിക്കാന്‍ വയ്യാതെ പണ്ഡിറ്റ്‌ജി  സിനിമ പുറത്തിറക്കി. പ്രതീക്ഷകള്‍ തെറ്റിയില്ല. കഴിവു തെളിയിച്ചവരും തെളിയിക്കാന്‍ ആഗ്രഹിച്ചവരും തിയറ്ററില്‍ ഇരച്ചു കയറി. സിനിമ സൂപ്പര്‍ ഹിറ്റ്‌!! പണ്ടത്തെ കഥയില്‍ രാജാവ്‌ മണ്ടന്‍ ആയപ്പോള്‍, ഇത്തവണ പ്രജകള്‍ മണ്ടന്മാര്‍ ആയി. പക്ഷെ ക്ലൈമാക്സ്‌ സീന്‍ മാത്രം ഇതുവരെയും നടന്നു കാണുന്നില്ല. തെറ്റ് തിരുത്താന്‍ കഴിയാതെ പ്രജകള്‍ ഇപ്പോഴും നഗ്നരായി നടക്കുന്നു....

ബഹുമാനപ്പെട്ട പണ്ഡിറ്റ്‌ജി ....അങ്ങയെ ഞാന്‍ ഒരിക്കലും ബഹുമാനിക്കുന്നില്ല...പക്ഷെ, അങ്ങയുടെ ഫാന്‍സ്‌ എന്റെ ജീവനെടുക്കുമോ എന്നാ സംശയം കൊണ്ട് മാത്രം ഞാന്‍ അത് ചെയ്യുന്നു. ഇത്രയധികം സിനിമകള്‍ ഇറങ്ങുകയും കാണുകയും ചെയ്യുന്ന മലയാള മണ്ണില്‍ ജനിച്ച അങ്ങേയ്ക്ക് സ്വന്തം സിനിമയുടെ നിലവാരം മനസ്സിലാവാതിരിക്കാന്‍ മാത്രം വിവേകമില്ല എന്ന് വിശ്വസിക്കാന്‍ യാതൊരു നിവര്‍ത്തിയും ഇല്ലാത്ത അവസ്ഥയില്‍  നിന്നുകൊണ്ട് തന്നെ പറയട്ടെ. ഇന്നും അങ്ങ് അങ്ങയുടെ ഫാന്സില്‍ വിശ്വാസം അര്‍പ്പിക്കുന്നുവെങ്കില്‍ അതു കപടമായ ഒരു പ്രഹസനം മാത്രമാണ് എന്ന്‍ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സിനിമ എന്ന മാധ്യമം അങ്ങയുടെ സിനിമയിലൂടെയാണ് 'പൊട്ടിമുളച്ചതെങ്കില്‍ ' അങ്ങനെയൊരു മാധ്യമം തന്നെ ഇല്ലതയിപ്പോയേനെ. അത്രയും നിലവാരമില്ലായ്മ ഞാന്‍ അങ്ങയുടെ സിനിമ പരസ്യത്തില്‍ തന്നെ കാണുന്നു(സിനിമ കണ്ടിട്ടേ പ്രതികരിക്കാവൂ എന്ന് എന്ന് പറയരുത്. ക്ലിന്റ് ഈസ്റ്റ്‌വുഡ്, കമല്‍ ഹാസന്‍, ശ്രീനിവാസന്‍ തുടങ്ങിയ ചില സിനിമാക്കാരുടെ പേരുകള്‍ എനിക്ക് അറിയാം എന്ന സ്ഥിതിക്ക്‌ അങ്ങയുടെ സിനിമ കാണാനുള്ള ക്ഷമ എനിക്കുണ്ടാവും എന്ന് വിശ്വസിക്കാന്‍ നിവര്‍ത്തിയില്ലാതെ പോയി.) പക്ഷെ, അങ്ങയുടെ സിനിമയെ പരിഹാസത്തോടെ അല്ലാതെ ആരെങ്കിലും കാണുന്നുണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. തോന്നാന്‍ യാതൊരു കാരണവും ഇല്ല എന്നുള്ളതാണ് സത്യം. ഇത്രയും തെറി കേട്ടിട്ടുള്ള അങ്ങേയ്ക്ക്, എന്റെ ഈ പോസ്റ്റ്‌ വെറും പുല്ലാണ് എന്നെനിക്കറിയാം. ഒരാളെ അയാളുടെ കഴിവുകേടുകള്‍ പ്രശംസിച്ചു പരിഹാസപാത്രമാക്കാന്‍ എന്റെ യുക്തിക്കോ ബുദ്ധിക്കോ കഴിയില്ല എന്ന ഒരേ ഒരു കാരണം കൊണ്ട് മാത്രം ഞാന്‍ ഇത്രയും പറയുന്നു. നൂറു കോടി കിട്ടിയാലും പൊതുജനമധ്യത്തില്‍ അങ്ങയെപ്പോലെ പരിഹാസപാത്രമാവാന്‍ ഞാന്‍ തയ്യാറല്ല, അങ്ങേയ്ക്കും അങ്ങനെ ഒരു വികാരം ഉണ്ടാവാന്‍ സാധ്യത ഇല്ലേ? 

അങ്ങ് ഒരു ബുദ്ധിമാന്‍ ആണ് എന്ന് ചിന്തിക്കാന്‍ എനിക്ക് ഒരു ബുധിമുട്ടുമുണ്ടായിട്ടല്ല, പക്ഷെ അങ്ങയുടെ പ്രവര്‍ത്തിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്  അങ്ങേയ്ക്ക് ഒരു മാര്‍ക്കറ്റ്‌ കൊമ്പട്ടിഷന്‍ ഉണ്ടാക്കരുത് എന്ന ഒരേ ഒരു ഉദ്ദേശം കൊണ്ട് മാത്രം ഇത്രയും പറഞ്ഞു നിര്ത്തുന്നു. 


കേരളജനതയുടെ മണ്ടത്തരത്തിന് ഒരിക്കല്‍ കൂടെ നന്ദി പറഞ്ഞുകൊണ്ട്

സത്യസന്ധന്‍