2012, ഏപ്രിൽ 22, ഞായറാഴ്‌ച

കാണാതെ പോയ ഗോട്ടി...

പണ്ടൊക്കെ ഉത്സവങ്ങള്‍ക്കും പൂരങ്ങള്‍ക്കും ഒക്കെ ഉള്ള ഒരു പ്രധാന 'അട്രാക്ഷന്‍' ഉത്സവ പറമ്പിലെ കളിപ്പാട്ടങ്ങള്‍ ആയിരുന്നു. കൊട്ടും ആനയും ഒന്നും ഒരു പ്രശ്നമേ അല്ല. പോകണം.. പോട്ടാസും തോക്കും വാങ്ങണം..കുറച്ചു അലുവ വാങ്ങണം...കഴിഞ്ഞു!!! പൂരം കാണാതെ പോട്ടസും ഐസും വാങ്ങി തിരിച്ചു വീട്ടിലെത്തിയ ചരിത്രം വരെ എനിക്കുണ്ട്! ഒരു പത്തു പന്ത്രണ്ടു വര്‍ഷം മുന്‍പായിരിക്കണം.. ഏതോ ഒരു പള്ളിപ്പെരുന്നാളിന്, സ്ഥിരം ഐറ്റം ആയ പോട്ടസും തോക്കും ഉപേക്ഷിച്ചു ഒരു പുതിയ ഐറ്റം വാങ്ങി. 32 ഗോട്ടികളും 33 കുഴികളും ഉള്ള ഒരു പ്ലാസ്റ്റിക്‌ ബോര്‍ഡ്‌!!.... അതായിരുന്നു സാധനം! അടുത്തടുത്ത്‌ ഇരിക്കുന്ന ഗോട്ടികളില്‍ ഒരെണ്ണം എടുത്തു അടുത്തതിന്റെ മുകളിലൂടെ ഒഴിഞ്ഞു കിടക്കുന്ന കുഴിയില്‍ ഇട്ടാല്‍, ഒരെണ്ണം എടുത്ത് പുറത്തേക്ക് ഇടാം. സംഗതി നല്ല രസമുള്ള കളിയായിരുന്നു. പത്ത്, അഞ്ച്, നാല്, മൂന്ന്‍..... അങ്ങനെയങ്ങനെ റെക്കോര്‍ഡ്‌ ഭേദിച്ചു ഭേദിച്ച്‌ ഒടുക്കം കളി ഞങ്ങള്‍ (ഞാനും എന്റെ അനിയനും) ജയിച്ചു. അച്ഛനെ കാണിച്ചു, അമ്മയെ കാണിച്ചു, മുത്തച്ച്ചനെ കാണിച്ചു, അയലത്തെ പയ്യന്മാരെ കാണിച്ചു, വഴിയില്‍ പോകുന്നവരെ വിളിച്ചു വരുത്തി കാണിച്ചു..ഒടുക്കം എന്ത് ചെയ്താലും ആ കളി ജയിക്കും എന്നാ നിലയില്‍ എത്തി. 

പോട്ടാസും തോക്കും പോലെയല്ല! ഒരിക്കല്‍ ആ കളിയുടെ ത്രില്ലു പോയാല്‍, കള്ളനും പോലീസും പോലും കളിയ്ക്കാന്‍ പറ്റില്ല. കളി ഞങ്ങള്‍ക്ക്‌ ബോറടി ആയി എന്നുള്ളതായിരുന്നു ഒരു സത്യം. അന്നും ചില ക്രിആത്മക ചിന്തകള്‍ ഉടലെടുക്കുന്നത് ഈ ബോറടിയിലൂടെ ആയിരുന്നു. കളിയുടെ നിയമങ്ങള്‍ മാറ്റി പലതും ഞങ്ങള്‍ ശ്രമിച്ചു. ഒടുക്കം അതും വെറും ബോറടി ആയി. കുറച്ചും കൂടെ കഴിഞ്ഞപ്പോള്‍, കളി കളരിക്കു പുറത്തേക്ക് കടന്നു. ഗോട്ടി എടുത്ത് കളിയ്ക്കാന്‍ തുടങ്ങി. ഉരുട്ടി കളിക്കുക, എറിഞ്ഞു കളിക്കുക, തുടങ്ങിയ അക്രമങ്ങളിലേക്ക് അതു പരിണമിച്ചു. ഒരു ദിവസം ഞങ്ങള്‍ വ്യതസ്തമായ ഒരു കളി കണ്ടുപിടിച്ചു. ഒരു  മുറിയില്‍ ആ മുപ്പത്തിരണ്ട് ഗോട്ടികളും ഉരുട്ടി വിടുക. കിട്ടുന്ന ഗോട്ടിയൊക്കെ എടുത്ത് അടുത്തവന്റെ നേര്‍ക്ക്‌ എറിയുക. കളി തുടങ്ങി, മൂന്നോ നാലോ മോശമല്ലാത്ത ഏറുകൊണ്ട് ഇരിക്കുമ്പോഴാണ് അതു സംഭവിച്ചത്. എന്തോ ഒന്ന് എന്റെ നേര്‍ക്ക്‌ വരുന്നതായി ഞാന്‍ ഓര്‍ക്കുന്നു, എന്തോ സംഭവിച്ചു പക്ഷെ എനിക്കൊന്നും പറ്റിയില്ല.ഒന്നും പറ്റാത്തത്‌ കൊണ്ടും, കളിയുടെ സ്പിരിടിലും ഞാന്‍ കളി തുടര്‍ന്നു... ഞാനും മോശമല്ലാത്ത വീക്ക്‌ കൊടുത്തു. പെട്ടെന്നാണ് ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത്! നാവ് വച്ച് മുന്‍ഭാഗത്തെ പല്ല് തൊടുമ്പോള്‍, എന്തോ ഒരു അസ്വസ്ഥത! കളി നിര്‍ത്തി ഞാന്‍ കണ്ണാടിയില്‍ പോയി നോക്കി. അപ്പോഴാണ് കാര്യം പിടി കിട്ടിയത്, ആ കളിയില്‍ , എന്റെ മഹാനായ അനിയന്‍ എറിഞ്ഞ ആ മഹാ ഗോട്ടി, കൊണ്ടുപോയത് 'എന്നേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന' മനോഹരമായ എന്റെ പല്ലിന്റെ 'റ' ആകൃതിയില്‍ ഉള്ള ഒരു കഷ്ണമാണ്.

എനിക്ക് ദേഷ്യവും സങ്കടവും സഹിക്കാന്‍ പറ്റിയില്ല. അനിയനെ കുറെ ഉന്നം നോക്കി ഏറിയാത്തതിനു(അതോ ഉന്നം നോക്കി ഏറിഞ്ഞതിനോ?) ശകാരിച്ചു, കുറെ തല്ലി. പക്ഷെ, പോയ പല്ലിനു അതൊന്നും പകരം പോരല്ലോ? ഒന്ന് പകരം വീട്ടി സമാധാനിക്കാം എന്നു കരുതിയാല്‍, ആ കാലത്ത് അവനു  മുന്‍പിലെ രണ്ടു പല്ലും ഇല്ലാതെ തൊണ്ണന്‍ പല്ലും കാണിച്ചു നടക്കുന്ന കാലം ആയിരുന്നു. ദേഷ്യം സഹിക്ക വയ്യാതെ ഞാന്‍ പറഞ്ഞു ' നോക്കിക്കോ, നിനക്ക് നല്ല പല്ല് വരുമ്പോ ഞാനും ഇതുപോലെ ഗോട്ടി എറിഞ്ഞു അതു പൊട്ടിക്കും!'.. പ്രശ്നം അവിടെയൊന്നും തീര്‍ന്നില്ല. ഗോട്ടികള്‍ ഒക്കെ എടുത്ത് 'അപകടം' നടന്ന സ്ഥലത്ത് നിന്നും മാറ്റി. അപ്പോഴും ഒരു പ്രശ്നം അവശേഷിച്ചു. എത്ര തിരഞ്ഞിട്ടും എണ്ണം മുപ്പതിഒന്നില്‍ നില്‍ക്കുന്നു. 'ഒരു ഗോട്ടി കാണാനില്ല!'. 'അല്ല, അങ്ങനെ ഞാന്‍ അറിയാതെ എന്റെ വായില്‍ കൂടെ ഒരു ഗോട്ടി വയറ്റില്‍ ഇറങ്ങിപ്പോകാന്‍ യാതൊരു സാധ്യതയും ഇല്ല' എന്ന് എനിക്ക് വളരെ ഉറപ്പായിരുന്നു. പക്ഷെ, എന്റെ ചെറുപ്പത്തിലെ ഉള്ള ബുദ്ധിശക്തിയിലും വിവേകത്തിലും അസൂയ മൂത്ത ചിലര്‍ 'ആ കാണാതായ ഗോട്ടി രണ്ടു ദിവസത്തിന് ശേഷം സോഫയ്ക്ക്‌ ഇടയില്‍ നിന്ന് കിട്ടിയതിനു ശേഷമാണു ഞാന്‍ നേരെ ഭക്ഷണം വരെ കഴിച്ചു തുടങ്ങിയത്' എന്ന് വരെ പറഞ്ഞുണ്ടാക്കി.

NB: എന്റെ അനിയന്‍റെ  മുന്‍പിലെ രണ്ടു പല്ലും കേടു കൂടാതെ ഇപ്പോഴും ഇരിക്കുന്നു. ആ കടം ഇനിയും വീടിയിട്ടില്ല. ദേഹത്തെ വേറെ എവിടെയും കൊള്ളാതെ  കൃത്യമായി ആ പല്ലിന്മേല്‍ തന്നെ കൊള്ളിച്ച അവന് അതൊരു ക്രെഡിറ്റ്‌ ആയി തന്നെ ഇരിക്കട്ടെയല്ലേ?