2011, ജനുവരി 1, ശനിയാഴ്‌ച

ഇടിവീരന്മാര്‍

ഒരു ഇടി കൊണ്ടാല്‍ വേദനിക്കുമോ? ഈ ചോദ്യത്തിന് ഉത്തരം അറിയാത്തവര്‍ അധികം ആരും ഉണ്ടാവും എന്നു തോന്നുന്നില്ല. പക്ഷെ നമ്മുടെ മലയാളികള്‍ക്ക് തല്ലുക എന്നു പറഞ്ഞാല്‍ ഒരു ഹരം തന്നെയാണ്. അതിനിപ്പോ ഒരു കാരണം തന്നെ വേണമെന്നില്ല.  അയലത്ത് ഒരു തല്ലു നടക്കുന്നു എന്നു പറഞ്ഞാല്‍ ഇടിക്കാന്‍ അടുത്ത പഞ്ചായത്തില്‍ നിന്നു പോലും ഇടിവീരന്മാര്‍ വരും. ഒരു ചെറിയ ഇടി കഥ!!

നമ്മുടെ കണ്മുന്നില്‍ വച്ച് ഒരു അപകടം സംഭവിച്ചാല്‍ നമ്മള്‍ എന്ത് ചെയ്യും? ഈ ചോദ്യത്തിന് പലര്‍ക്കും പല സന്ദര്‍ഭങ്ങളില്‍ പല ഉത്തരങ്ങളാണ് പറയാന്‍ ഉണ്ടാവുക. ഞാന്‍ പറയുമ്പോള്‍, " അങ്ങോട്ടു നോക്കണ്ട! ചിലപ്പോ രാത്രി ഉറങ്ങാന്‍ പറ്റില്ല.". ആ വഴി വാഹനത്തില്‍ പോകുന്നവരാണെങ്കില്‍, "വേഗം വിട്ടോ, ഇല്ലേല്‍ പണി കിട്ടും". സാധാരണ ഇതുപോലെയുള്ള ചില ഉത്തരങ്ങള്‍ കിട്ടിയേക്കാം പക്ഷെ, ഇന്നത്തെ ബഹുഭൂരിപക്ഷവും ഒരു സ്പെഷല്‍ ഉത്തരം തന്നെയാണ് പറയാന്‍ സാധ്യത! "വാ അളിയാ! നമ്മുക്ക് ഡ്രൈവറെ തല്ലാം!". ഇന്നത്തെ കാലത്ത്‌ സാമാന്യം മോശമല്ലാത്ത ഒരു അപകടം പറ്റിയാല്‍ മിനിമം രണ്ടാള്‍ക്കാരെങ്കിലും പരിക്കു പറ്റി ആശുപത്രിയില്‍ ആവും! ഒരുത്തന് അപകടം കാരണം പരിക്കു പറ്റിയെങ്കില്‍ അടുത്തവന്‍ നാട്ടുകാരുടെ തല്ലുകൊണ്ടിട്ടാവും ആശുപത്രി വാസത്തിനു യോഗമുണ്ടാവുക. ഇനിയിപ്പോ അപകടം കാരണം ആര്‍ക്കും പരിക്കു പറ്റിയില്ലെങ്കില്‍ പോലും വലിയ വാഹനം ഓടിച്ചിരുന്ന ഏതു ഡ്രൈവര്‍ക്കും 90 ശതമാനവും തല്ലുകൊള്ളാന്‍ തന്നെയാണു സാധ്യത. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് എനിക്കുണ്ടായ ഒരു അനുഭവം ഇങ്ങനെയാണ്...

എന്നത്തേയും പോലെ 'പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഇല്ലാത്ത' സാധാരണയില്‍ സാധാരണമായ ഒരു വൈകുന്നേരം. ഒരു ചെറിയ ബഹളം കേട്ടിട്ടാണ് ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്‌. പുറത്തിറങ്ങി നോക്കിയപ്പോ ഞാന്‍ കണ്ടത്. ഒരു സര്‍ക്കാര്‍ ശകടം റോഡിനു നടുവില്‍ കിടക്കുന്നു. പിന്‍ഭാഗത്തെ ചില്ല് തകര്‍ന്നിട്ടുണ്ട്. അതിനു പിന്നില്‍ ഒരാള്‍ മലര്‍ന്നു കിടക്കുന്നു. ഒരുപാട് ആളുകള്‍ അതിനു ചുറ്റും നിന്ന് ബഹളം വയ്ക്കുന്നു. അപകടം പറ്റിയതാണ്. ഞാന്‍ ഉടന്‍ തന്നെ എന്റെ നിലപാട് പുറത്തിറക്കി. നോക്കണ്ട! ഉറക്കം പോകും! കിടക്കുന്ന കിടപ്പ് കണ്ടിട്ട് വണ്ടിയുടെ ചക്രം തലയില്‍ കയറി ഇറങ്ങി കാണണം! കഷ്ട്ടം! ഒരു പൂരം കാണുന്ന പോലെ ഞാന്‍ അവിടെ നടക്കുന്ന സംഭവങ്ങളെ ഞാന്‍ നിരീക്ഷിച്ചു. ഡ്രൈവറെ സീറ്റില്‍ നിന്ന് പുറത്തിറക്കി കുറേ ആള്‍ക്കാര്‍ കൂടി നിന്ന് തല്ലോടു തല്ലു തന്നെ! കണ്ടക്ടര്‍ക്കും മോശമില്ലാത്ത തല്ലു കിട്ടുന്നുണ്ട്‌. 

ഡ്രൈവറുടെ അവസ്ഥ പരിതാപകരം തന്നെ ആയിരുന്നു. ലോകത്തിലെ ഏറ്റവും മൃദുലമായ പഞ്ച് പാഡ് ഫ്രീ ട്രയലിനു കൊണ്ടുവച്ച പോലെ ഡ്രൈവര്‍ നിന്നു  തല്ലു കൊള്ളുന്നു.. ആ തല്ലു കണ്ടാല്‍, ഒരു ചെറിയ കുട്ടി പോലും അവന്റെ മസില്‍ പവര്‍ പരീക്ഷിച്ചുപോകും. തല്ലുന്നവരുടെ എണ്ണം ഓരോ നിമിഷവും കൂടി കൂടി വന്നു! അടുത്ത ജില്ലയില്‍ നിന്നു വരെ തല്ലാന്‍ ആള്‍ക്കാരെ ഇറക്കിയിട്ടുണ്ട് എന്നാണു തോന്നുന്നത്. അപകടം പറ്റിയവന്‍  അപ്പോഴും അവിടെ തന്നെ കിടക്കുന്നു. ജീവനുണ്ടോ? അറിയില്ല... ആര്‍ക്കും അത് ശ്രദ്ധിക്കാന്‍ പോലും സമയമില്ല. വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒരു പണി നടന്നോണ്ടിരിക്കുകയാണല്ലോ? 

പെട്ടെന്നാണ് ഒന്നു  സംഭവിച്ചത്! അപകടം പറ്റിയവന്‍ ആടിയാടി പതുക്കെ എഴുന്നേറ്റു നില്‍ക്കുന്നു! അയാള്‍ വളരെ കഷ്ട്ടപ്പെട്ട് നടന്നു നീങ്ങുന്നു. ഉടന്‍ തന്നെ ഒരു പോലീസ് വണ്ടി വന്നു അയാളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. സംഭവത്തിന്റെ വിശദാംശം എനിക്ക് പിന്നീടാണ് മനസ്സിലായത്. കള്ളുകുടിച്ചു ബോധമില്ലാത്ത ഒരുത്തന്‍ അസഭ്യം പറഞ്ഞു എന്ന പേരില്‍ ബസില്‍ നിന്നു കണ്ടക്ടര്‍ പുറത്തിറക്കിവിട്ടു.  ഭൂമിയില്‍ നേരെ നിലയുറപ്പിക്കാന്‍ കഴിയാത്ത അയാള്‍ ബസിന്റെ കരിയരിലേക്ക് കയറുന്ന ഗോവണിയില്‍ പിടിച്ചു യാത്ര തുടര്‍ന്നു. അതും പോരാഞ്ഞ് ഓടിക്കൊണ്ടിരിക്കുമ്പോള്‍ പിന്നിലെ ഗ്ലാസ്‌ അടിച്ചു പൊട്ടിച്ചു. ശബ്ദം കേട്ട ഉടനെ ഡ്രൈവര്‍ വണ്ടി സഡന്‍ ബ്രെയ്കിട്ടു. ബോധമില്ലാത്ത കള്ളുകുടിയന്റെ ബോധം ഒന്നും കൂടെ പോയി. നിലത്ത് കിടപ്പായി! എന്തൊക്കെ ആയാലും കൊള്ളാന്‍ ഉള്ളത് ശരിക്കും കൊണ്ടത്‌ നിഷ്കളങ്കരായ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ആയിരുന്നു എന്ന് മാത്രം. 

സാരം: സത്യത്തില്‍ എനിക്കിപ്പോ നിങ്ങളെ തല്ലാന്‍ ഒരു കാരണത്തിന്റെ ആവശ്യമുണ്ടോ? സൂക്ഷിക്കണ്ട, സൂക്ഷിച്ചിട്ടു ഒരു കാര്യവുമില്ല! വരാനുള്ളത് വഴിയില്‍ തങ്ങില്ല! 

സത്യസന്ധന്‍


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ