2012, ഏപ്രിൽ 22, ഞായറാഴ്‌ച

കാണാതെ പോയ ഗോട്ടി...

പണ്ടൊക്കെ ഉത്സവങ്ങള്‍ക്കും പൂരങ്ങള്‍ക്കും ഒക്കെ ഉള്ള ഒരു പ്രധാന 'അട്രാക്ഷന്‍' ഉത്സവ പറമ്പിലെ കളിപ്പാട്ടങ്ങള്‍ ആയിരുന്നു. കൊട്ടും ആനയും ഒന്നും ഒരു പ്രശ്നമേ അല്ല. പോകണം.. പോട്ടാസും തോക്കും വാങ്ങണം..കുറച്ചു അലുവ വാങ്ങണം...കഴിഞ്ഞു!!! പൂരം കാണാതെ പോട്ടസും ഐസും വാങ്ങി തിരിച്ചു വീട്ടിലെത്തിയ ചരിത്രം വരെ എനിക്കുണ്ട്! ഒരു പത്തു പന്ത്രണ്ടു വര്‍ഷം മുന്‍പായിരിക്കണം.. ഏതോ ഒരു പള്ളിപ്പെരുന്നാളിന്, സ്ഥിരം ഐറ്റം ആയ പോട്ടസും തോക്കും ഉപേക്ഷിച്ചു ഒരു പുതിയ ഐറ്റം വാങ്ങി. 32 ഗോട്ടികളും 33 കുഴികളും ഉള്ള ഒരു പ്ലാസ്റ്റിക്‌ ബോര്‍ഡ്‌!!.... അതായിരുന്നു സാധനം! അടുത്തടുത്ത്‌ ഇരിക്കുന്ന ഗോട്ടികളില്‍ ഒരെണ്ണം എടുത്തു അടുത്തതിന്റെ മുകളിലൂടെ ഒഴിഞ്ഞു കിടക്കുന്ന കുഴിയില്‍ ഇട്ടാല്‍, ഒരെണ്ണം എടുത്ത് പുറത്തേക്ക് ഇടാം. സംഗതി നല്ല രസമുള്ള കളിയായിരുന്നു. പത്ത്, അഞ്ച്, നാല്, മൂന്ന്‍..... അങ്ങനെയങ്ങനെ റെക്കോര്‍ഡ്‌ ഭേദിച്ചു ഭേദിച്ച്‌ ഒടുക്കം കളി ഞങ്ങള്‍ (ഞാനും എന്റെ അനിയനും) ജയിച്ചു. അച്ഛനെ കാണിച്ചു, അമ്മയെ കാണിച്ചു, മുത്തച്ച്ചനെ കാണിച്ചു, അയലത്തെ പയ്യന്മാരെ കാണിച്ചു, വഴിയില്‍ പോകുന്നവരെ വിളിച്ചു വരുത്തി കാണിച്ചു..ഒടുക്കം എന്ത് ചെയ്താലും ആ കളി ജയിക്കും എന്നാ നിലയില്‍ എത്തി. 

പോട്ടാസും തോക്കും പോലെയല്ല! ഒരിക്കല്‍ ആ കളിയുടെ ത്രില്ലു പോയാല്‍, കള്ളനും പോലീസും പോലും കളിയ്ക്കാന്‍ പറ്റില്ല. കളി ഞങ്ങള്‍ക്ക്‌ ബോറടി ആയി എന്നുള്ളതായിരുന്നു ഒരു സത്യം. അന്നും ചില ക്രിആത്മക ചിന്തകള്‍ ഉടലെടുക്കുന്നത് ഈ ബോറടിയിലൂടെ ആയിരുന്നു. കളിയുടെ നിയമങ്ങള്‍ മാറ്റി പലതും ഞങ്ങള്‍ ശ്രമിച്ചു. ഒടുക്കം അതും വെറും ബോറടി ആയി. കുറച്ചും കൂടെ കഴിഞ്ഞപ്പോള്‍, കളി കളരിക്കു പുറത്തേക്ക് കടന്നു. ഗോട്ടി എടുത്ത് കളിയ്ക്കാന്‍ തുടങ്ങി. ഉരുട്ടി കളിക്കുക, എറിഞ്ഞു കളിക്കുക, തുടങ്ങിയ അക്രമങ്ങളിലേക്ക് അതു പരിണമിച്ചു. ഒരു ദിവസം ഞങ്ങള്‍ വ്യതസ്തമായ ഒരു കളി കണ്ടുപിടിച്ചു. ഒരു  മുറിയില്‍ ആ മുപ്പത്തിരണ്ട് ഗോട്ടികളും ഉരുട്ടി വിടുക. കിട്ടുന്ന ഗോട്ടിയൊക്കെ എടുത്ത് അടുത്തവന്റെ നേര്‍ക്ക്‌ എറിയുക. കളി തുടങ്ങി, മൂന്നോ നാലോ മോശമല്ലാത്ത ഏറുകൊണ്ട് ഇരിക്കുമ്പോഴാണ് അതു സംഭവിച്ചത്. എന്തോ ഒന്ന് എന്റെ നേര്‍ക്ക്‌ വരുന്നതായി ഞാന്‍ ഓര്‍ക്കുന്നു, എന്തോ സംഭവിച്ചു പക്ഷെ എനിക്കൊന്നും പറ്റിയില്ല.ഒന്നും പറ്റാത്തത്‌ കൊണ്ടും, കളിയുടെ സ്പിരിടിലും ഞാന്‍ കളി തുടര്‍ന്നു... ഞാനും മോശമല്ലാത്ത വീക്ക്‌ കൊടുത്തു. പെട്ടെന്നാണ് ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത്! നാവ് വച്ച് മുന്‍ഭാഗത്തെ പല്ല് തൊടുമ്പോള്‍, എന്തോ ഒരു അസ്വസ്ഥത! കളി നിര്‍ത്തി ഞാന്‍ കണ്ണാടിയില്‍ പോയി നോക്കി. അപ്പോഴാണ് കാര്യം പിടി കിട്ടിയത്, ആ കളിയില്‍ , എന്റെ മഹാനായ അനിയന്‍ എറിഞ്ഞ ആ മഹാ ഗോട്ടി, കൊണ്ടുപോയത് 'എന്നേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്ന' മനോഹരമായ എന്റെ പല്ലിന്റെ 'റ' ആകൃതിയില്‍ ഉള്ള ഒരു കഷ്ണമാണ്.

എനിക്ക് ദേഷ്യവും സങ്കടവും സഹിക്കാന്‍ പറ്റിയില്ല. അനിയനെ കുറെ ഉന്നം നോക്കി ഏറിയാത്തതിനു(അതോ ഉന്നം നോക്കി ഏറിഞ്ഞതിനോ?) ശകാരിച്ചു, കുറെ തല്ലി. പക്ഷെ, പോയ പല്ലിനു അതൊന്നും പകരം പോരല്ലോ? ഒന്ന് പകരം വീട്ടി സമാധാനിക്കാം എന്നു കരുതിയാല്‍, ആ കാലത്ത് അവനു  മുന്‍പിലെ രണ്ടു പല്ലും ഇല്ലാതെ തൊണ്ണന്‍ പല്ലും കാണിച്ചു നടക്കുന്ന കാലം ആയിരുന്നു. ദേഷ്യം സഹിക്ക വയ്യാതെ ഞാന്‍ പറഞ്ഞു ' നോക്കിക്കോ, നിനക്ക് നല്ല പല്ല് വരുമ്പോ ഞാനും ഇതുപോലെ ഗോട്ടി എറിഞ്ഞു അതു പൊട്ടിക്കും!'.. പ്രശ്നം അവിടെയൊന്നും തീര്‍ന്നില്ല. ഗോട്ടികള്‍ ഒക്കെ എടുത്ത് 'അപകടം' നടന്ന സ്ഥലത്ത് നിന്നും മാറ്റി. അപ്പോഴും ഒരു പ്രശ്നം അവശേഷിച്ചു. എത്ര തിരഞ്ഞിട്ടും എണ്ണം മുപ്പതിഒന്നില്‍ നില്‍ക്കുന്നു. 'ഒരു ഗോട്ടി കാണാനില്ല!'. 'അല്ല, അങ്ങനെ ഞാന്‍ അറിയാതെ എന്റെ വായില്‍ കൂടെ ഒരു ഗോട്ടി വയറ്റില്‍ ഇറങ്ങിപ്പോകാന്‍ യാതൊരു സാധ്യതയും ഇല്ല' എന്ന് എനിക്ക് വളരെ ഉറപ്പായിരുന്നു. പക്ഷെ, എന്റെ ചെറുപ്പത്തിലെ ഉള്ള ബുദ്ധിശക്തിയിലും വിവേകത്തിലും അസൂയ മൂത്ത ചിലര്‍ 'ആ കാണാതായ ഗോട്ടി രണ്ടു ദിവസത്തിന് ശേഷം സോഫയ്ക്ക്‌ ഇടയില്‍ നിന്ന് കിട്ടിയതിനു ശേഷമാണു ഞാന്‍ നേരെ ഭക്ഷണം വരെ കഴിച്ചു തുടങ്ങിയത്' എന്ന് വരെ പറഞ്ഞുണ്ടാക്കി.

NB: എന്റെ അനിയന്‍റെ  മുന്‍പിലെ രണ്ടു പല്ലും കേടു കൂടാതെ ഇപ്പോഴും ഇരിക്കുന്നു. ആ കടം ഇനിയും വീടിയിട്ടില്ല. ദേഹത്തെ വേറെ എവിടെയും കൊള്ളാതെ  കൃത്യമായി ആ പല്ലിന്മേല്‍ തന്നെ കൊള്ളിച്ച അവന് അതൊരു ക്രെഡിറ്റ്‌ ആയി തന്നെ ഇരിക്കട്ടെയല്ലേ?

2011, നവംബർ 7, തിങ്കളാഴ്‌ച

തിരുമണ്ടന്മാര്‍

ഒരിക്കല്‍ ഒരു രാജാവ്‌ ഒരുപാട് പണം ചിലവാക്കി 'ബുദ്ധിയുള്ളവര്‍ക്ക് മാത്രം കാണാവുന്ന വസ്ത്രം തൈപ്പിച്ചു'. തയ്യല്‍ക്കാരന്‍ വസ്ത്രം കൊണ്ടുവന്നു. പക്ഷെ, രാജാവിന്‌ അത് കാണാന്‍ സാധിച്ചില്ല. രാജാവ്‌ അത് പുറത്തു പറഞ്ഞില്ല പകരം കാണുന്നതായി അഭിനയിച്ചു. ആ പുതിയ സാങ്കല്‍പ്പിക വസ്ത്രം ധരിച്ചു എന്ന്‍ അഭിനയിച്ചുകൊണ്ട് രാജാവ്‌ രാജ്യം മുഴുവന്‍ ഒരു യാത്ര തന്നെ നടത്തി. സത്യം ആരും അറിഞ്ഞില്ല. എല്ലാവരും വസ്ത്രം കാണുന്നുണ്ട് എന്നഭിനയിച്ചു. ഒടുക്കം ഒരു ചെറിയ കുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു "രാജാവ്‌ വിവസ്ത്രന്‍ ആണേ!!". 

ഇത് പഴയ കഥ...കാലം മാറി...കഥയും കഥാപാത്രങ്ങളും മാറി.. പുതിയ യുഗത്തില്‍ ഒരു പണ്ഡിറ്റ്‌ജി സിനിമ പിടിച്ചു. പാട്ടുകള്‍ ഇറങ്ങിയപ്പോള്‍ തന്നെ തെറിയുടെ പുതിയ നിഖണ്ടുക്കള്‍ തന്നെ പുറത്തിറങ്ങി... കാഴ്ചക്കാര്‍  ആവട്ടെ തെറി വിളിക്കുന്നതില്‍ അവരുടെ കഴിവും അറിവും പ്രകടിപ്പിക്കാന്‍ വേണ്ടി മത്സരിച്ചു.  വെറും മത്സരമായിരുന്നില്ല അത് പണ്ഡിറ്റ്‌ജിക്ക് ലക്ഷങ്ങള്‍ സമ്പാദ്യവും ഉണ്ടാക്കി കൊടുക്കാന്‍ കാഴ്ചക്കാര്‍ക്ക് കഴിഞ്ഞു. രാജ്യത്ത്‌ എവിടെയും പണ്ഡിറ്റ്‌ജിയെ കുറിച്ച് സംവാദങ്ങള്‍ നടന്നു. ഒടുക്കം ആരാധകരുടെ ശല്യം സഹിക്കാന്‍ വയ്യാതെ പണ്ഡിറ്റ്‌ജി  സിനിമ പുറത്തിറക്കി. പ്രതീക്ഷകള്‍ തെറ്റിയില്ല. കഴിവു തെളിയിച്ചവരും തെളിയിക്കാന്‍ ആഗ്രഹിച്ചവരും തിയറ്ററില്‍ ഇരച്ചു കയറി. സിനിമ സൂപ്പര്‍ ഹിറ്റ്‌!! പണ്ടത്തെ കഥയില്‍ രാജാവ്‌ മണ്ടന്‍ ആയപ്പോള്‍, ഇത്തവണ പ്രജകള്‍ മണ്ടന്മാര്‍ ആയി. പക്ഷെ ക്ലൈമാക്സ്‌ സീന്‍ മാത്രം ഇതുവരെയും നടന്നു കാണുന്നില്ല. തെറ്റ് തിരുത്താന്‍ കഴിയാതെ പ്രജകള്‍ ഇപ്പോഴും നഗ്നരായി നടക്കുന്നു....

ബഹുമാനപ്പെട്ട പണ്ഡിറ്റ്‌ജി ....അങ്ങയെ ഞാന്‍ ഒരിക്കലും ബഹുമാനിക്കുന്നില്ല...പക്ഷെ, അങ്ങയുടെ ഫാന്‍സ്‌ എന്റെ ജീവനെടുക്കുമോ എന്നാ സംശയം കൊണ്ട് മാത്രം ഞാന്‍ അത് ചെയ്യുന്നു. ഇത്രയധികം സിനിമകള്‍ ഇറങ്ങുകയും കാണുകയും ചെയ്യുന്ന മലയാള മണ്ണില്‍ ജനിച്ച അങ്ങേയ്ക്ക് സ്വന്തം സിനിമയുടെ നിലവാരം മനസ്സിലാവാതിരിക്കാന്‍ മാത്രം വിവേകമില്ല എന്ന് വിശ്വസിക്കാന്‍ യാതൊരു നിവര്‍ത്തിയും ഇല്ലാത്ത അവസ്ഥയില്‍  നിന്നുകൊണ്ട് തന്നെ പറയട്ടെ. ഇന്നും അങ്ങ് അങ്ങയുടെ ഫാന്സില്‍ വിശ്വാസം അര്‍പ്പിക്കുന്നുവെങ്കില്‍ അതു കപടമായ ഒരു പ്രഹസനം മാത്രമാണ് എന്ന്‍ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സിനിമ എന്ന മാധ്യമം അങ്ങയുടെ സിനിമയിലൂടെയാണ് 'പൊട്ടിമുളച്ചതെങ്കില്‍ ' അങ്ങനെയൊരു മാധ്യമം തന്നെ ഇല്ലതയിപ്പോയേനെ. അത്രയും നിലവാരമില്ലായ്മ ഞാന്‍ അങ്ങയുടെ സിനിമ പരസ്യത്തില്‍ തന്നെ കാണുന്നു(സിനിമ കണ്ടിട്ടേ പ്രതികരിക്കാവൂ എന്ന് എന്ന് പറയരുത്. ക്ലിന്റ് ഈസ്റ്റ്‌വുഡ്, കമല്‍ ഹാസന്‍, ശ്രീനിവാസന്‍ തുടങ്ങിയ ചില സിനിമാക്കാരുടെ പേരുകള്‍ എനിക്ക് അറിയാം എന്ന സ്ഥിതിക്ക്‌ അങ്ങയുടെ സിനിമ കാണാനുള്ള ക്ഷമ എനിക്കുണ്ടാവും എന്ന് വിശ്വസിക്കാന്‍ നിവര്‍ത്തിയില്ലാതെ പോയി.) പക്ഷെ, അങ്ങയുടെ സിനിമയെ പരിഹാസത്തോടെ അല്ലാതെ ആരെങ്കിലും കാണുന്നുണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. തോന്നാന്‍ യാതൊരു കാരണവും ഇല്ല എന്നുള്ളതാണ് സത്യം. ഇത്രയും തെറി കേട്ടിട്ടുള്ള അങ്ങേയ്ക്ക്, എന്റെ ഈ പോസ്റ്റ്‌ വെറും പുല്ലാണ് എന്നെനിക്കറിയാം. ഒരാളെ അയാളുടെ കഴിവുകേടുകള്‍ പ്രശംസിച്ചു പരിഹാസപാത്രമാക്കാന്‍ എന്റെ യുക്തിക്കോ ബുദ്ധിക്കോ കഴിയില്ല എന്ന ഒരേ ഒരു കാരണം കൊണ്ട് മാത്രം ഞാന്‍ ഇത്രയും പറയുന്നു. നൂറു കോടി കിട്ടിയാലും പൊതുജനമധ്യത്തില്‍ അങ്ങയെപ്പോലെ പരിഹാസപാത്രമാവാന്‍ ഞാന്‍ തയ്യാറല്ല, അങ്ങേയ്ക്കും അങ്ങനെ ഒരു വികാരം ഉണ്ടാവാന്‍ സാധ്യത ഇല്ലേ? 

അങ്ങ് ഒരു ബുദ്ധിമാന്‍ ആണ് എന്ന് ചിന്തിക്കാന്‍ എനിക്ക് ഒരു ബുധിമുട്ടുമുണ്ടായിട്ടല്ല, പക്ഷെ അങ്ങയുടെ പ്രവര്‍ത്തിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്  അങ്ങേയ്ക്ക് ഒരു മാര്‍ക്കറ്റ്‌ കൊമ്പട്ടിഷന്‍ ഉണ്ടാക്കരുത് എന്ന ഒരേ ഒരു ഉദ്ദേശം കൊണ്ട് മാത്രം ഇത്രയും പറഞ്ഞു നിര്ത്തുന്നു. 


കേരളജനതയുടെ മണ്ടത്തരത്തിന് ഒരിക്കല്‍ കൂടെ നന്ദി പറഞ്ഞുകൊണ്ട്

സത്യസന്ധന്‍


2011, ഏപ്രിൽ 13, ബുധനാഴ്‌ച

കാരാഗൃഹവാസം

ഒരു സാധാരണ ദിവസം... രാവിലെ തന്നെ എല്ലാവരും നല്ല ഉഷാറായി ക്ലാസ്സില്‍ പോകാന്‍ റെഡി ആയി ഇരിക്കുന്ന സമയം! ഒരുത്തനു മാത്രം ഒരു ചെറിയ സംശയം! 'അല്ല, ഇന്നു ക്ലാസ്സില്‍ പോകണോ?'. ആ ചിന്ത ഒരു പനി പോലെയായിരുന്നു! പിന്നെ എല്ലാവര്‍ക്കും ഇതു തന്നെ ചിന്ത. ഒടുക്കം ഹോസ്റ്റലില്‍ നിന്ന് ഇറങ്ങേണ്ട സമയത്തിന് വെറും പത്തു മിനിറ്റ് മുമ്പ്. ആ റൂമില്‍ ഉണ്ടായിരുന്ന മഹാത്മാക്കള്‍ ഒരു മഹത്തായ തീരുമാനം എടുത്തു. 'ഇന്ന് ആ റൂമില്‍ നിന്ന് ആരും കോളേജിന്റെ പടി കയറുന്നില്ല!'. പക്ഷെ, അപ്പോഴാണ്‌ വേറെ ഒരു പ്രശ്നം. 'എങ്ങനെ കട്ട്‌ ചെയ്യും?'. ഒരേ റൂമിലെ ആറു പേര്‍ ഒരുമിച്ചു റൂമില്‍ കെട്ടി കിടന്നാല്‍ വാര്‍ഡന്‍ ഞങ്ങളുടെ കാര്യം 'തീരുമാനമാക്കും'. എങ്ങിനെയെങ്കിലും പുറത്തിറങ്ങി ടൌണില്‍ കറങ്ങാം എന്ന് വിചാരിച്ചാല്‍, യാതൊരു തൊഴിലും ഇല്ലാത്ത ഞങ്ങളുടെ നല്ലവരായ സീനിയേഴ്സ് ' ഇതിലും ഭേദം ട്രെയിനിനു തല വയ്ക്കുന്നതാണ്' എന്ന് തോന്നിപ്പിച്ചാല്‍ സഹിക്കുകയെ നിവര്‍ത്തി ഉണ്ടാവുകയുള്ളൂ! ഒടുക്കം ഒരു വഴി കണ്ടുപിടിച്ചു! റൂം പുറമേ നിന്ന് ആരെയെങ്കിലും കൊണ്ട് പൂട്ടിക്കുക. അകത്തു കിടന്നു ഉറങ്ങുക. പറ്റിയാല്‍ അകത്തിരിക്കുന്ന കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുക. അത്ര തന്നെ. ആ മഹത്തായ ഐഡിയയുടെ  മുന്നില്‍ എല്ലാവരും തൊഴുതു. 

പിന്നെയാണ് വേറെ ഒരു പ്രശ്നം കണ്ടുപിടിക്കപ്പെട്ടത്. 'പൂച്ചയ്ക്കാരു മണി കേട്ടും?' എന്ന് ചോദിച്ച പോലെ 'റൂം ആരു പൂട്ടും?' എന്നൊരു ചോദ്യം ഉടക്കി. പരിഹാരമായി തൊട്ടു അടുത്ത റൂമിലെ ഒരു പരോപകാരിയെ ഞങ്ങള്‍ കണ്ടു പിടിച്ചു. പരോപകാരി എന്ന് പേരിടാന്‍ കാരണം വേറെ ഒന്നുമല്ല. അവനോടു ഞങ്ങള്‍ ബിരിയാണി വാങ്ങി തരാം എന്നോ അവന്റെ അസൈന്‍മെന്‍റ് ചെയ്തു കൊടുക്കാമെന്നോ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷെ, ആ പാവം സമ്മതിച്ചു. രാവിലെ തന്നെ മെസ്സില്‍ കയറി വേണ്ടതെല്ലാം വെട്ടി വിഴുങ്ങിയിട്ട് റെഡി ആയി റൂമില്‍ കയറി. പരോപകാരി റൂം പൂട്ടി ക്ലാസ്സിലും പോയി. ഒരു പത്തു മിനിറ്റ് കൊണ്ട് ഹോസ്റ്റല്‍ മുഴുവന്‍ മൂകമായി. ഹോസ്റ്റല്‍ വാര്‍ഡന്‍ പല കാര്യങ്ങള്‍ക്കുമായി ഞങ്ങളുടെ റൂമിന്‍റെ മുന്നിലൂടെ പോകുന്നതും ചെയ്യുന്നതും ഒക്കെ ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നു. മാത്രമല്ല, റൂം പൂട്ടി പോയതിനു ശേഷം ഒരു മനുഷ്യക്കുട്ടി ഒന്നും മിണ്ടിയിട്ടില്ല. പെട്ടെന്നാണ് എനിക്ക് തുമ്മല്‍ വന്നത്, തുമ്മാന്‍ തുടങ്ങിയ എന്നോട് ഇതൊന്നും പാടില്ല എന്ന്  എന്‍റെ സഹാമുറിയന്മാര്‍ ആംഗ്യ ഭാഷയില്‍ അറിയിച്ചു. പകുതി തുമ്മിയ ഞാന്‍ ഉള്ള കഴിവുകള്‍ ഒക്കെ ഉപയോഗിച്ച് തുമ്മല്‍ നിയന്ത്രിച്ചു. അത് കഴിഞ്ഞപ്പോഴേക്കും കണ്ണില്‍ നിന്ന് വെള്ളം വന്നു തുടങ്ങിയിരുന്നു...എന്നാലും വിട്ടില്ല. ജീവിതപ്രശ്നം ആണല്ലോ!! കുറച്ചു സഹിക്കുക തന്നെ!

കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും ചെറിയ ചെറിയ സ്വകാര്യ സംഭാഷണങ്ങള്‍ തുടങ്ങിയിരുന്നു. അഥവാ പിടിക്കപ്പെട്ടാല്‍ ഉണ്ടാവാന്‍ സാധ്യത ഉള്ള ഭവിഷ്യത്തുകള്‍, പിടിക്കപ്പെടാന്‍ ഉള്ള സാദ്ധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു തുടങ്ങിയിരുന്നു. കുറച്ചു സമയത്തിനുള്ളില്‍ ഞങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആദ്യം തന്നെ കമ്പ്യൂട്ടറിന്റെ സ്പീക്കര്‍ ഓഫ്‌ ചെയ്തു. പതുക്കെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. ഗെയിം കളി തുടങ്ങി. പെട്ടെന്നാണ് അത് സംഭവിച്ചത്! കറന്‍റ് പോയി. ഒപ്പം കമ്പ്യൂട്ടറിന്റെ യു.പി. എസ് എന്ന ഉപകരണം ഇത്രകാലം ഉണ്ടാക്കാത്തതിലും വലിയ ശബ്ദം ഉണ്ടാക്കാന്‍ തുടങ്ങി. ഒരു അഞ്ചു നിമിഷത്തിനുള്ളില്‍ ഞങ്ങള്‍ ഒന്നും നോക്കാതെ കമ്പ്യൂട്ടര്‍ ഫുള്‍ അങ്ങ് ഓഫ്‌ ചെയ്തു. കിടക്കയില്‍ വന്നു കിടപ്പായി. 'എന്തായിരുന്നു ആ ശബ്ദം? ഞങ്ങള്‍ ഒന്നും അറിഞ്ഞിട്ടു തന്നെ ഇല്ല.' എന്ന മട്ടില്‍ ആയിരുന്നു കിടന്നുറങ്ങിയത്. അത് കണ്ടുപിടിക്കതിരുന്നത് വാര്‍ഡന്‍ കുറച്ചു വിവരം കുറവായതുകൊണ്ട് മാത്രമാണ് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഇനി ഒരു വഴി തന്നെ. വേഗം കിടന്നു ഉറങ്ങുക. ശബ്ദം ഉണ്ടാക്കാതിരിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം അത് തന്നെയായിരുന്നു. 

പക്ഷെ, ഉറങ്ങാന്‍ ഏറ്റവും നല്ല മാര്‍ഗം ക്ലാസ്സില്‍ പോവുക തന്നെയായിരുന്നു എന്ന് ഞങ്ങള്‍ക്ക് തോന്നിപ്പോയി. ആവശ്യമില്ലാത്ത ചിന്തകള്‍ മുളയ്ക്കാന്‍ തുടങ്ങി. 'ഇപ്പൊ പെട്ടെന്നൊരു ഭൂകമ്പം വന്നാല്‍ എന്ത് ചെയ്യും? എങ്ങനെ രക്ഷപ്പെടും?' എന്നും മറ്റും ചിന്തിച്ചു തുടങ്ങിയിരുന്നു. എന്തായാലും കട്ട്‌ ചെയ്തിട്ടും ഒരു മിനിറ്റ് പോലും ആര്‍ക്കും ഉറങ്ങാന്‍ പറ്റിയില്ല. പലരും എഫ് എം. റേഡിയോയുടെ ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി കിടപ്പ് തുടര്‍ന്നു. ഏതായാലും ഉച്ച ആയി. കോളേജില്‍ പോയിരുന്നവര്‍ ഭക്ഷണം കഴിക്കാന്‍ എത്തി തുടങ്ങി. കാരാഗൃഹത്തില്‍ നിന്ന് ഞങ്ങളും മോചിക്കപ്പെട്ടു. ഉടുത്തിരുന്ന ലുങ്കിയും ഷര്‍ട്ടും മാറ്റി കോളേജില്‍ പോകാന്‍ വച്ചിരുന്ന വേഷം ഇട്ടു(സംശയത്തിന്റെ നിഴല്‍ പോലും ഉണ്ടാവരുതല്ലോ!). കഴിഞ്ഞ മൂന്നു മണിക്കൂറുകള്‍ ആയി ക്ലാസ്സില്‍ ഇരുന്നു പഠിച്ചു തളര്‍ന്ന കുട്ടികളെ പോലെ ഞങ്ങള്‍ വാര്‍ഡന്‍ ടെ റൂമിനു മുന്നില്‍ കൂടി ഭക്ഷണം കഴിക്കാന്‍ പോയി. ഭക്ഷണം കഴിച്ചു തിരിച്ചു വന്നു. എല്ലാം പ്രതീക്ഷിച്ച പോലെ പരോപകാരി റൂം പൂട്ടി സ്ഥലം വിട്ടു. 

രവിലതെക്കാള്‍ കഷ്ട്ടമായിരുന്നു ഉച്ചയ്ക്ക് ശേഷം! ഓരോ നിമിഷവും ഓരോ യുഗം പോലെ നീങ്ങി. ചിലര്‍ക്കൊക്കെ ക്ലാസ്സില്‍ പോയാ മതിയായിരുന്നു എന്ന് ചിന്തിച്ചു തുടങ്ങിയിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോ കറന്‍റ് പോയി. പിന്നെ അത് ഒരു കാരാഗൃഹം തന്നെ ആയിരുന്നു. വിയര്‍ത്തു കുളിച്ചു ശ്വാസം മുട്ടി കിടക്കുന്ന ഒരു ആറു മടിയന്മാര്‍. അതായിരുന്നു ഞങ്ങള്‍. പക്ഷെ, ഞങ്ങള്‍ ഇതൊന്നും പുറത്തു കാണിച്ചില്ല.. എല്ലാം സഹിച്ചു, ക്ഷമിച്ചു. ഏതാണ്ട് ഒരു മൂന്ന്‍ മൂന്നര ആയപ്പൊ ഒരു ചെറിയ മുട്ട് കേട്ടു. കോളേജ് വിടാന്‍ നേരം ആയില്ല. എന്തോ പന്തികേടുണ്ട്. കട്ട്‌ അടിച്ച ആദ്യ ദിവസം തന്നെ പിടിച്ചു എന്ന അവസ്ഥ മണത്തു തുടങ്ങിയിരുന്നു. 'താക്കോല്‍ എവിടെ?' എന്നൊരു ഗംഭീര്യമേറിയ ശബ്ദം. ഞങ്ങള്‍ ഉറപ്പിച്ചു. വാര്‍ഡന്‍ തന്നെ. പിടിക്കപ്പെട്ടു! ഇനി രക്ഷയില്ല!! എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പരക്കം പാഞ്ഞു. അതിനിടയില്‍ ഒരുത്തന്‍ അവന്റെ ഷെല്‍ഫ്‌ ഒക്കെ വലിച്ചു പുറത്തിട്ട് അതില്‍ കയറി വാതില്‍ അടച്ചു ഇരിപ്പായി! ഓരോ ഗതികേടേ! 'തുറക്കടാ'. വീണ്ടും ശബ്ദം!!. അത് കേട്ടപ്പോഴേക്കും മിക്കവരും  കട്ടിലിന്റെ അടിയില്‍ എത്തിയിരുന്നു. ആ നേരത്ത് എന്തിനാണ് ഈ ഒളിച്ചുകളി എന്ന് അറിയില്ലെങ്കിലും ഞാനും ഒരു സ്ഥലം തപ്പി ഇരിപ്പായി. ഹൃദയമിടിപ്പ് കൂടിതുടങ്ങിയിരുന്നു. എന്തായാലും പിടിക്കപ്പെടും. ഷെല്‍ഫില്‍ കയറാണോ അതോ കട്ടിലില്‍ ഒളിക്കണോ എന്ന് ചിന്തിച്ചു തീരുമാനമെടുക്കാന്‍ കഴിയാതെ നില്‍ക്കുന്ന നേരത്ത് വാതില്‍ തുറക്കപ്പെട്ടു. കയറി വന്നത് ഒരാള്‍ മാത്രം! പരോപകാരി!! ഇലിഭ്യത മറച്ചു വച്ചുകൊണ്ട് ഞാന്‍ പറഞ്ഞു 'ഹോ! എനിക്ക് അപ്പോഴേ അറിയാമായിരുന്നു ഇതു നീ തന്നെ എന്ന്'. ഒളിച്ചിരുന്നവര്‍ തല പുറത്തിട്ട് നോക്കാന്‍ തുടങ്ങി. പതുക്കെ പതുക്കെ എല്ലാം പുറത്തെത്തി. ദേഷ്യം കൊണ്ട് പല്ലിറുമ്മി നില്‍ക്കുന്ന ഞങ്ങളെ നോക്കി പരോപകാരി പറഞ്ഞു "ഇന്ന് നേരത്തെ ക്ലാസ്സ്‌ വിട്ടു". അവന്റെ ഒരു മിമിക്രിയും പരോപകാരവും!! 

ക്ലാസ്സ്‌ കട്ട്‌ ചെയ്യാന്‍ പിന്നെയും ഇതേ  വേല തന്നെ പലവട്ടം ഇറക്കിയിട്ടുണ്ട്. പക്ഷെ, താക്കോല്‍ പരോപകരിയെ ഏല്‍പ്പിച്ചിട്ടില്ല.!

സത്യസന്ധന്‍.

2011, ഫെബ്രുവരി 13, ഞായറാഴ്‌ച

റാഗിംഗ് ചരിത്രം!

ഈ കഥയിലെ കഥാപാത്രങ്ങളും കഥയും തികച്ചും യാദ്രിശ്ചികമല്ല. സ്വന്തം ഇരട്ടപ്പെരായോ സ്വഭാവമായോ എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ ഒരു കാരണവശാലും അത് അറിയാതെ പറ്റിയതല്ല... മനപ്പൂര്‍വ്വം ഞാന്‍ എഴുതിപ്പിടിപ്പിച്ചത് തന്നെയാണ്. 

ഒരു കോളേജില്‍ ഏറ്റവും പേടിക്കേണ്ട ഒരു വിഭാഗം ഭീകരജീവികളുണ്ട്.പ്രത്യേകിച്ചും ഒന്നാം വര്‍ഷം.  ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ആയിരുന്ന കാലത്തെ ഒരു സംഭവബഹുലമായ റാഗിംഗ് കഥ.

ഒരു ഞായറാഴ്ച, കോളേജ് തുടങ്ങിയതിനുശേഷം വന്ന  ആദ്യത്തെ ഞായറാഴ്ച. ഒന്നും ചെയ്യാനില്ലാത്തതിനാല്‍ ഒന്നു ടൌണ്‍ വരെ പോയി കറങ്ങിയിട്ടു വരാം എന്നാ ഒരു ചിന്ത വന്നു. വേഗം കുപ്പായം ഒക്കെ ഇട്ടു ടിപ് ടോപായി ഹോസ്റെലിനു പുറത്തിറങ്ങി. അപ്പോഴാണ്‌ ഒരു കാര്യം മനസ്സിലായത്, ഞങ്ങള്‍ മാത്രമല്ല  ആ ഹോസ്റ്റല്‍ മുഴുവന്‍ പുറത്തിറങ്ങിയിരിക്കുന്നു. പുറത്തു പോകേണ്ടവര്‍ക്ക് കോളേജ് ബസ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട് പോലും. അതും ഫ്രീ ആയി!! അങ്ങനെ അവിടെ കണ്ട ബസില്‍ ഞങ്ങള്‍ എല്ലാവരും കൂടി എങ്ങിനെയൊക്കെയോ കയറിക്കൂടി. ഡ്രൈവര്‍ വണ്ടി എടുത്തു. 'ചെകുത്താന്‍ പടി' (സീനിയര്‍ ഹോസ്റ്റല്‍) കടന്നു. നിരങ്ങി നിരങ്ങി കോളേജ് ഗേറ്റ് വരെ എത്തി. അവിടെ എത്തിയപ്പോ ഞങ്ങളെ നയിക്കുന്ന വാര്‍ഡന്‍ പുറത്തിറങ്ങി എന്നിട്ടു പറഞ്ഞു. "ബസില്‍ നില്‍ക്കുന്ന എല്ലാവരും ഇങ്ങു ഇറങ്ങിക്കോ, ഓവര്‍ ലോഡ്‌ കയറ്റി പോകാന്‍ പറ്റില്ല..നിങ്ങള്‍ക്കുള്ള വണ്ടി പിന്നാലെ വരും.". 'എന്തൊരു നല്ല കോളേജ്! ഞങ്ങളുടെ ബുദ്ധിമുട്ടു മനസ്സിലാക്കി ഒരു സ്പെഷ്യല്‍ ബസ്‌!!' എല്ലാവരും ചാടി ഇറങ്ങി! "ഇവിടെ വെയിറ്റ് ചെയ്തോ, വണ്ടി ദാ ഇപ്പൊ വരും!!" വാര്‍ഡന്‍ പറഞ്ഞു! ആ വണ്ടി അപ്പൊ തന്നെ പോയി. ഞങ്ങള്‍ കാത്തിരിപ്പ്‌ തുടങ്ങി. അര മണിക്കൂര്‍ കഴിഞ്ഞു, ഒരു മണിക്കൂര്‍ കഴിഞ്ഞു, ഒന്നര മണിക്കൂര്‍ കഴിഞ്ഞു! ആ വഴിയെ ഒരു കാള വണ്ടി പോലും വന്നില്ല! ഞങ്ങള്‍ പതുക്കെ അംഗരക്ഷകരുടെ(സെക്യൂരിറ്റി) ക്യാബിനില്‍ കയറി കാര്യമന്വേഷിച്ചു. അങ്ങനെ ഒരു ബസ്‌ ഇല്ല പോലും! നിരാശയോടെ ഞങ്ങള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി. പലരുടേയും വായില്‍ നിന്നും വാര്‍ഡന്‍റെ പേരും നിഖണ്ടുവില്‍ ഇല്ലാത്ത വാക്കുകളും വിളയാടി തുടങ്ങിയിരുന്നു. നടന്നു നടന്നു ചെകുത്താന്‍ പടി എത്താറായി. കുറച്ചു ചെകുത്താന്മാര്‍ അവിടെയും ഇവിടെയും കറങ്ങി നടക്കുന്നുണ്ട്. ഞങ്ങള്‍ ഏതാണ്ട് 'രക്ഷപ്പെട്ടു' എന്ന് കരുതിയ നേരത്താണ് ഒരു ചെകുത്താന്‍ 'നില്‍ക്കാടാ അവിടെ' എന്ന് കല്പ്പിച്ചത്. 

"ആശാന്മാര്‍ എവിടെ പോയിട്ട് വരികയാ?" ചെകുത്താന്‍. ഞങ്ങള്‍ക്ക് പിന്നെ സീനിയേഴ്സ് എന്ന് പറഞ്ഞാല്‍ ടീച്ചേഴ്സ്ക്കാള്‍ ബഹുമാനമായതോണ്ട് ഒന്നും മിണ്ടാതെ മാന്യത അഭിനയിച്ചു! " എല്ലാത്തിന്റെയും നാക്കിറങ്ങിപ്പോയോടാ?". അപ്പൊ ഒരുവന്‍ പറഞ്ഞു "ഞങ്ങള്‍ ടൌണില്‍ പോകാന്‍ വേണ്ടി....." "ഹും! മനസ്സിലായി ". അതിനിടയില്‍ ഒരുത്തന്‍ ഒരു പഴഞ്ചന്‍ ഹീറോ ഹോണ്ട ബൈക്കും ആയി വന്നു വിക്രസ്‌ തുടങ്ങി. ബ്രെയ്ക്ക് ഇട്ടും കുതിപ്പിച്ചും അങ്ങനെ എന്തൊക്കെയോ കാണിക്കുന്നുണ്ട്. അവന് തറവാട്ടു വകയായി ഒരു ടയര്‍ കമ്പനി ഉണ്ട് എന്നാ തോന്നുന്നത്. വെറുതെ ഇങ്ങനെ ബ്രെയ്ക്ക് ഇട്ടു ടയര്‍ തെയ്ക്കുന്നുണ്ട്! കഷ്ട്ടകാലത്തിനു അതില്‍ ഒരുവന്‍ എന്നെയും പൊക്കി!! "എന്താടാ, നിന്റെ മുടി ഇങ്ങനെ? വെട്ടാരായില്ലേ?" "അല്ല ചേട്ടാ, സമയം കിട്ടിയില്ല. ഇവിടെ വന്നെ പിന്നെ പുറത്തിറങ്ങാന്‍ പറ്റിയിട്ടില്ല" "ഓഹോ. അങ്ങനെയാണല്ലേ? അധികം കളിച്ചലുണ്ടല്ലോ നിന്റെ മൂക്കിടിച്ചു പഞ്ചര്‍ ആക്കും പറഞ്ഞേക്കാം! നാളെ വരുമ്പോ നിന്റെ മുടി വെട്ടിയിട്ടുണ്ടായിരിക്കണം, കേട്ടല്ലോ?" "ശരി ചേട്ടാ!" ഞാന്‍ സമ്മതിച്ചു. റൂമിലേക്ക്‌ പോന്നു.

റൂമില്‍ ചെന്ന് ചിന്ത തുടങ്ങി. എങ്ങനെ ഒന്ന് മുടിവെട്ടും? നാടറിയില്ല, വഴിയറിയില്ല, പരിചയക്കാരും ഇല്ല! ഇനി അവനെ കണ്ടാലല്ലേ? എങ്ങനെയെങ്കിലും രക്ഷപ്പെടാം എന്ന ചിന്തയും ആയി ഞാന്‍ പിറ്റേന്നു ക്ലാസ്സില്‍ പോയി. പക്ഷെ ഒന്നും വിചാരിച്ച പോലെ നടന്നില്ല... ചെകുത്താന്‍ എന്നെ വിരട്ടി. രണ്ടാം ദിവസം വീണ്ടും വിരട്ടി. ഓരോ ദിവസം ചെല്ലും തോറും സംസാരത്തിന്റെ ടോണ്‍ മാറി മാറി വന്നു. ഒടുക്കം ഒരു വെള്ളിയാഴ്ച വന്നു. "എടാ, എന്താ നിന്റെ ഉദ്ദേശം? എന്റെ ഒരു പതിനഞ്ചു രൂപ നീ കളയുമോ? ഒരു കത്രിക വാങ്ങാന്‍ അത്ര ചിലവോന്നുമില്ല. ഞാന്‍ വളരെ മോശപ്പെട്ട ബാര്‍ബര്‍ ആണ് മോനെ! നീ നിന്റെ കളി നിര്‍ത്തിക്കോ, അതാ നല്ലത്." ഞാന്‍ തിരിച്ചടിച്ചു "വേണ്ട ചേട്ടാ, ഞാന്‍ ഞായറാഴ്ച തന്നെ പോയ്കൊലാം." ഞാന്‍ തറപ്പിച്ചു പറഞ്ഞു. എന്തായാലും ആറു ദിവസത്തിനിടയില്‍ അവന്‍ അഞ്ചു വട്ടം താകീത് തന്നു. 

ഞായറാഴ്ച് രാവിലെ പുറത്തിറങ്ങി. മുടിവെട്ട് കട തപ്പി നടന്നു. നടന്നു നടന്നു ഒരു കട കണ്ടു. ഒന്നാം നമ്പര്‍ തമിഴ്‌ മന്നന്‍! മേശയുടെ മുകളില്‍ തമിഴ്‌ മാസികകള്‍, ഒരു ഏരിയ മുഴുവന്‍ ഉറക്കം കെടുത്താന്‍ പോന്ന ഒരു അറുബോര്‍ പാട്ടും. ഒടുക്കം എന്റെ ഊഴം വന്നു. ഞാന്‍ കറങ്ങുന്ന കസേരയില്‍ ഞ്ളിഞ്ഞിരുന്നു. "എപ്പടി ?" അയാള്‍ ചോദിച്ചു. "എന്തോന്നാ?" എനിക്ക് ഒന്നും മനസ്സിലായില്ല. "മോഡല്‍ എപ്പടി? സ്റ്റൈല്‍?" അയാള്‍ വിശദീകരിച്ചു! " കുറച്ചു വെട്ടിയാല്‍ മതി!". "കൊഞ്ചം?" അയാള്‍ ചോദിച്ചു. "ആമാ" ഞാന്‍ തലയാട്ടി. ഹോ! രക്ഷപ്പെട്ടു! എങ്ങനെയൊക്കെയോ ഒപ്പിച്ചു! വെട്ടു തുടങ്ങി. അയാള്‍ പിന്‍ഭാഗത്ത്‌ നിന്ന് പണി തുടങ്ങി. എനിക്ക് ചെറിയ ഡൌട്ട് അടിച്ചു തുടങ്ങിയിരുന്നു. അയാളുടെ കത്രിക എന്റെ തലയില്‍ തട്ടുന്നുണ്ടായിരുന്നു. എന്റെ മനോഹരമായ നീളമേറിയ മുടി യാതൊരു ദാക്ഷിണ്യവും കാണിക്കാതെ അയാള്‍ അരിഞ്ഞു വീഴ്ത്തി. എന്തോ ഒരു മുന്‍ വൈരാഗ്യം ഉള്ള പോലെ! വെട്ടു കഴിഞ്ഞു കണ്ണാടിയില്‍ നോക്കിയാ ഞാന്‍ എന്നെ തന്നെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടി! കുറച്ചു വെട്ടിയാ മതി എന്ന് പറഞ്ഞപ്പോ ഇങ്ങനെ. ഈ നിലയ്ക്ക് നല്ലവണ്ണം കുറയ്ക്കാന്‍ പറഞ്ഞ അയാള് തല വെട്ടും എന്നാ തോന്നുന്നത്. ഒരു കുറ്റിച്ചൂല് തലയില്‍ വച്ച് കേട്ടിയ പോലെ പുറത്തിറങ്ങിയ എന്നെ കണ്ടിട്ട് സഹാമുറിയന്മാര്‍ എങ്ങനെ ചിരി നിയന്ത്രിച്ചോ ആവോ! എന്തായാലും ഞാന്‍ വേഗം തിരിച്ചു റൂമില്‍ വന്നു.

പിറ്റേന്ന്, രാവിലെ മുഴുവന്‍ ഞാന്‍ ആ ചേട്ടനെ കാണാന്‍ വേണ്ടി തിരഞ്ഞു നടന്നു. അല്ലെങ്കിലും വേണ്ട സമയത്ത് കാണേണ്ട ആളെ കാണില്ലല്ലോ? എന്തായാലും ഉച്ചയ്ക്ക് ആ മഹാനെ ഞാന്‍ കണ്ടുമുട്ടി. "നീ മുടി വെട്ടിയപ്പോ അങ്ങ് വൃത്തി വച്ചല്ലോ?" എന്നായിരുന്നു ആദ്യത്തെ ഡയലോഗ്! 'കുട്ടിചൂലും തലയില്‍ ചൂടി നടക്കുന്നതാ അവന്‍റെ നാട്ടിലെ വൃത്തി?' എനിക്കറിയില്ല.. എന്തായാലും ഞാന്‍ എന്റെ സര്‍വ കഴിവുമെടുത്തു നിഷ്കളങ്കമായി ചിരിച്ചു കാണിച്ചു. "ഇനി നീ ഇങ്ങനെ നടന്ന മതി!". 'നാട്ടുകാര്‍ ആ ബാര്‍ബറെ ബാക്കി വച്ചിട്ടുണ്ടെങ്കില്‍  അടുത്ത തവണയും ശ്രമിക്കാം' അല്ല പിന്നെ. ഞാന്‍ ഇതൊന്നും പറയാന്‍ പോയില്ല. എല്ലാം സമ്മതിച്ചു കൊടുത്തു.. എന്തായാലും അവന് എന്റെ നിഷ്ക്കളങ്കത ക്ഷ ബോധിച്ചു എന്ന് തന്നെയാ തോന്നുന്നത്. പിന്നീടൊരിക്കലും അവന്‍റെ മുഖത്ത് നോക്കി പല്ലിളിക്കാനോ കൊഞ്ഞനം കുത്താനോ ഞാനും പോയിട്ടില്ല എന്നോട് ഭീഷണിയുമായി അവനും വന്നിട്ടില്ല. 

തുമ്പ്‌: പല ചെകുത്താന്മാരുടെയും ശിഷ്യത്വം സ്വീകരിച്ച എന്റെ റാഗിംഗ് 
ചരിത്രത്തിന്റെ എണ്ണം : അര (1/2)

സത്യസന്ധന്‍.


2011, ജനുവരി 24, തിങ്കളാഴ്‌ച

ഒരു വ്യാജ ഓര്‍ക്കുട്ട് പ്രൊഫൈല്‍ ഉണ്ടാക്കുമ്പോള്‍ ...

എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞത് "ഒരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കാന്‍ ഏതു പിഞ്ചു ബാലനും കഴിയും" എന്നാണ്! വെറുതെ ഒരു രസം എന്നു പറഞ്ഞു ഒരു അക്കൗണ്ട്‌ കൂടാതെ ഒരു വ്യാജ പ്രൊഫൈലും ഉള്ള സുഹൃത്തുക്കള്‍ ധാരാളമുണ്ട്. നിര്‍ഭാഗ്യവശാല്‍, എനിക്കങ്ങനെ ഒരു പ്രൊഫൈല്‍ ഉണ്ടാക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാവാതെ പോയി! പക്ഷെ, നമ്മുടെ ഉള്ളില്‍ ഉള്ള ഐഡിയ വെറുതെ നഷ്ട്ടപ്പെടുതരുതല്ലോ! അതുകൊണ്ട് അഥവാ ഞാന്‍ ഒരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാല്‍ എന്തിനെക്കുറിചൊക്കെ ചിന്തിക്കും എന്നു ശ്രദ്ധിക്കാം!

 ഇവിടെ ഞാന്‍ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നത് ഒരു നിര്‍ദിഷ്ട വ്യക്തിയെ മനപ്പുര്‍വം 'ആപ്പിലാക്കാന്‍'  തക്കതായ ഒരു പ്രൊഫൈല്‍ ആണ്. ആയതുകൊണ്ട്, എവിടെയും എങ്ങിനെയും തോന്നിയതുപോലെ ഉപയോഗിക്കാന്‍. കഴിയുന്ന ഒരു വ്യാജ പ്രൊഫൈല്‍ എന്റെ ചിന്തയില്‍ ഇല്ല. ഉദാഹരണമായി ഞാന്‍ എന്റെ സമപ്രായത്ത്തില്‍ ഉള്ള ഒരു ആണ്‍കുട്ടിയെ ആണ് പറ്റിക്കാന്‍ ഉദ്ദേശിക്കുന്നത്... 


  1. പ്രൊഫൈല്‍ ഉണ്ടാക്കാന്‍ ഉള്ള ആദ്യ പടി ഒരു പേരു കണ്ടുപിടിക്കുക എന്നുള്ളതാണ്. ഇന്റര്‍നെറ്റ്‌ ഉള്ളിടത്തോളം കാലം പേരു കിട്ടാതെ ബുദ്ധിമുട്ടേണ്ടി വരില്ല എങ്കിലും. ഒരു പേരില്‍ പലതും കിടക്കുന്നുണ്ട്. കുറഞ്ഞപക്ഷം അത് എങ്ങനെ എഴുതണം എന്നെങ്കിലും ശ്രദ്ധിച്ചിരിക്കണം. ആണ്‍കുട്ടികളെ പറ്റിക്കാന്‍ എന്തുകൊണ്ടും ബെസ്റ്റ്‌ പെണ്‍കുട്ടികളുടെ പേരു തന്നെയാണ്. ഉദാഹരണത്തിന്, പ്രൊഫൈലില്‍ ഇടാന്‍ ഉദ്ദേശിച്ച പേരു 'പങ്കജാക്ഷി' എന്നനെന്നിരിക്കട്ടെ. ഒരിക്കലും ആ പേരു മുഴുവന്‍ എഴുതരുത്. 'Panku' എന്നോ മറ്റോ എഴുതാവൂ. അതിലും ചിലത് ശ്രദ്ധിക്കാനുണ്ട്! ചിന്നങ്ങള്‍ ഉപയോഗിച്ച് ചെയ്യുന്നതാണ് കൂടുതല്‍ ഉത്തമം! '|)@|\||<u' എന്നോ മറ്റോ ആണെങ്കില്‍ നന്നായിരിക്കും. (സംശയിക്കേണ്ട, മുകളില്‍ പറഞ്ഞ 'പന്കുവിനെ' 'ചിന്നീകരിച്ചതാണ്'!)ഒരുകാരണവശാലും ഒരുത്തനും തിരഞ്ഞു കണ്ടുപിടിക്കരുത്! അതാണ്‌ നമ്മുടെ ഉദ്ദേശം. ഈ-മെയില്‍ വിലാസം എന്തൊക്കെയായാലും പങ്കുവും ആയി ബന്ധമുല്ലതായിക്കോട്ടേ! പേര് കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇവിടെ  തപ്പാവുന്നതാണ്.
  2. വ്യാജന്‍ എന്നാ മുദ്ര ഒരിക്കലും ചാര്തപ്പെടാന്‍ പാടില്ല. ആയതുകൊണ്ട്, എല്ലാ അര്‍ഥത്തിലും നമ്മള്‍ 'പെര്‍ഫെക്റ്റ്‌' ആയിരിക്കണം. എന്തു ചോദിച്ചാലും ഉത്തരം ഉണ്ടാവണം! പഠിച്ച സ്കൂള്‍, സ്ഥലം, ചെയ്ത കോഴ്സ് എല്ലാം ഗൂഗിളിന്റെ സഹായത്തോടെ കണ്ടുപിടിക്കാവുന്നതെ ഉള്ളു. എബൌട്ട്‌ മി എന്നാ വിഭാഗം ആണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്‌! പറ്റിക്കാന്‍ ഉദ്ദേശിച്ച വ്യക്തി എങ്ങനെയുല്ലവനാണ് എന്ന് നല്ല ബോധം വേണം. അവന്റെ താല്‍പ്പര്യങ്ങള്‍ ഒരു സൂചന പോലെ കൊടുക്കാവുന്നതാണ്. അതെ സമയം അവന്‍ നമ്മളെ സംശയിക്കാതിരിക്കാന്‍, ചിലത് ചെയ്യാനുണ്ട്! ഉദാഹരണത്തിന്, നിങ്ങള്ക്ക് ഹൃതിക് റോഷനെ ഇഷ്ട്ടമല്ല എന്നിരിക്കട്ടെ " Oh Hrithik, I lyk u so mch. cnt liv wthout hm!" എന്ന വാക്യം അത്യുത്തമം!! "I'm talketive, cool, I hate cheaters, love friends, strangers back off!" എല്ലാം യുക്തി പോലെ ചേര്‍ക്കാവുന്നതാണ്.
  3. വ്യാജന്‍ ഉണ്ടായിക്കഴിഞ്ഞാല്‍ ആദ്യം തന്നെ അവനു റിക്വസ്റ്റ് അയക്കരുത്! ആദ്യം കുറച്ചു ഫ്രണ്ട്‌സ് വേണം. പെണ്‍കുട്ടിയുടെ പേരാണ് ഉള്ളത് എന്നുള്ളതുകൊണ്ട് അതൊരു ബുദ്ധിമുട്ടുള്ള പണിയാവാന്‍ സാധ്യത ഇല്ല. ഫ്രണ്ട്സ് എന്നാ കമ്മ്യൂണിറ്റി സെര്‍ച്ച്‌ ചെയ്ത് അതിലെ കുറച്ചു പേര്‍ക്ക് റിക്വസ്റ്റ് അയച്ചാല്‍ അത്രയും നന്ന്. അതില്‍ തന്നെ, പന്കുവിന്റെ നാട്ടുകാരെ കിട്ടിയാല്‍ അടിപൊളി!! ഒന്നും നടന്നില്ലെങ്കില്‍, ആണ്‍കുട്ടികള്‍ക്ക്‌ റിക്വസ്റ്റ് അയച്ച മതി.പക്ഷെ, ഒരു ചെറിയ നോട്ട് കൊടുക്കുന്നത് നല്ലതാ. ഒരു ഉദാഹരണത്തിന്  "I like your hair! thought of adding you! Will you be my friend?". പക്ഷെ, ഈ മെസ്സേജ് ഒരു മോട്ടതലയനല്ല അയക്കുന്നത് എന്ന് ഉറപ്പുവരുത്തുക. പ്രൊഫൈലില്‍ പ്രത്യേകതയുള്ള എന്തു കണ്ടാലും ഉടനെ അതിനെക്കുറിച്ച് പറഞ്ഞ മതി! അങ്ങ് പുകഴ്ത്തിയെക്ക്, ഇതു വമ്പ നും വീണിരിക്കും! 
  4. ഇനി വേണ്ടത്‌ കുറച്ചു വിവേകം ആണ്. ആദ്യം തന്നെ സ്വന്തം പ്രോഫിലിലെക്ക് ഒരു റിക്വസ്റ്റ് അയക്കണം. വ്യാജനെ ഉണ്ടാക്കുമ്പോ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്‌ സ്വന്തം പ്രൊഫൈലും വ്യാജനും ഒരേ സമയം ഓണ്‍ലൈന്‍ ആവതക്കവണ്ണം രണ്ടു ബ്രൌസര്‍ഇല്‍ ഓര്‍ക്കുട്ട് ലോഗ് ഇന്‍ ചെയ്യണം എന്നുള്ളതാണ്. ആദ്യം സ്വന്തം പ്രൊഫൈലില്‍ നിന്ന് വ്യാജനിലേക്ക് ഒരു സ്ക്രാപ്‌ ഇടുക.ഉദാഹരണത്തിന്,  "do i knw u?" എന്നാവാം! പിന്നെ പതുക്കെ അവനു റിക്വസ്റ്റ് അയക്കുക. മ്യുച്ച്വല്‍ ഫ്രണ്ട്സില്‍ നിങ്ങളെ കണ്ടാല്‍ അവന്‍ എന്തായാലും നമ്മുടെ സ്ക്രാപില്‍ തപ്പും! നൂറു ശതമാനം ഉറപ്പാ. 
  5. പിന്നെ പതുക്കെ പതുക്കെ എന്ത് രഹസ്യവും ചോര്ത്താം. പക്ഷെ, സ്വന്തം പ്രൊഫൈലില്‍ നിന്ന് ഒരു സ്ക്രാപ്‌ നിര്‍ബന്ധമാണ് "എടാ, നിനക്ക് ആ പങ്കു ആരാന്നു അറിയോ ഡാ?". നമ്മളും വ്യാജനും തമ്മില്‍ യാതൊരു ബന്ധവും തോന്നരുത്‌.  ഇടയ്ക്കൊക്കെ രണ്ടു പ്രൊഫൈലും ഒരുമിച്ചു ലോഗ് ഇന്‍ ചെയ്തു വിപുലമായി പറ്റിക്കാം.
ഈ പോസ്റ്റ്‌ അണ്ണാനെ മരം കയറ്റം പഠിപ്പിക്കാന്‍ വേണ്ടി എഴുതിയതല്ല. മറിച്ച് , മരം കയറാന്‍ അറിഞ്ഞിട്ടും ഒരു മരം പോലും കയറാന്‍ അവസരം കിട്ടാതെ പോയ പാവപ്പെട്ട ചില അണ്ണന്മാരെ മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ്. 

എല്ലാം പഠിച്ചു എന്ന് ഉറപ്പായാല്‍ "പറ്റിക്കപ്പെടാന്‍ പോകുന്നവന്‍ ഈ പോസ്റ്റ്‌ വായിച്ചിരിക്കല്ലേ" എന്ന് ഉറക്കെ ജപിച്ചുകൊണ്ട് തുടങ്ങിക്കോളൂ. 

സത്യസന്ധന്‍

ഒരു ചെറിയ ഉപദേശം: ആദ്യത്തെ പണി ആശാനിട്ടു കൊടുക്കുന്ന പ്രവണത അത്ര നല്ലതല്ല! അതോണ്ട്, അതുപെക്ഷിക്കുക!

2011, ജനുവരി 1, ശനിയാഴ്‌ച

ഇടിവീരന്മാര്‍

ഒരു ഇടി കൊണ്ടാല്‍ വേദനിക്കുമോ? ഈ ചോദ്യത്തിന് ഉത്തരം അറിയാത്തവര്‍ അധികം ആരും ഉണ്ടാവും എന്നു തോന്നുന്നില്ല. പക്ഷെ നമ്മുടെ മലയാളികള്‍ക്ക് തല്ലുക എന്നു പറഞ്ഞാല്‍ ഒരു ഹരം തന്നെയാണ്. അതിനിപ്പോ ഒരു കാരണം തന്നെ വേണമെന്നില്ല.  അയലത്ത് ഒരു തല്ലു നടക്കുന്നു എന്നു പറഞ്ഞാല്‍ ഇടിക്കാന്‍ അടുത്ത പഞ്ചായത്തില്‍ നിന്നു പോലും ഇടിവീരന്മാര്‍ വരും. ഒരു ചെറിയ ഇടി കഥ!!

നമ്മുടെ കണ്മുന്നില്‍ വച്ച് ഒരു അപകടം സംഭവിച്ചാല്‍ നമ്മള്‍ എന്ത് ചെയ്യും? ഈ ചോദ്യത്തിന് പലര്‍ക്കും പല സന്ദര്‍ഭങ്ങളില്‍ പല ഉത്തരങ്ങളാണ് പറയാന്‍ ഉണ്ടാവുക. ഞാന്‍ പറയുമ്പോള്‍, " അങ്ങോട്ടു നോക്കണ്ട! ചിലപ്പോ രാത്രി ഉറങ്ങാന്‍ പറ്റില്ല.". ആ വഴി വാഹനത്തില്‍ പോകുന്നവരാണെങ്കില്‍, "വേഗം വിട്ടോ, ഇല്ലേല്‍ പണി കിട്ടും". സാധാരണ ഇതുപോലെയുള്ള ചില ഉത്തരങ്ങള്‍ കിട്ടിയേക്കാം പക്ഷെ, ഇന്നത്തെ ബഹുഭൂരിപക്ഷവും ഒരു സ്പെഷല്‍ ഉത്തരം തന്നെയാണ് പറയാന്‍ സാധ്യത! "വാ അളിയാ! നമ്മുക്ക് ഡ്രൈവറെ തല്ലാം!". ഇന്നത്തെ കാലത്ത്‌ സാമാന്യം മോശമല്ലാത്ത ഒരു അപകടം പറ്റിയാല്‍ മിനിമം രണ്ടാള്‍ക്കാരെങ്കിലും പരിക്കു പറ്റി ആശുപത്രിയില്‍ ആവും! ഒരുത്തന് അപകടം കാരണം പരിക്കു പറ്റിയെങ്കില്‍ അടുത്തവന്‍ നാട്ടുകാരുടെ തല്ലുകൊണ്ടിട്ടാവും ആശുപത്രി വാസത്തിനു യോഗമുണ്ടാവുക. ഇനിയിപ്പോ അപകടം കാരണം ആര്‍ക്കും പരിക്കു പറ്റിയില്ലെങ്കില്‍ പോലും വലിയ വാഹനം ഓടിച്ചിരുന്ന ഏതു ഡ്രൈവര്‍ക്കും 90 ശതമാനവും തല്ലുകൊള്ളാന്‍ തന്നെയാണു സാധ്യത. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് എനിക്കുണ്ടായ ഒരു അനുഭവം ഇങ്ങനെയാണ്...

എന്നത്തേയും പോലെ 'പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഇല്ലാത്ത' സാധാരണയില്‍ സാധാരണമായ ഒരു വൈകുന്നേരം. ഒരു ചെറിയ ബഹളം കേട്ടിട്ടാണ് ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്‌. പുറത്തിറങ്ങി നോക്കിയപ്പോ ഞാന്‍ കണ്ടത്. ഒരു സര്‍ക്കാര്‍ ശകടം റോഡിനു നടുവില്‍ കിടക്കുന്നു. പിന്‍ഭാഗത്തെ ചില്ല് തകര്‍ന്നിട്ടുണ്ട്. അതിനു പിന്നില്‍ ഒരാള്‍ മലര്‍ന്നു കിടക്കുന്നു. ഒരുപാട് ആളുകള്‍ അതിനു ചുറ്റും നിന്ന് ബഹളം വയ്ക്കുന്നു. അപകടം പറ്റിയതാണ്. ഞാന്‍ ഉടന്‍ തന്നെ എന്റെ നിലപാട് പുറത്തിറക്കി. നോക്കണ്ട! ഉറക്കം പോകും! കിടക്കുന്ന കിടപ്പ് കണ്ടിട്ട് വണ്ടിയുടെ ചക്രം തലയില്‍ കയറി ഇറങ്ങി കാണണം! കഷ്ട്ടം! ഒരു പൂരം കാണുന്ന പോലെ ഞാന്‍ അവിടെ നടക്കുന്ന സംഭവങ്ങളെ ഞാന്‍ നിരീക്ഷിച്ചു. ഡ്രൈവറെ സീറ്റില്‍ നിന്ന് പുറത്തിറക്കി കുറേ ആള്‍ക്കാര്‍ കൂടി നിന്ന് തല്ലോടു തല്ലു തന്നെ! കണ്ടക്ടര്‍ക്കും മോശമില്ലാത്ത തല്ലു കിട്ടുന്നുണ്ട്‌. 

ഡ്രൈവറുടെ അവസ്ഥ പരിതാപകരം തന്നെ ആയിരുന്നു. ലോകത്തിലെ ഏറ്റവും മൃദുലമായ പഞ്ച് പാഡ് ഫ്രീ ട്രയലിനു കൊണ്ടുവച്ച പോലെ ഡ്രൈവര്‍ നിന്നു  തല്ലു കൊള്ളുന്നു.. ആ തല്ലു കണ്ടാല്‍, ഒരു ചെറിയ കുട്ടി പോലും അവന്റെ മസില്‍ പവര്‍ പരീക്ഷിച്ചുപോകും. തല്ലുന്നവരുടെ എണ്ണം ഓരോ നിമിഷവും കൂടി കൂടി വന്നു! അടുത്ത ജില്ലയില്‍ നിന്നു വരെ തല്ലാന്‍ ആള്‍ക്കാരെ ഇറക്കിയിട്ടുണ്ട് എന്നാണു തോന്നുന്നത്. അപകടം പറ്റിയവന്‍  അപ്പോഴും അവിടെ തന്നെ കിടക്കുന്നു. ജീവനുണ്ടോ? അറിയില്ല... ആര്‍ക്കും അത് ശ്രദ്ധിക്കാന്‍ പോലും സമയമില്ല. വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒരു പണി നടന്നോണ്ടിരിക്കുകയാണല്ലോ? 

പെട്ടെന്നാണ് ഒന്നു  സംഭവിച്ചത്! അപകടം പറ്റിയവന്‍ ആടിയാടി പതുക്കെ എഴുന്നേറ്റു നില്‍ക്കുന്നു! അയാള്‍ വളരെ കഷ്ട്ടപ്പെട്ട് നടന്നു നീങ്ങുന്നു. ഉടന്‍ തന്നെ ഒരു പോലീസ് വണ്ടി വന്നു അയാളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. സംഭവത്തിന്റെ വിശദാംശം എനിക്ക് പിന്നീടാണ് മനസ്സിലായത്. കള്ളുകുടിച്ചു ബോധമില്ലാത്ത ഒരുത്തന്‍ അസഭ്യം പറഞ്ഞു എന്ന പേരില്‍ ബസില്‍ നിന്നു കണ്ടക്ടര്‍ പുറത്തിറക്കിവിട്ടു.  ഭൂമിയില്‍ നേരെ നിലയുറപ്പിക്കാന്‍ കഴിയാത്ത അയാള്‍ ബസിന്റെ കരിയരിലേക്ക് കയറുന്ന ഗോവണിയില്‍ പിടിച്ചു യാത്ര തുടര്‍ന്നു. അതും പോരാഞ്ഞ് ഓടിക്കൊണ്ടിരിക്കുമ്പോള്‍ പിന്നിലെ ഗ്ലാസ്‌ അടിച്ചു പൊട്ടിച്ചു. ശബ്ദം കേട്ട ഉടനെ ഡ്രൈവര്‍ വണ്ടി സഡന്‍ ബ്രെയ്കിട്ടു. ബോധമില്ലാത്ത കള്ളുകുടിയന്റെ ബോധം ഒന്നും കൂടെ പോയി. നിലത്ത് കിടപ്പായി! എന്തൊക്കെ ആയാലും കൊള്ളാന്‍ ഉള്ളത് ശരിക്കും കൊണ്ടത്‌ നിഷ്കളങ്കരായ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ആയിരുന്നു എന്ന് മാത്രം. 

സാരം: സത്യത്തില്‍ എനിക്കിപ്പോ നിങ്ങളെ തല്ലാന്‍ ഒരു കാരണത്തിന്റെ ആവശ്യമുണ്ടോ? സൂക്ഷിക്കണ്ട, സൂക്ഷിച്ചിട്ടു ഒരു കാര്യവുമില്ല! വരാനുള്ളത് വഴിയില്‍ തങ്ങില്ല! 

സത്യസന്ധന്‍


2010, ഡിസംബർ 12, ഞായറാഴ്‌ച

പാരവെപ്പ്

ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കുകയായിരുന്ന എന്നോട് ഒരു അപേക്ഷയുമായി ഒരു സഹമുറിയന്‍ വന്നു! "എന്‍റെ ഗ്ലാസ്‌ ആരോ അടിച്ചോണ്ട് പോയി! നീ റൂമിലേക്ക്‌ വരുമ്പോ നിന്റെ ഗ്ലാസില്‍ കുറച്ച്‌ വെള്ളം കൊണ്ടുവരുമോ?". ദാഹിക്കുന്നവനു കുറച്ച്‌ വെള്ളം കൊടുക്കുക! അത് ചെയ്യാത്തവന്‍ എത്ര നീചനാണ്? ഞാന്‍ ഒരു സംശയവും കൂടാതെ സമ്മതിച്ചു! കയ്യും കഴുകി പോകാന്‍ നേരത്ത് അവന്‍  വീണ്ടും ഓര്‍മിപ്പിച്ചു "മറക്കരുത് ട്ടോ!". "മറക്കുകയോ? ഞാനോ? നീ പേടിക്കണ്ട ഞാന്‍ എന്തായാലും കൊണ്ടുവരാം!" ഒരു പുന്ന്യകാര്യം   ചെയ്തതിനു നന്ദി നിഷേധിക്കും പോലെ ഞാന്‍ പറഞ്ഞു!അവന്‍ പോയി! ഞാന്‍ എന്‍റെ ഡ്യൂട്ടി തുടര്‍ന്നു! പക്ഷെ, ഒരാവശ്യവും ഇല്ലാത്ത കുറെ ആഗോള കാര്യങ്ങള്‍ തലയില്‍ ഉണ്ടായിരുന്ന എനിക്ക് ഇത്രയും ഓര്‍മിപ്പിച്ച്ചിട്ടും വെള്ളത്തിന്റെ കാര്യം ഓര്‍മ്മിക്കാന്‍ കഴിഞ്ഞില്ല!

നടന്നു നടന്നു മൂന്നാം നിലയിലെ റൂമിന്റെ ഡോറില്‍ മുട്ടിക്കൊണ്ടിരിക്കുംബോഴാണ് വെള്ളം കൊണ്ടുവരാം എന്ന് പറഞ്ഞ കാര്യം ഞാന്‍ ഓര്‍ത്തത്‌! താഴെ പോയി വീണ്ടും തിരിച്ചു കയറിവരാന്‍ എന്‍റെ മടി എന്നെ അനുവദിച്ചില്ല. ' ഞാന്‍ എന്‍റെ ഗ്ലാസ്‌ അവനു കൊടുത്തേക്കാം! അത്ര അത്യാവശ്യമാണെങ്കില്‍, അവന്‍ താഴെ പോയി കുടിക്കട്ടെ! എന്തായാലും എന്‍റെ ഔദാര്യത്തില്‍ ആണല്ലോ അവനു ഗ്ലാസ്‌ കിട്ടിയത്!'ഞാന്‍ സമാധാനിച്ചു. പെട്ടെന്ന് എനിക്കൊരു സൂത്രം തോന്നി. 'എന്തായാലും എല്ലാവരെയും ഒന്ന് പറ്റിച്ചെക്കാം'.

വാതില്‍ തുറന്നപ്പോള്‍! ഞാന്‍ പതുക്കെ എന്‍റെ ഗ്ലാസില്‍ വെള്ളമുണ്ട് എന്ന് തെറ്റിദ്ധരിക്കവണ്ണം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അകത്തേക്ക് കയറി! പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു ഹര്‍ഷാരവം ആണ് എന്നെ എതിരെട്ടത്‌! കൂടെ കൂട്ടച്ചിരിയും ! അവിടെ മേശപ്പുറത്തു 2 ഗ്ലാസ്സുകള്‍ ഇരിക്കുന്നുണ്ടായിരുന്നു! സഹാമുരിയന്മാരില്‍ 2 പേര്‍ ഒരുമാതിരി 'അവിഞ്ഞ മോന്തയും' ആയി ഇരിപ്പുണ്ടായിരുന്നു. അഭ്യര്‍ഥനയും ആയി വന്ന ആ സഹമുറിയന്‍ സംഗതി വിവരിച്ചു തന്നു! അവന്‍ ചിരി നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു    " നീ ആണ് ഈ റൂമിലെ മൂനാമത്തെ കോഴി!. ബാക്കി രണ്ടെണ്ണം ദാ അവിടെ ഇരിപ്പുണ്ട്!". മുക്കിലിരിക്കുന്ന 2 പേരും വളിഞ്ഞ ചിരി ചിരിച്ചു! 

ചിരിക്കേണ്ട സമയത്ത് ചിരി നിയന്ത്രിക്കാന്‍ എനിക്ക് പണ്ടേ ഭയങ്കര കഴിവായിരുന്നു! യാതൊരു  ഭാവവ്യത്യാസവും കൂടാതെ ഞാന്‍ എന്‍റെ പ്രസംഗം തുടങ്ങി! "അതുശെരി! അപ്പൊ നിങ്ങള്‍ക്ക്‌ ഞാന്‍ കൊണ്ടുവന്ന വെള്ളം ആവശ്യമുണ്ടയിട്ടു ചോദിച്ചതോന്നുമല്ല അല്ലെ? അല്ലെങ്കിലും എനിക്ക് ഇതുതന്നെ വേണം! ദാഹിചിരിക്കുകയല്ലേ? പാവങ്ങള്‍ കുറച്ച്‌ വെള്ളം കുടിച്ചോട്ടെ എന്ന് വിചാരിച്ചു മെസ്സില്‍ നിന്ന് വെള്ളവുമെടുത്തു അത് ഒട്ടും പുറത്തുകളയാതെ. ആത്മാര്‍ഥമായി കൊണ്ടുവന്ന ഞങ്ങള്‍ കുറച്ച്‌ പേര്‍ മണ്ടന്മാര്‍ അല്ലെ? മനസ്സിലായെടാ! ഇനി നീ നിനക്ക് വെള്ളം ആവശ്യം വരുമ്പോ ചോദിക്കും അപ്പൊ എന്‍റെ കയ്യില്‍ ഉണ്ടാവില്ല... അപ്പൊ നീ അനുഭവിക്കും!" ഒരു ഇളിഭ്യതയോടുകൂടി ഇത് പറഞ്ഞു തീര്‍ത്തപ്പോ അഭ്യര്‍ഥനയുമായി നിന്നിരുന്ന ആ സഹമുറിയന്റെ കണ്ണില്‍നിന്നു വെള്ളം വന്നിരുന്നു! അതെ, അമിതമായി ചിരിച്ചാലും കണ്ണില്‍ നിന്ന് വെള്ളം വരും എന്ന കാര്യം ഞാന്‍ അതിലൂടെ മനസ്സിലാക്കുകയായിരുന്നു!! ചിരിച്ചു ചിരിച്ചു ഇനിയും തുടര്‍ന്നാല്‍ ശ്വാസം കിട്ടാതെ മരിച്ചുപ്പോകും എന്ന് സംശയം തോന്നിത്തുടങ്ങിയ നേരത്ത്! ഞാന്‍ തുടര്‍ന്നു "എന്തായാലും എന്നെ അവന്‍ ചതിച്ചു... ഈ ഗ്ലാസിലെ വെള്ളം അവനു തന്നെ ഇരിക്കട്ടെ!". പറഞ്ഞു തീര്‍ന്നതും എന്‍റെ കയ്യില്‍ ഉള്ള കാളി ഗ്ലാസ്‌ ഞാന്‍ അവന്റെ നേര്‍ക്ക്‌ എറിഞ്ഞു! 

ഇന്നിപ്പോ അതോര്‍ക്കുമ്പോള്‍ സെയ്ന്റ് ഗോബൈന്‍ ഗ്ലാസ്സിന്റെ പരസ്യത്തില്‍ ഗ്ലാസ്‌ ക്ലീന്‍ ചെയ്യാന്‍ വരുന്ന ഒരു ക്ലീനരുടെ  റോള്‍ ചെയ്ത പോലെ ആയിരുന്നു അന്നത്തെ കാഴ്ച.  വെള്ളവും പ്രതീക്ഷിച്ചു നിന്നിരുന്ന അവന്‍ പകുതി നനഞ്ഞു എന്ന് തോന്നിപ്പിക്കും വിധം ആയിരുന്നു പ്രതികരണം! എന്തായാലും അവന്‍ ചിരിചുചിരിച്ചു മരിക്കാതെ നോക്കാന്‍ കഴിയുകയും ബാക്കി ഉള്ളവരുടെ വളിഞ്ഞ ചിരി അട്ടഹാസം ആയി  മാറാനും ഈ സംഭവം വഴിതെളിച്ചു!

സാരം: പാരവെപ്പ് ആരുടേയും കുത്തകയല്ല!

സത്യസന്ധന്‍