ഒരു സാധാരണ ദിവസം... രാവിലെ തന്നെ എല്ലാവരും നല്ല ഉഷാറായി ക്ലാസ്സില്‍ പോകാന്‍ റെഡി ആയി ഇരിക്കുന്ന സമയം! ഒരുത്തനു മാത്രം ഒരു ചെറിയ സംശയം! 'അല്ല, ഇന്നു ക്ലാസ്സില്‍ പോകണോ?'. ആ ചിന്ത ഒരു പനി പോലെയായിരുന്നു! പിന്നെ എല്ലാവര്‍ക്കും ഇതു തന്നെ ചിന്ത. ഒടുക്കം ഹോസ്റ്റലില്‍ നിന്ന് ഇറങ്ങേണ്ട സമയത്തിന് വെറും പത്തു മിനിറ്റ് മുമ്പ്. ആ റൂമില്‍ ഉണ്ടായിരുന്ന മഹാത്മാക്കള്‍ ഒരു മഹത്തായ തീരുമാനം എടുത്തു. 'ഇന്ന് ആ റൂമില്‍ നിന്ന് ആരും കോളേജിന്റെ പടി കയറുന്നില്ല!'. പക്ഷെ, അപ്പോഴാണ് വേറെ ഒരു പ്രശ്നം. 'എങ്ങനെ കട്ട് ചെയ്യും?'. ഒരേ റൂമിലെ ആറു പേര്‍ ഒരുമിച്ചു റൂമില്‍ കെട്ടി കിടന്നാല്‍ വാര്‍ഡന്‍ ഞങ്ങളുടെ കാര്യം 'തീരുമാനമാക്കും'. എങ്ങിനെയെങ്കിലും പുറത്തിറങ്ങി ടൌണില്‍ കറങ്ങാം എന്ന് വിചാരിച്ചാല്‍, യാതൊരു തൊഴിലും ഇല്ലാത്ത ഞങ്ങളുടെ നല്ലവരായ സീനിയേഴ്സ് ' ഇതിലും ഭേദം ട്രെയിനിനു തല വയ്ക്കുന്നതാണ്' എന്ന് തോന്നിപ്പിച്ചാല്‍ സഹിക്കുകയെ നിവര്‍ത്തി ഉണ്ടാവുകയുള്ളൂ! ഒടുക്കം ഒരു വഴി കണ്ടുപിടിച്ചു! റൂം പുറമേ നിന്ന് ആരെയെങ്കിലും കൊണ്ട് പൂട്ടിക്കുക. അകത്തു കിടന്നു ഉറങ്ങുക. പറ്റിയാല്‍ അകത്തിരിക്കുന്ന കമ്പ്യൂട്ടറില്‍ ഗെയിം കളിക്കുക. അത്ര തന്നെ. ആ മഹത്തായ ഐഡിയയുടെ മുന്നില്‍ എല്ലാവരും തൊഴുതു.
പിന്നെയാണ് വേറെ ഒരു പ്രശ്നം കണ്ടുപിടിക്കപ്പെട്ടത്. 'പൂച്ചയ്ക്കാരു മണി കേട്ടും?' എന്ന് ചോദിച്ച പോലെ 'റൂം ആരു പൂട്ടും?' എന്നൊരു ചോദ്യം ഉടക്കി. പരിഹാരമായി തൊട്ടു അടുത്ത റൂമിലെ ഒരു പരോപകാരിയെ ഞങ്ങള്‍ കണ്ടു പിടിച്ചു. പരോപകാരി എന്ന് പേരിടാന്‍ കാരണം വേറെ ഒന്നുമല്ല. അവനോടു ഞങ്ങള്‍ ബിരിയാണി വാങ്ങി തരാം എന്നോ അവന്റെ അസൈന്‍മെന്‍റ് ചെയ്തു കൊടുക്കാമെന്നോ ഒന്നും പറഞ്ഞിരുന്നില്ല. പക്ഷെ, ആ പാവം സമ്മതിച്ചു. രാവിലെ തന്നെ മെസ്സില്‍ കയറി വേണ്ടതെല്ലാം വെട്ടി വിഴുങ്ങിയിട്ട് റെഡി ആയി റൂമില്‍ കയറി. പരോപകാരി റൂം പൂട്ടി ക്ലാസ്സിലും പോയി. ഒരു പത്തു മിനിറ്റ് കൊണ്ട് ഹോസ്റ്റല്‍ മുഴുവന്‍ മൂകമായി. ഹോസ്റ്റല്‍ വാര്‍ഡന്‍ പല കാര്യങ്ങള്‍ക്കുമായി ഞങ്ങളുടെ റൂമിന്‍റെ മുന്നിലൂടെ പോകുന്നതും ചെയ്യുന്നതും ഒക്കെ ഞങ്ങള്‍ അറിയുന്നുണ്ടായിരുന്നു. മാത്രമല്ല, റൂം പൂട്ടി പോയതിനു ശേഷം ഒരു മനുഷ്യക്കുട്ടി ഒന്നും മിണ്ടിയിട്ടില്ല. പെട്ടെന്നാണ് എനിക്ക് തുമ്മല്‍ വന്നത്, തുമ്മാന്‍ തുടങ്ങിയ എന്നോട് ഇതൊന്നും പാടില്ല എന്ന് എന്‍റെ സഹാമുറിയന്മാര്‍ ആംഗ്യ ഭാഷയില്‍ അറിയിച്ചു. പകുതി തുമ്മിയ ഞാന്‍ ഉള്ള കഴിവുകള്‍ ഒക്കെ ഉപയോഗിച്ച് തുമ്മല്‍ നിയന്ത്രിച്ചു. അത് കഴിഞ്ഞപ്പോഴേക്കും കണ്ണില്‍ നിന്ന് വെള്ളം വന്നു തുടങ്ങിയിരുന്നു...എന്നാലും വിട്ടില്ല. ജീവിതപ്രശ്നം ആണല്ലോ!! കുറച്ചു സഹിക്കുക തന്നെ!
കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും ചെറിയ ചെറിയ സ്വകാര്യ സംഭാഷണങ്ങള്‍ തുടങ്ങിയിരുന്നു. അഥവാ പിടിക്കപ്പെട്ടാല്‍ ഉണ്ടാവാന്‍ സാധ്യത ഉള്ള ഭവിഷ്യത്തുകള്‍, പിടിക്കപ്പെടാന്‍ ഉള്ള സാദ്ധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു തുടങ്ങിയിരുന്നു. കുറച്ചു സമയത്തിനുള്ളില്‍ ഞങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ആദ്യം തന്നെ കമ്പ്യൂട്ടറിന്റെ സ്പീക്കര്‍ ഓഫ് ചെയ്തു. പതുക്കെ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്തു. ഗെയിം കളി തുടങ്ങി. പെട്ടെന്നാണ് അത് സംഭവിച്ചത്! കറന്‍റ് പോയി. ഒപ്പം കമ്പ്യൂട്ടറിന്റെ യു.പി. എസ് എന്ന ഉപകരണം ഇത്രകാലം ഉണ്ടാക്കാത്തതിലും വലിയ ശബ്ദം ഉണ്ടാക്കാന്‍ തുടങ്ങി. ഒരു അഞ്ചു നിമിഷത്തിനുള്ളില്‍ ഞങ്ങള്‍ ഒന്നും നോക്കാതെ കമ്പ്യൂട്ടര്‍ ഫുള്‍ അങ്ങ് ഓഫ് ചെയ്തു. കിടക്കയില്‍ വന്നു കിടപ്പായി. 'എന്തായിരുന്നു ആ ശബ്ദം? ഞങ്ങള്‍ ഒന്നും അറിഞ്ഞിട്ടു തന്നെ ഇല്ല.' എന്ന മട്ടില്‍ ആയിരുന്നു കിടന്നുറങ്ങിയത്. അത് കണ്ടുപിടിക്കതിരുന്നത് വാര്‍ഡന്‍ കുറച്ചു വിവരം കുറവായതുകൊണ്ട് മാത്രമാണ് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഇനി ഒരു വഴി തന്നെ. വേഗം കിടന്നു ഉറങ്ങുക. ശബ്ദം ഉണ്ടാക്കാതിരിക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗം അത് തന്നെയായിരുന്നു.
പക്ഷെ, ഉറങ്ങാന്‍ ഏറ്റവും നല്ല മാര്‍ഗം ക്ലാസ്സില്‍ പോവുക തന്നെയായിരുന്നു എന്ന് ഞങ്ങള്‍ക്ക് തോന്നിപ്പോയി. ആവശ്യമില്ലാത്ത ചിന്തകള്‍ മുളയ്ക്കാന്‍ തുടങ്ങി. 'ഇപ്പൊ പെട്ടെന്നൊരു ഭൂകമ്പം വന്നാല്‍ എന്ത് ചെയ്യും? എങ്ങനെ രക്ഷപ്പെടും?' എന്നും മറ്റും ചിന്തിച്ചു തുടങ്ങിയിരുന്നു. എന്തായാലും കട്ട് ചെയ്തിട്ടും ഒരു മിനിറ്റ് പോലും ആര്‍ക്കും ഉറങ്ങാന്‍ പറ്റിയില്ല. പലരും എഫ് എം. റേഡിയോയുടെ ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകി കിടപ്പ് തുടര്‍ന്നു. ഏതായാലും ഉച്ച ആയി. കോളേജില്‍ പോയിരുന്നവര്‍ ഭക്ഷണം കഴിക്കാന്‍ എത്തി തുടങ്ങി. കാരാഗൃഹത്തില്‍ നിന്ന് ഞങ്ങളും മോചിക്കപ്പെട്ടു. ഉടുത്തിരുന്ന ലുങ്കിയും ഷര്‍ട്ടും മാറ്റി കോളേജില്‍ പോകാന്‍ വച്ചിരുന്ന വേഷം ഇട്ടു(സംശയത്തിന്റെ നിഴല്‍ പോലും ഉണ്ടാവരുതല്ലോ!). കഴിഞ്ഞ മൂന്നു മണിക്കൂറുകള്‍ ആയി ക്ലാസ്സില്‍ ഇരുന്നു പഠിച്ചു തളര്‍ന്ന കുട്ടികളെ പോലെ ഞങ്ങള്‍ വാര്‍ഡന്‍ ടെ റൂമിനു മുന്നില്‍ കൂടി ഭക്ഷണം കഴിക്കാന്‍ പോയി. ഭക്ഷണം കഴിച്ചു തിരിച്ചു വന്നു. എല്ലാം പ്രതീക്ഷിച്ച പോലെ പരോപകാരി റൂം പൂട്ടി സ്ഥലം വിട്ടു.
രവിലതെക്കാള്‍ കഷ്ട്ടമായിരുന്നു ഉച്ചയ്ക്ക് ശേഷം! ഓരോ നിമിഷവും ഓരോ യുഗം പോലെ നീങ്ങി. ചിലര്‍ക്കൊക്കെ ക്ലാസ്സില്‍ പോയാ മതിയായിരുന്നു എന്ന് ചിന്തിച്ചു തുടങ്ങിയിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോ കറന്‍റ് പോയി. പിന്നെ അത് ഒരു കാരാഗൃഹം തന്നെ ആയിരുന്നു. വിയര്‍ത്തു കുളിച്ചു ശ്വാസം മുട്ടി കിടക്കുന്ന ഒരു ആറു മടിയന്മാര്‍. അതായിരുന്നു ഞങ്ങള്‍. പക്ഷെ, ഞങ്ങള്‍ ഇതൊന്നും പുറത്തു കാണിച്ചില്ല.. എല്ലാം സഹിച്ചു, ക്ഷമിച്ചു. ഏതാണ്ട് ഒരു മൂന്ന്‍ മൂന്നര ആയപ്പൊ ഒരു ചെറിയ മുട്ട് കേട്ടു. കോളേജ് വിടാന്‍ നേരം ആയില്ല. എന്തോ പന്തികേടുണ്ട്. കട്ട് അടിച്ച ആദ്യ ദിവസം തന്നെ പിടിച്ചു എന്ന അവസ്ഥ മണത്തു തുടങ്ങിയിരുന്നു. 'താക്കോല്‍ എവിടെ?' എന്നൊരു ഗംഭീര്യമേറിയ ശബ്ദം. ഞങ്ങള്‍ ഉറപ്പിച്ചു. വാര്‍ഡന്‍ തന്നെ. പിടിക്കപ്പെട്ടു! ഇനി രക്ഷയില്ല!! എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പരക്കം പാഞ്ഞു. അതിനിടയില്‍ ഒരുത്തന്‍ അവന്റെ ഷെല്‍ഫ് ഒക്കെ വലിച്ചു പുറത്തിട്ട് അതില്‍ കയറി വാതില്‍ അടച്ചു ഇരിപ്പായി! ഓരോ ഗതികേടേ! 'തുറക്കടാ'. വീണ്ടും ശബ്ദം!!. അത് കേട്ടപ്പോഴേക്കും മിക്കവരും കട്ടിലിന്റെ അടിയില്‍ എത്തിയിരുന്നു. ആ നേരത്ത് എന്തിനാണ് ഈ ഒളിച്ചുകളി എന്ന് അറിയില്ലെങ്കിലും ഞാനും ഒരു സ്ഥലം തപ്പി ഇരിപ്പായി. ഹൃദയമിടിപ്പ് കൂടിതുടങ്ങിയിരുന്നു. എന്തായാലും പിടിക്കപ്പെടും. ഷെല്‍ഫില്‍ കയറാണോ അതോ കട്ടിലില്‍ ഒളിക്കണോ എന്ന് ചിന്തിച്ചു തീരുമാനമെടുക്കാന്‍ കഴിയാതെ നില്‍ക്കുന്ന നേരത്ത് വാതില്‍ തുറക്കപ്പെട്ടു. കയറി വന്നത് ഒരാള്‍ മാത്രം! പരോപകാരി!! ഇലിഭ്യത മറച്ചു വച്ചുകൊണ്ട് ഞാന്‍ പറഞ്ഞു 'ഹോ! എനിക്ക് അപ്പോഴേ അറിയാമായിരുന്നു ഇതു നീ തന്നെ എന്ന്'. ഒളിച്ചിരുന്നവര്‍ തല പുറത്തിട്ട് നോക്കാന്‍ തുടങ്ങി. പതുക്കെ പതുക്കെ എല്ലാം പുറത്തെത്തി. ദേഷ്യം കൊണ്ട് പല്ലിറുമ്മി നില്‍ക്കുന്ന ഞങ്ങളെ നോക്കി പരോപകാരി പറഞ്ഞു "ഇന്ന് നേരത്തെ ക്ലാസ്സ് വിട്ടു". അവന്റെ ഒരു മിമിക്രിയും പരോപകാരവും!!
സത്യസന്ധന്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ