2011, ഫെബ്രുവരി 13, ഞായറാഴ്‌ച

റാഗിംഗ് ചരിത്രം!

ഈ കഥയിലെ കഥാപാത്രങ്ങളും കഥയും തികച്ചും യാദ്രിശ്ചികമല്ല. സ്വന്തം ഇരട്ടപ്പെരായോ സ്വഭാവമായോ എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ ഒരു കാരണവശാലും അത് അറിയാതെ പറ്റിയതല്ല... മനപ്പൂര്‍വ്വം ഞാന്‍ എഴുതിപ്പിടിപ്പിച്ചത് തന്നെയാണ്. 

ഒരു കോളേജില്‍ ഏറ്റവും പേടിക്കേണ്ട ഒരു വിഭാഗം ഭീകരജീവികളുണ്ട്.പ്രത്യേകിച്ചും ഒന്നാം വര്‍ഷം.  ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ആയിരുന്ന കാലത്തെ ഒരു സംഭവബഹുലമായ റാഗിംഗ് കഥ.

ഒരു ഞായറാഴ്ച, കോളേജ് തുടങ്ങിയതിനുശേഷം വന്ന  ആദ്യത്തെ ഞായറാഴ്ച. ഒന്നും ചെയ്യാനില്ലാത്തതിനാല്‍ ഒന്നു ടൌണ്‍ വരെ പോയി കറങ്ങിയിട്ടു വരാം എന്നാ ഒരു ചിന്ത വന്നു. വേഗം കുപ്പായം ഒക്കെ ഇട്ടു ടിപ് ടോപായി ഹോസ്റെലിനു പുറത്തിറങ്ങി. അപ്പോഴാണ്‌ ഒരു കാര്യം മനസ്സിലായത്, ഞങ്ങള്‍ മാത്രമല്ല  ആ ഹോസ്റ്റല്‍ മുഴുവന്‍ പുറത്തിറങ്ങിയിരിക്കുന്നു. പുറത്തു പോകേണ്ടവര്‍ക്ക് കോളേജ് ബസ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട് പോലും. അതും ഫ്രീ ആയി!! അങ്ങനെ അവിടെ കണ്ട ബസില്‍ ഞങ്ങള്‍ എല്ലാവരും കൂടി എങ്ങിനെയൊക്കെയോ കയറിക്കൂടി. ഡ്രൈവര്‍ വണ്ടി എടുത്തു. 'ചെകുത്താന്‍ പടി' (സീനിയര്‍ ഹോസ്റ്റല്‍) കടന്നു. നിരങ്ങി നിരങ്ങി കോളേജ് ഗേറ്റ് വരെ എത്തി. അവിടെ എത്തിയപ്പോ ഞങ്ങളെ നയിക്കുന്ന വാര്‍ഡന്‍ പുറത്തിറങ്ങി എന്നിട്ടു പറഞ്ഞു. "ബസില്‍ നില്‍ക്കുന്ന എല്ലാവരും ഇങ്ങു ഇറങ്ങിക്കോ, ഓവര്‍ ലോഡ്‌ കയറ്റി പോകാന്‍ പറ്റില്ല..നിങ്ങള്‍ക്കുള്ള വണ്ടി പിന്നാലെ വരും.". 'എന്തൊരു നല്ല കോളേജ്! ഞങ്ങളുടെ ബുദ്ധിമുട്ടു മനസ്സിലാക്കി ഒരു സ്പെഷ്യല്‍ ബസ്‌!!' എല്ലാവരും ചാടി ഇറങ്ങി! "ഇവിടെ വെയിറ്റ് ചെയ്തോ, വണ്ടി ദാ ഇപ്പൊ വരും!!" വാര്‍ഡന്‍ പറഞ്ഞു! ആ വണ്ടി അപ്പൊ തന്നെ പോയി. ഞങ്ങള്‍ കാത്തിരിപ്പ്‌ തുടങ്ങി. അര മണിക്കൂര്‍ കഴിഞ്ഞു, ഒരു മണിക്കൂര്‍ കഴിഞ്ഞു, ഒന്നര മണിക്കൂര്‍ കഴിഞ്ഞു! ആ വഴിയെ ഒരു കാള വണ്ടി പോലും വന്നില്ല! ഞങ്ങള്‍ പതുക്കെ അംഗരക്ഷകരുടെ(സെക്യൂരിറ്റി) ക്യാബിനില്‍ കയറി കാര്യമന്വേഷിച്ചു. അങ്ങനെ ഒരു ബസ്‌ ഇല്ല പോലും! നിരാശയോടെ ഞങ്ങള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി. പലരുടേയും വായില്‍ നിന്നും വാര്‍ഡന്‍റെ പേരും നിഖണ്ടുവില്‍ ഇല്ലാത്ത വാക്കുകളും വിളയാടി തുടങ്ങിയിരുന്നു. നടന്നു നടന്നു ചെകുത്താന്‍ പടി എത്താറായി. കുറച്ചു ചെകുത്താന്മാര്‍ അവിടെയും ഇവിടെയും കറങ്ങി നടക്കുന്നുണ്ട്. ഞങ്ങള്‍ ഏതാണ്ട് 'രക്ഷപ്പെട്ടു' എന്ന് കരുതിയ നേരത്താണ് ഒരു ചെകുത്താന്‍ 'നില്‍ക്കാടാ അവിടെ' എന്ന് കല്പ്പിച്ചത്. 

"ആശാന്മാര്‍ എവിടെ പോയിട്ട് വരികയാ?" ചെകുത്താന്‍. ഞങ്ങള്‍ക്ക് പിന്നെ സീനിയേഴ്സ് എന്ന് പറഞ്ഞാല്‍ ടീച്ചേഴ്സ്ക്കാള്‍ ബഹുമാനമായതോണ്ട് ഒന്നും മിണ്ടാതെ മാന്യത അഭിനയിച്ചു! " എല്ലാത്തിന്റെയും നാക്കിറങ്ങിപ്പോയോടാ?". അപ്പൊ ഒരുവന്‍ പറഞ്ഞു "ഞങ്ങള്‍ ടൌണില്‍ പോകാന്‍ വേണ്ടി....." "ഹും! മനസ്സിലായി ". അതിനിടയില്‍ ഒരുത്തന്‍ ഒരു പഴഞ്ചന്‍ ഹീറോ ഹോണ്ട ബൈക്കും ആയി വന്നു വിക്രസ്‌ തുടങ്ങി. ബ്രെയ്ക്ക് ഇട്ടും കുതിപ്പിച്ചും അങ്ങനെ എന്തൊക്കെയോ കാണിക്കുന്നുണ്ട്. അവന് തറവാട്ടു വകയായി ഒരു ടയര്‍ കമ്പനി ഉണ്ട് എന്നാ തോന്നുന്നത്. വെറുതെ ഇങ്ങനെ ബ്രെയ്ക്ക് ഇട്ടു ടയര്‍ തെയ്ക്കുന്നുണ്ട്! കഷ്ട്ടകാലത്തിനു അതില്‍ ഒരുവന്‍ എന്നെയും പൊക്കി!! "എന്താടാ, നിന്റെ മുടി ഇങ്ങനെ? വെട്ടാരായില്ലേ?" "അല്ല ചേട്ടാ, സമയം കിട്ടിയില്ല. ഇവിടെ വന്നെ പിന്നെ പുറത്തിറങ്ങാന്‍ പറ്റിയിട്ടില്ല" "ഓഹോ. അങ്ങനെയാണല്ലേ? അധികം കളിച്ചലുണ്ടല്ലോ നിന്റെ മൂക്കിടിച്ചു പഞ്ചര്‍ ആക്കും പറഞ്ഞേക്കാം! നാളെ വരുമ്പോ നിന്റെ മുടി വെട്ടിയിട്ടുണ്ടായിരിക്കണം, കേട്ടല്ലോ?" "ശരി ചേട്ടാ!" ഞാന്‍ സമ്മതിച്ചു. റൂമിലേക്ക്‌ പോന്നു.

റൂമില്‍ ചെന്ന് ചിന്ത തുടങ്ങി. എങ്ങനെ ഒന്ന് മുടിവെട്ടും? നാടറിയില്ല, വഴിയറിയില്ല, പരിചയക്കാരും ഇല്ല! ഇനി അവനെ കണ്ടാലല്ലേ? എങ്ങനെയെങ്കിലും രക്ഷപ്പെടാം എന്ന ചിന്തയും ആയി ഞാന്‍ പിറ്റേന്നു ക്ലാസ്സില്‍ പോയി. പക്ഷെ ഒന്നും വിചാരിച്ച പോലെ നടന്നില്ല... ചെകുത്താന്‍ എന്നെ വിരട്ടി. രണ്ടാം ദിവസം വീണ്ടും വിരട്ടി. ഓരോ ദിവസം ചെല്ലും തോറും സംസാരത്തിന്റെ ടോണ്‍ മാറി മാറി വന്നു. ഒടുക്കം ഒരു വെള്ളിയാഴ്ച വന്നു. "എടാ, എന്താ നിന്റെ ഉദ്ദേശം? എന്റെ ഒരു പതിനഞ്ചു രൂപ നീ കളയുമോ? ഒരു കത്രിക വാങ്ങാന്‍ അത്ര ചിലവോന്നുമില്ല. ഞാന്‍ വളരെ മോശപ്പെട്ട ബാര്‍ബര്‍ ആണ് മോനെ! നീ നിന്റെ കളി നിര്‍ത്തിക്കോ, അതാ നല്ലത്." ഞാന്‍ തിരിച്ചടിച്ചു "വേണ്ട ചേട്ടാ, ഞാന്‍ ഞായറാഴ്ച തന്നെ പോയ്കൊലാം." ഞാന്‍ തറപ്പിച്ചു പറഞ്ഞു. എന്തായാലും ആറു ദിവസത്തിനിടയില്‍ അവന്‍ അഞ്ചു വട്ടം താകീത് തന്നു. 

ഞായറാഴ്ച് രാവിലെ പുറത്തിറങ്ങി. മുടിവെട്ട് കട തപ്പി നടന്നു. നടന്നു നടന്നു ഒരു കട കണ്ടു. ഒന്നാം നമ്പര്‍ തമിഴ്‌ മന്നന്‍! മേശയുടെ മുകളില്‍ തമിഴ്‌ മാസികകള്‍, ഒരു ഏരിയ മുഴുവന്‍ ഉറക്കം കെടുത്താന്‍ പോന്ന ഒരു അറുബോര്‍ പാട്ടും. ഒടുക്കം എന്റെ ഊഴം വന്നു. ഞാന്‍ കറങ്ങുന്ന കസേരയില്‍ ഞ്ളിഞ്ഞിരുന്നു. "എപ്പടി ?" അയാള്‍ ചോദിച്ചു. "എന്തോന്നാ?" എനിക്ക് ഒന്നും മനസ്സിലായില്ല. "മോഡല്‍ എപ്പടി? സ്റ്റൈല്‍?" അയാള്‍ വിശദീകരിച്ചു! " കുറച്ചു വെട്ടിയാല്‍ മതി!". "കൊഞ്ചം?" അയാള്‍ ചോദിച്ചു. "ആമാ" ഞാന്‍ തലയാട്ടി. ഹോ! രക്ഷപ്പെട്ടു! എങ്ങനെയൊക്കെയോ ഒപ്പിച്ചു! വെട്ടു തുടങ്ങി. അയാള്‍ പിന്‍ഭാഗത്ത്‌ നിന്ന് പണി തുടങ്ങി. എനിക്ക് ചെറിയ ഡൌട്ട് അടിച്ചു തുടങ്ങിയിരുന്നു. അയാളുടെ കത്രിക എന്റെ തലയില്‍ തട്ടുന്നുണ്ടായിരുന്നു. എന്റെ മനോഹരമായ നീളമേറിയ മുടി യാതൊരു ദാക്ഷിണ്യവും കാണിക്കാതെ അയാള്‍ അരിഞ്ഞു വീഴ്ത്തി. എന്തോ ഒരു മുന്‍ വൈരാഗ്യം ഉള്ള പോലെ! വെട്ടു കഴിഞ്ഞു കണ്ണാടിയില്‍ നോക്കിയാ ഞാന്‍ എന്നെ തന്നെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടി! കുറച്ചു വെട്ടിയാ മതി എന്ന് പറഞ്ഞപ്പോ ഇങ്ങനെ. ഈ നിലയ്ക്ക് നല്ലവണ്ണം കുറയ്ക്കാന്‍ പറഞ്ഞ അയാള് തല വെട്ടും എന്നാ തോന്നുന്നത്. ഒരു കുറ്റിച്ചൂല് തലയില്‍ വച്ച് കേട്ടിയ പോലെ പുറത്തിറങ്ങിയ എന്നെ കണ്ടിട്ട് സഹാമുറിയന്മാര്‍ എങ്ങനെ ചിരി നിയന്ത്രിച്ചോ ആവോ! എന്തായാലും ഞാന്‍ വേഗം തിരിച്ചു റൂമില്‍ വന്നു.

പിറ്റേന്ന്, രാവിലെ മുഴുവന്‍ ഞാന്‍ ആ ചേട്ടനെ കാണാന്‍ വേണ്ടി തിരഞ്ഞു നടന്നു. അല്ലെങ്കിലും വേണ്ട സമയത്ത് കാണേണ്ട ആളെ കാണില്ലല്ലോ? എന്തായാലും ഉച്ചയ്ക്ക് ആ മഹാനെ ഞാന്‍ കണ്ടുമുട്ടി. "നീ മുടി വെട്ടിയപ്പോ അങ്ങ് വൃത്തി വച്ചല്ലോ?" എന്നായിരുന്നു ആദ്യത്തെ ഡയലോഗ്! 'കുട്ടിചൂലും തലയില്‍ ചൂടി നടക്കുന്നതാ അവന്‍റെ നാട്ടിലെ വൃത്തി?' എനിക്കറിയില്ല.. എന്തായാലും ഞാന്‍ എന്റെ സര്‍വ കഴിവുമെടുത്തു നിഷ്കളങ്കമായി ചിരിച്ചു കാണിച്ചു. "ഇനി നീ ഇങ്ങനെ നടന്ന മതി!". 'നാട്ടുകാര്‍ ആ ബാര്‍ബറെ ബാക്കി വച്ചിട്ടുണ്ടെങ്കില്‍  അടുത്ത തവണയും ശ്രമിക്കാം' അല്ല പിന്നെ. ഞാന്‍ ഇതൊന്നും പറയാന്‍ പോയില്ല. എല്ലാം സമ്മതിച്ചു കൊടുത്തു.. എന്തായാലും അവന് എന്റെ നിഷ്ക്കളങ്കത ക്ഷ ബോധിച്ചു എന്ന് തന്നെയാ തോന്നുന്നത്. പിന്നീടൊരിക്കലും അവന്‍റെ മുഖത്ത് നോക്കി പല്ലിളിക്കാനോ കൊഞ്ഞനം കുത്താനോ ഞാനും പോയിട്ടില്ല എന്നോട് ഭീഷണിയുമായി അവനും വന്നിട്ടില്ല. 

തുമ്പ്‌: പല ചെകുത്താന്മാരുടെയും ശിഷ്യത്വം സ്വീകരിച്ച എന്റെ റാഗിംഗ് 
ചരിത്രത്തിന്റെ എണ്ണം : അര (1/2)

സത്യസന്ധന്‍.