2011 ഫെബ്രുവരി 13, ഞായറാഴ്‌ച

റാഗിംഗ് ചരിത്രം!

ഈ കഥയിലെ കഥാപാത്രങ്ങളും കഥയും തികച്ചും യാദ്രിശ്ചികമല്ല. സ്വന്തം ഇരട്ടപ്പെരായോ സ്വഭാവമായോ എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ ഒരു കാരണവശാലും അത് അറിയാതെ പറ്റിയതല്ല... മനപ്പൂര്‍വ്വം ഞാന്‍ എഴുതിപ്പിടിപ്പിച്ചത് തന്നെയാണ്. 

ഒരു കോളേജില്‍ ഏറ്റവും പേടിക്കേണ്ട ഒരു വിഭാഗം ഭീകരജീവികളുണ്ട്.പ്രത്യേകിച്ചും ഒന്നാം വര്‍ഷം.  ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി ആയിരുന്ന കാലത്തെ ഒരു സംഭവബഹുലമായ റാഗിംഗ് കഥ.

ഒരു ഞായറാഴ്ച, കോളേജ് തുടങ്ങിയതിനുശേഷം വന്ന  ആദ്യത്തെ ഞായറാഴ്ച. ഒന്നും ചെയ്യാനില്ലാത്തതിനാല്‍ ഒന്നു ടൌണ്‍ വരെ പോയി കറങ്ങിയിട്ടു വരാം എന്നാ ഒരു ചിന്ത വന്നു. വേഗം കുപ്പായം ഒക്കെ ഇട്ടു ടിപ് ടോപായി ഹോസ്റെലിനു പുറത്തിറങ്ങി. അപ്പോഴാണ്‌ ഒരു കാര്യം മനസ്സിലായത്, ഞങ്ങള്‍ മാത്രമല്ല  ആ ഹോസ്റ്റല്‍ മുഴുവന്‍ പുറത്തിറങ്ങിയിരിക്കുന്നു. പുറത്തു പോകേണ്ടവര്‍ക്ക് കോളേജ് ബസ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട് പോലും. അതും ഫ്രീ ആയി!! അങ്ങനെ അവിടെ കണ്ട ബസില്‍ ഞങ്ങള്‍ എല്ലാവരും കൂടി എങ്ങിനെയൊക്കെയോ കയറിക്കൂടി. ഡ്രൈവര്‍ വണ്ടി എടുത്തു. 'ചെകുത്താന്‍ പടി' (സീനിയര്‍ ഹോസ്റ്റല്‍) കടന്നു. നിരങ്ങി നിരങ്ങി കോളേജ് ഗേറ്റ് വരെ എത്തി. അവിടെ എത്തിയപ്പോ ഞങ്ങളെ നയിക്കുന്ന വാര്‍ഡന്‍ പുറത്തിറങ്ങി എന്നിട്ടു പറഞ്ഞു. "ബസില്‍ നില്‍ക്കുന്ന എല്ലാവരും ഇങ്ങു ഇറങ്ങിക്കോ, ഓവര്‍ ലോഡ്‌ കയറ്റി പോകാന്‍ പറ്റില്ല..നിങ്ങള്‍ക്കുള്ള വണ്ടി പിന്നാലെ വരും.". 'എന്തൊരു നല്ല കോളേജ്! ഞങ്ങളുടെ ബുദ്ധിമുട്ടു മനസ്സിലാക്കി ഒരു സ്പെഷ്യല്‍ ബസ്‌!!' എല്ലാവരും ചാടി ഇറങ്ങി! "ഇവിടെ വെയിറ്റ് ചെയ്തോ, വണ്ടി ദാ ഇപ്പൊ വരും!!" വാര്‍ഡന്‍ പറഞ്ഞു! ആ വണ്ടി അപ്പൊ തന്നെ പോയി. ഞങ്ങള്‍ കാത്തിരിപ്പ്‌ തുടങ്ങി. അര മണിക്കൂര്‍ കഴിഞ്ഞു, ഒരു മണിക്കൂര്‍ കഴിഞ്ഞു, ഒന്നര മണിക്കൂര്‍ കഴിഞ്ഞു! ആ വഴിയെ ഒരു കാള വണ്ടി പോലും വന്നില്ല! ഞങ്ങള്‍ പതുക്കെ അംഗരക്ഷകരുടെ(സെക്യൂരിറ്റി) ക്യാബിനില്‍ കയറി കാര്യമന്വേഷിച്ചു. അങ്ങനെ ഒരു ബസ്‌ ഇല്ല പോലും! നിരാശയോടെ ഞങ്ങള്‍ തിരിച്ചു നടക്കാന്‍ തുടങ്ങി. പലരുടേയും വായില്‍ നിന്നും വാര്‍ഡന്‍റെ പേരും നിഖണ്ടുവില്‍ ഇല്ലാത്ത വാക്കുകളും വിളയാടി തുടങ്ങിയിരുന്നു. നടന്നു നടന്നു ചെകുത്താന്‍ പടി എത്താറായി. കുറച്ചു ചെകുത്താന്മാര്‍ അവിടെയും ഇവിടെയും കറങ്ങി നടക്കുന്നുണ്ട്. ഞങ്ങള്‍ ഏതാണ്ട് 'രക്ഷപ്പെട്ടു' എന്ന് കരുതിയ നേരത്താണ് ഒരു ചെകുത്താന്‍ 'നില്‍ക്കാടാ അവിടെ' എന്ന് കല്പ്പിച്ചത്. 

"ആശാന്മാര്‍ എവിടെ പോയിട്ട് വരികയാ?" ചെകുത്താന്‍. ഞങ്ങള്‍ക്ക് പിന്നെ സീനിയേഴ്സ് എന്ന് പറഞ്ഞാല്‍ ടീച്ചേഴ്സ്ക്കാള്‍ ബഹുമാനമായതോണ്ട് ഒന്നും മിണ്ടാതെ മാന്യത അഭിനയിച്ചു! " എല്ലാത്തിന്റെയും നാക്കിറങ്ങിപ്പോയോടാ?". അപ്പൊ ഒരുവന്‍ പറഞ്ഞു "ഞങ്ങള്‍ ടൌണില്‍ പോകാന്‍ വേണ്ടി....." "ഹും! മനസ്സിലായി ". അതിനിടയില്‍ ഒരുത്തന്‍ ഒരു പഴഞ്ചന്‍ ഹീറോ ഹോണ്ട ബൈക്കും ആയി വന്നു വിക്രസ്‌ തുടങ്ങി. ബ്രെയ്ക്ക് ഇട്ടും കുതിപ്പിച്ചും അങ്ങനെ എന്തൊക്കെയോ കാണിക്കുന്നുണ്ട്. അവന് തറവാട്ടു വകയായി ഒരു ടയര്‍ കമ്പനി ഉണ്ട് എന്നാ തോന്നുന്നത്. വെറുതെ ഇങ്ങനെ ബ്രെയ്ക്ക് ഇട്ടു ടയര്‍ തെയ്ക്കുന്നുണ്ട്! കഷ്ട്ടകാലത്തിനു അതില്‍ ഒരുവന്‍ എന്നെയും പൊക്കി!! "എന്താടാ, നിന്റെ മുടി ഇങ്ങനെ? വെട്ടാരായില്ലേ?" "അല്ല ചേട്ടാ, സമയം കിട്ടിയില്ല. ഇവിടെ വന്നെ പിന്നെ പുറത്തിറങ്ങാന്‍ പറ്റിയിട്ടില്ല" "ഓഹോ. അങ്ങനെയാണല്ലേ? അധികം കളിച്ചലുണ്ടല്ലോ നിന്റെ മൂക്കിടിച്ചു പഞ്ചര്‍ ആക്കും പറഞ്ഞേക്കാം! നാളെ വരുമ്പോ നിന്റെ മുടി വെട്ടിയിട്ടുണ്ടായിരിക്കണം, കേട്ടല്ലോ?" "ശരി ചേട്ടാ!" ഞാന്‍ സമ്മതിച്ചു. റൂമിലേക്ക്‌ പോന്നു.

റൂമില്‍ ചെന്ന് ചിന്ത തുടങ്ങി. എങ്ങനെ ഒന്ന് മുടിവെട്ടും? നാടറിയില്ല, വഴിയറിയില്ല, പരിചയക്കാരും ഇല്ല! ഇനി അവനെ കണ്ടാലല്ലേ? എങ്ങനെയെങ്കിലും രക്ഷപ്പെടാം എന്ന ചിന്തയും ആയി ഞാന്‍ പിറ്റേന്നു ക്ലാസ്സില്‍ പോയി. പക്ഷെ ഒന്നും വിചാരിച്ച പോലെ നടന്നില്ല... ചെകുത്താന്‍ എന്നെ വിരട്ടി. രണ്ടാം ദിവസം വീണ്ടും വിരട്ടി. ഓരോ ദിവസം ചെല്ലും തോറും സംസാരത്തിന്റെ ടോണ്‍ മാറി മാറി വന്നു. ഒടുക്കം ഒരു വെള്ളിയാഴ്ച വന്നു. "എടാ, എന്താ നിന്റെ ഉദ്ദേശം? എന്റെ ഒരു പതിനഞ്ചു രൂപ നീ കളയുമോ? ഒരു കത്രിക വാങ്ങാന്‍ അത്ര ചിലവോന്നുമില്ല. ഞാന്‍ വളരെ മോശപ്പെട്ട ബാര്‍ബര്‍ ആണ് മോനെ! നീ നിന്റെ കളി നിര്‍ത്തിക്കോ, അതാ നല്ലത്." ഞാന്‍ തിരിച്ചടിച്ചു "വേണ്ട ചേട്ടാ, ഞാന്‍ ഞായറാഴ്ച തന്നെ പോയ്കൊലാം." ഞാന്‍ തറപ്പിച്ചു പറഞ്ഞു. എന്തായാലും ആറു ദിവസത്തിനിടയില്‍ അവന്‍ അഞ്ചു വട്ടം താകീത് തന്നു. 

ഞായറാഴ്ച് രാവിലെ പുറത്തിറങ്ങി. മുടിവെട്ട് കട തപ്പി നടന്നു. നടന്നു നടന്നു ഒരു കട കണ്ടു. ഒന്നാം നമ്പര്‍ തമിഴ്‌ മന്നന്‍! മേശയുടെ മുകളില്‍ തമിഴ്‌ മാസികകള്‍, ഒരു ഏരിയ മുഴുവന്‍ ഉറക്കം കെടുത്താന്‍ പോന്ന ഒരു അറുബോര്‍ പാട്ടും. ഒടുക്കം എന്റെ ഊഴം വന്നു. ഞാന്‍ കറങ്ങുന്ന കസേരയില്‍ ഞ്ളിഞ്ഞിരുന്നു. "എപ്പടി ?" അയാള്‍ ചോദിച്ചു. "എന്തോന്നാ?" എനിക്ക് ഒന്നും മനസ്സിലായില്ല. "മോഡല്‍ എപ്പടി? സ്റ്റൈല്‍?" അയാള്‍ വിശദീകരിച്ചു! " കുറച്ചു വെട്ടിയാല്‍ മതി!". "കൊഞ്ചം?" അയാള്‍ ചോദിച്ചു. "ആമാ" ഞാന്‍ തലയാട്ടി. ഹോ! രക്ഷപ്പെട്ടു! എങ്ങനെയൊക്കെയോ ഒപ്പിച്ചു! വെട്ടു തുടങ്ങി. അയാള്‍ പിന്‍ഭാഗത്ത്‌ നിന്ന് പണി തുടങ്ങി. എനിക്ക് ചെറിയ ഡൌട്ട് അടിച്ചു തുടങ്ങിയിരുന്നു. അയാളുടെ കത്രിക എന്റെ തലയില്‍ തട്ടുന്നുണ്ടായിരുന്നു. എന്റെ മനോഹരമായ നീളമേറിയ മുടി യാതൊരു ദാക്ഷിണ്യവും കാണിക്കാതെ അയാള്‍ അരിഞ്ഞു വീഴ്ത്തി. എന്തോ ഒരു മുന്‍ വൈരാഗ്യം ഉള്ള പോലെ! വെട്ടു കഴിഞ്ഞു കണ്ണാടിയില്‍ നോക്കിയാ ഞാന്‍ എന്നെ തന്നെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടി! കുറച്ചു വെട്ടിയാ മതി എന്ന് പറഞ്ഞപ്പോ ഇങ്ങനെ. ഈ നിലയ്ക്ക് നല്ലവണ്ണം കുറയ്ക്കാന്‍ പറഞ്ഞ അയാള് തല വെട്ടും എന്നാ തോന്നുന്നത്. ഒരു കുറ്റിച്ചൂല് തലയില്‍ വച്ച് കേട്ടിയ പോലെ പുറത്തിറങ്ങിയ എന്നെ കണ്ടിട്ട് സഹാമുറിയന്മാര്‍ എങ്ങനെ ചിരി നിയന്ത്രിച്ചോ ആവോ! എന്തായാലും ഞാന്‍ വേഗം തിരിച്ചു റൂമില്‍ വന്നു.

പിറ്റേന്ന്, രാവിലെ മുഴുവന്‍ ഞാന്‍ ആ ചേട്ടനെ കാണാന്‍ വേണ്ടി തിരഞ്ഞു നടന്നു. അല്ലെങ്കിലും വേണ്ട സമയത്ത് കാണേണ്ട ആളെ കാണില്ലല്ലോ? എന്തായാലും ഉച്ചയ്ക്ക് ആ മഹാനെ ഞാന്‍ കണ്ടുമുട്ടി. "നീ മുടി വെട്ടിയപ്പോ അങ്ങ് വൃത്തി വച്ചല്ലോ?" എന്നായിരുന്നു ആദ്യത്തെ ഡയലോഗ്! 'കുട്ടിചൂലും തലയില്‍ ചൂടി നടക്കുന്നതാ അവന്‍റെ നാട്ടിലെ വൃത്തി?' എനിക്കറിയില്ല.. എന്തായാലും ഞാന്‍ എന്റെ സര്‍വ കഴിവുമെടുത്തു നിഷ്കളങ്കമായി ചിരിച്ചു കാണിച്ചു. "ഇനി നീ ഇങ്ങനെ നടന്ന മതി!". 'നാട്ടുകാര്‍ ആ ബാര്‍ബറെ ബാക്കി വച്ചിട്ടുണ്ടെങ്കില്‍  അടുത്ത തവണയും ശ്രമിക്കാം' അല്ല പിന്നെ. ഞാന്‍ ഇതൊന്നും പറയാന്‍ പോയില്ല. എല്ലാം സമ്മതിച്ചു കൊടുത്തു.. എന്തായാലും അവന് എന്റെ നിഷ്ക്കളങ്കത ക്ഷ ബോധിച്ചു എന്ന് തന്നെയാ തോന്നുന്നത്. പിന്നീടൊരിക്കലും അവന്‍റെ മുഖത്ത് നോക്കി പല്ലിളിക്കാനോ കൊഞ്ഞനം കുത്താനോ ഞാനും പോയിട്ടില്ല എന്നോട് ഭീഷണിയുമായി അവനും വന്നിട്ടില്ല. 

തുമ്പ്‌: പല ചെകുത്താന്മാരുടെയും ശിഷ്യത്വം സ്വീകരിച്ച എന്റെ റാഗിംഗ് 
ചരിത്രത്തിന്റെ എണ്ണം : അര (1/2)

സത്യസന്ധന്‍.


2011 ജനുവരി 24, തിങ്കളാഴ്‌ച

ഒരു വ്യാജ ഓര്‍ക്കുട്ട് പ്രൊഫൈല്‍ ഉണ്ടാക്കുമ്പോള്‍ ...

എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞത് "ഒരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കാന്‍ ഏതു പിഞ്ചു ബാലനും കഴിയും" എന്നാണ്! വെറുതെ ഒരു രസം എന്നു പറഞ്ഞു ഒരു അക്കൗണ്ട്‌ കൂടാതെ ഒരു വ്യാജ പ്രൊഫൈലും ഉള്ള സുഹൃത്തുക്കള്‍ ധാരാളമുണ്ട്. നിര്‍ഭാഗ്യവശാല്‍, എനിക്കങ്ങനെ ഒരു പ്രൊഫൈല്‍ ഉണ്ടാക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാവാതെ പോയി! പക്ഷെ, നമ്മുടെ ഉള്ളില്‍ ഉള്ള ഐഡിയ വെറുതെ നഷ്ട്ടപ്പെടുതരുതല്ലോ! അതുകൊണ്ട് അഥവാ ഞാന്‍ ഒരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാല്‍ എന്തിനെക്കുറിചൊക്കെ ചിന്തിക്കും എന്നു ശ്രദ്ധിക്കാം!

 ഇവിടെ ഞാന്‍ ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നത് ഒരു നിര്‍ദിഷ്ട വ്യക്തിയെ മനപ്പുര്‍വം 'ആപ്പിലാക്കാന്‍'  തക്കതായ ഒരു പ്രൊഫൈല്‍ ആണ്. ആയതുകൊണ്ട്, എവിടെയും എങ്ങിനെയും തോന്നിയതുപോലെ ഉപയോഗിക്കാന്‍. കഴിയുന്ന ഒരു വ്യാജ പ്രൊഫൈല്‍ എന്റെ ചിന്തയില്‍ ഇല്ല. ഉദാഹരണമായി ഞാന്‍ എന്റെ സമപ്രായത്ത്തില്‍ ഉള്ള ഒരു ആണ്‍കുട്ടിയെ ആണ് പറ്റിക്കാന്‍ ഉദ്ദേശിക്കുന്നത്... 


  1. പ്രൊഫൈല്‍ ഉണ്ടാക്കാന്‍ ഉള്ള ആദ്യ പടി ഒരു പേരു കണ്ടുപിടിക്കുക എന്നുള്ളതാണ്. ഇന്റര്‍നെറ്റ്‌ ഉള്ളിടത്തോളം കാലം പേരു കിട്ടാതെ ബുദ്ധിമുട്ടേണ്ടി വരില്ല എങ്കിലും. ഒരു പേരില്‍ പലതും കിടക്കുന്നുണ്ട്. കുറഞ്ഞപക്ഷം അത് എങ്ങനെ എഴുതണം എന്നെങ്കിലും ശ്രദ്ധിച്ചിരിക്കണം. ആണ്‍കുട്ടികളെ പറ്റിക്കാന്‍ എന്തുകൊണ്ടും ബെസ്റ്റ്‌ പെണ്‍കുട്ടികളുടെ പേരു തന്നെയാണ്. ഉദാഹരണത്തിന്, പ്രൊഫൈലില്‍ ഇടാന്‍ ഉദ്ദേശിച്ച പേരു 'പങ്കജാക്ഷി' എന്നനെന്നിരിക്കട്ടെ. ഒരിക്കലും ആ പേരു മുഴുവന്‍ എഴുതരുത്. 'Panku' എന്നോ മറ്റോ എഴുതാവൂ. അതിലും ചിലത് ശ്രദ്ധിക്കാനുണ്ട്! ചിന്നങ്ങള്‍ ഉപയോഗിച്ച് ചെയ്യുന്നതാണ് കൂടുതല്‍ ഉത്തമം! '|)@|\||<u' എന്നോ മറ്റോ ആണെങ്കില്‍ നന്നായിരിക്കും. (സംശയിക്കേണ്ട, മുകളില്‍ പറഞ്ഞ 'പന്കുവിനെ' 'ചിന്നീകരിച്ചതാണ്'!)ഒരുകാരണവശാലും ഒരുത്തനും തിരഞ്ഞു കണ്ടുപിടിക്കരുത്! അതാണ്‌ നമ്മുടെ ഉദ്ദേശം. ഈ-മെയില്‍ വിലാസം എന്തൊക്കെയായാലും പങ്കുവും ആയി ബന്ധമുല്ലതായിക്കോട്ടേ! പേര് കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇവിടെ  തപ്പാവുന്നതാണ്.
  2. വ്യാജന്‍ എന്നാ മുദ്ര ഒരിക്കലും ചാര്തപ്പെടാന്‍ പാടില്ല. ആയതുകൊണ്ട്, എല്ലാ അര്‍ഥത്തിലും നമ്മള്‍ 'പെര്‍ഫെക്റ്റ്‌' ആയിരിക്കണം. എന്തു ചോദിച്ചാലും ഉത്തരം ഉണ്ടാവണം! പഠിച്ച സ്കൂള്‍, സ്ഥലം, ചെയ്ത കോഴ്സ് എല്ലാം ഗൂഗിളിന്റെ സഹായത്തോടെ കണ്ടുപിടിക്കാവുന്നതെ ഉള്ളു. എബൌട്ട്‌ മി എന്നാ വിഭാഗം ആണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്‌! പറ്റിക്കാന്‍ ഉദ്ദേശിച്ച വ്യക്തി എങ്ങനെയുല്ലവനാണ് എന്ന് നല്ല ബോധം വേണം. അവന്റെ താല്‍പ്പര്യങ്ങള്‍ ഒരു സൂചന പോലെ കൊടുക്കാവുന്നതാണ്. അതെ സമയം അവന്‍ നമ്മളെ സംശയിക്കാതിരിക്കാന്‍, ചിലത് ചെയ്യാനുണ്ട്! ഉദാഹരണത്തിന്, നിങ്ങള്ക്ക് ഹൃതിക് റോഷനെ ഇഷ്ട്ടമല്ല എന്നിരിക്കട്ടെ " Oh Hrithik, I lyk u so mch. cnt liv wthout hm!" എന്ന വാക്യം അത്യുത്തമം!! "I'm talketive, cool, I hate cheaters, love friends, strangers back off!" എല്ലാം യുക്തി പോലെ ചേര്‍ക്കാവുന്നതാണ്.
  3. വ്യാജന്‍ ഉണ്ടായിക്കഴിഞ്ഞാല്‍ ആദ്യം തന്നെ അവനു റിക്വസ്റ്റ് അയക്കരുത്! ആദ്യം കുറച്ചു ഫ്രണ്ട്‌സ് വേണം. പെണ്‍കുട്ടിയുടെ പേരാണ് ഉള്ളത് എന്നുള്ളതുകൊണ്ട് അതൊരു ബുദ്ധിമുട്ടുള്ള പണിയാവാന്‍ സാധ്യത ഇല്ല. ഫ്രണ്ട്സ് എന്നാ കമ്മ്യൂണിറ്റി സെര്‍ച്ച്‌ ചെയ്ത് അതിലെ കുറച്ചു പേര്‍ക്ക് റിക്വസ്റ്റ് അയച്ചാല്‍ അത്രയും നന്ന്. അതില്‍ തന്നെ, പന്കുവിന്റെ നാട്ടുകാരെ കിട്ടിയാല്‍ അടിപൊളി!! ഒന്നും നടന്നില്ലെങ്കില്‍, ആണ്‍കുട്ടികള്‍ക്ക്‌ റിക്വസ്റ്റ് അയച്ച മതി.പക്ഷെ, ഒരു ചെറിയ നോട്ട് കൊടുക്കുന്നത് നല്ലതാ. ഒരു ഉദാഹരണത്തിന്  "I like your hair! thought of adding you! Will you be my friend?". പക്ഷെ, ഈ മെസ്സേജ് ഒരു മോട്ടതലയനല്ല അയക്കുന്നത് എന്ന് ഉറപ്പുവരുത്തുക. പ്രൊഫൈലില്‍ പ്രത്യേകതയുള്ള എന്തു കണ്ടാലും ഉടനെ അതിനെക്കുറിച്ച് പറഞ്ഞ മതി! അങ്ങ് പുകഴ്ത്തിയെക്ക്, ഇതു വമ്പ നും വീണിരിക്കും! 
  4. ഇനി വേണ്ടത്‌ കുറച്ചു വിവേകം ആണ്. ആദ്യം തന്നെ സ്വന്തം പ്രോഫിലിലെക്ക് ഒരു റിക്വസ്റ്റ് അയക്കണം. വ്യാജനെ ഉണ്ടാക്കുമ്പോ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത്‌ സ്വന്തം പ്രൊഫൈലും വ്യാജനും ഒരേ സമയം ഓണ്‍ലൈന്‍ ആവതക്കവണ്ണം രണ്ടു ബ്രൌസര്‍ഇല്‍ ഓര്‍ക്കുട്ട് ലോഗ് ഇന്‍ ചെയ്യണം എന്നുള്ളതാണ്. ആദ്യം സ്വന്തം പ്രൊഫൈലില്‍ നിന്ന് വ്യാജനിലേക്ക് ഒരു സ്ക്രാപ്‌ ഇടുക.ഉദാഹരണത്തിന്,  "do i knw u?" എന്നാവാം! പിന്നെ പതുക്കെ അവനു റിക്വസ്റ്റ് അയക്കുക. മ്യുച്ച്വല്‍ ഫ്രണ്ട്സില്‍ നിങ്ങളെ കണ്ടാല്‍ അവന്‍ എന്തായാലും നമ്മുടെ സ്ക്രാപില്‍ തപ്പും! നൂറു ശതമാനം ഉറപ്പാ. 
  5. പിന്നെ പതുക്കെ പതുക്കെ എന്ത് രഹസ്യവും ചോര്ത്താം. പക്ഷെ, സ്വന്തം പ്രൊഫൈലില്‍ നിന്ന് ഒരു സ്ക്രാപ്‌ നിര്‍ബന്ധമാണ് "എടാ, നിനക്ക് ആ പങ്കു ആരാന്നു അറിയോ ഡാ?". നമ്മളും വ്യാജനും തമ്മില്‍ യാതൊരു ബന്ധവും തോന്നരുത്‌.  ഇടയ്ക്കൊക്കെ രണ്ടു പ്രൊഫൈലും ഒരുമിച്ചു ലോഗ് ഇന്‍ ചെയ്തു വിപുലമായി പറ്റിക്കാം.
ഈ പോസ്റ്റ്‌ അണ്ണാനെ മരം കയറ്റം പഠിപ്പിക്കാന്‍ വേണ്ടി എഴുതിയതല്ല. മറിച്ച് , മരം കയറാന്‍ അറിഞ്ഞിട്ടും ഒരു മരം പോലും കയറാന്‍ അവസരം കിട്ടാതെ പോയ പാവപ്പെട്ട ചില അണ്ണന്മാരെ മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണ്. 

എല്ലാം പഠിച്ചു എന്ന് ഉറപ്പായാല്‍ "പറ്റിക്കപ്പെടാന്‍ പോകുന്നവന്‍ ഈ പോസ്റ്റ്‌ വായിച്ചിരിക്കല്ലേ" എന്ന് ഉറക്കെ ജപിച്ചുകൊണ്ട് തുടങ്ങിക്കോളൂ. 

സത്യസന്ധന്‍

ഒരു ചെറിയ ഉപദേശം: ആദ്യത്തെ പണി ആശാനിട്ടു കൊടുക്കുന്ന പ്രവണത അത്ര നല്ലതല്ല! അതോണ്ട്, അതുപെക്ഷിക്കുക!

2011 ജനുവരി 1, ശനിയാഴ്‌ച

ഇടിവീരന്മാര്‍

ഒരു ഇടി കൊണ്ടാല്‍ വേദനിക്കുമോ? ഈ ചോദ്യത്തിന് ഉത്തരം അറിയാത്തവര്‍ അധികം ആരും ഉണ്ടാവും എന്നു തോന്നുന്നില്ല. പക്ഷെ നമ്മുടെ മലയാളികള്‍ക്ക് തല്ലുക എന്നു പറഞ്ഞാല്‍ ഒരു ഹരം തന്നെയാണ്. അതിനിപ്പോ ഒരു കാരണം തന്നെ വേണമെന്നില്ല.  അയലത്ത് ഒരു തല്ലു നടക്കുന്നു എന്നു പറഞ്ഞാല്‍ ഇടിക്കാന്‍ അടുത്ത പഞ്ചായത്തില്‍ നിന്നു പോലും ഇടിവീരന്മാര്‍ വരും. ഒരു ചെറിയ ഇടി കഥ!!

നമ്മുടെ കണ്മുന്നില്‍ വച്ച് ഒരു അപകടം സംഭവിച്ചാല്‍ നമ്മള്‍ എന്ത് ചെയ്യും? ഈ ചോദ്യത്തിന് പലര്‍ക്കും പല സന്ദര്‍ഭങ്ങളില്‍ പല ഉത്തരങ്ങളാണ് പറയാന്‍ ഉണ്ടാവുക. ഞാന്‍ പറയുമ്പോള്‍, " അങ്ങോട്ടു നോക്കണ്ട! ചിലപ്പോ രാത്രി ഉറങ്ങാന്‍ പറ്റില്ല.". ആ വഴി വാഹനത്തില്‍ പോകുന്നവരാണെങ്കില്‍, "വേഗം വിട്ടോ, ഇല്ലേല്‍ പണി കിട്ടും". സാധാരണ ഇതുപോലെയുള്ള ചില ഉത്തരങ്ങള്‍ കിട്ടിയേക്കാം പക്ഷെ, ഇന്നത്തെ ബഹുഭൂരിപക്ഷവും ഒരു സ്പെഷല്‍ ഉത്തരം തന്നെയാണ് പറയാന്‍ സാധ്യത! "വാ അളിയാ! നമ്മുക്ക് ഡ്രൈവറെ തല്ലാം!". ഇന്നത്തെ കാലത്ത്‌ സാമാന്യം മോശമല്ലാത്ത ഒരു അപകടം പറ്റിയാല്‍ മിനിമം രണ്ടാള്‍ക്കാരെങ്കിലും പരിക്കു പറ്റി ആശുപത്രിയില്‍ ആവും! ഒരുത്തന് അപകടം കാരണം പരിക്കു പറ്റിയെങ്കില്‍ അടുത്തവന്‍ നാട്ടുകാരുടെ തല്ലുകൊണ്ടിട്ടാവും ആശുപത്രി വാസത്തിനു യോഗമുണ്ടാവുക. ഇനിയിപ്പോ അപകടം കാരണം ആര്‍ക്കും പരിക്കു പറ്റിയില്ലെങ്കില്‍ പോലും വലിയ വാഹനം ഓടിച്ചിരുന്ന ഏതു ഡ്രൈവര്‍ക്കും 90 ശതമാനവും തല്ലുകൊള്ളാന്‍ തന്നെയാണു സാധ്യത. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് എനിക്കുണ്ടായ ഒരു അനുഭവം ഇങ്ങനെയാണ്...

എന്നത്തേയും പോലെ 'പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ ഇല്ലാത്ത' സാധാരണയില്‍ സാധാരണമായ ഒരു വൈകുന്നേരം. ഒരു ചെറിയ ബഹളം കേട്ടിട്ടാണ് ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്‌. പുറത്തിറങ്ങി നോക്കിയപ്പോ ഞാന്‍ കണ്ടത്. ഒരു സര്‍ക്കാര്‍ ശകടം റോഡിനു നടുവില്‍ കിടക്കുന്നു. പിന്‍ഭാഗത്തെ ചില്ല് തകര്‍ന്നിട്ടുണ്ട്. അതിനു പിന്നില്‍ ഒരാള്‍ മലര്‍ന്നു കിടക്കുന്നു. ഒരുപാട് ആളുകള്‍ അതിനു ചുറ്റും നിന്ന് ബഹളം വയ്ക്കുന്നു. അപകടം പറ്റിയതാണ്. ഞാന്‍ ഉടന്‍ തന്നെ എന്റെ നിലപാട് പുറത്തിറക്കി. നോക്കണ്ട! ഉറക്കം പോകും! കിടക്കുന്ന കിടപ്പ് കണ്ടിട്ട് വണ്ടിയുടെ ചക്രം തലയില്‍ കയറി ഇറങ്ങി കാണണം! കഷ്ട്ടം! ഒരു പൂരം കാണുന്ന പോലെ ഞാന്‍ അവിടെ നടക്കുന്ന സംഭവങ്ങളെ ഞാന്‍ നിരീക്ഷിച്ചു. ഡ്രൈവറെ സീറ്റില്‍ നിന്ന് പുറത്തിറക്കി കുറേ ആള്‍ക്കാര്‍ കൂടി നിന്ന് തല്ലോടു തല്ലു തന്നെ! കണ്ടക്ടര്‍ക്കും മോശമില്ലാത്ത തല്ലു കിട്ടുന്നുണ്ട്‌. 

ഡ്രൈവറുടെ അവസ്ഥ പരിതാപകരം തന്നെ ആയിരുന്നു. ലോകത്തിലെ ഏറ്റവും മൃദുലമായ പഞ്ച് പാഡ് ഫ്രീ ട്രയലിനു കൊണ്ടുവച്ച പോലെ ഡ്രൈവര്‍ നിന്നു  തല്ലു കൊള്ളുന്നു.. ആ തല്ലു കണ്ടാല്‍, ഒരു ചെറിയ കുട്ടി പോലും അവന്റെ മസില്‍ പവര്‍ പരീക്ഷിച്ചുപോകും. തല്ലുന്നവരുടെ എണ്ണം ഓരോ നിമിഷവും കൂടി കൂടി വന്നു! അടുത്ത ജില്ലയില്‍ നിന്നു വരെ തല്ലാന്‍ ആള്‍ക്കാരെ ഇറക്കിയിട്ടുണ്ട് എന്നാണു തോന്നുന്നത്. അപകടം പറ്റിയവന്‍  അപ്പോഴും അവിടെ തന്നെ കിടക്കുന്നു. ജീവനുണ്ടോ? അറിയില്ല... ആര്‍ക്കും അത് ശ്രദ്ധിക്കാന്‍ പോലും സമയമില്ല. വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒരു പണി നടന്നോണ്ടിരിക്കുകയാണല്ലോ? 

പെട്ടെന്നാണ് ഒന്നു  സംഭവിച്ചത്! അപകടം പറ്റിയവന്‍ ആടിയാടി പതുക്കെ എഴുന്നേറ്റു നില്‍ക്കുന്നു! അയാള്‍ വളരെ കഷ്ട്ടപ്പെട്ട് നടന്നു നീങ്ങുന്നു. ഉടന്‍ തന്നെ ഒരു പോലീസ് വണ്ടി വന്നു അയാളെ അറസ്റ്റ് ചെയ്തു കൊണ്ടുപോയി. സംഭവത്തിന്റെ വിശദാംശം എനിക്ക് പിന്നീടാണ് മനസ്സിലായത്. കള്ളുകുടിച്ചു ബോധമില്ലാത്ത ഒരുത്തന്‍ അസഭ്യം പറഞ്ഞു എന്ന പേരില്‍ ബസില്‍ നിന്നു കണ്ടക്ടര്‍ പുറത്തിറക്കിവിട്ടു.  ഭൂമിയില്‍ നേരെ നിലയുറപ്പിക്കാന്‍ കഴിയാത്ത അയാള്‍ ബസിന്റെ കരിയരിലേക്ക് കയറുന്ന ഗോവണിയില്‍ പിടിച്ചു യാത്ര തുടര്‍ന്നു. അതും പോരാഞ്ഞ് ഓടിക്കൊണ്ടിരിക്കുമ്പോള്‍ പിന്നിലെ ഗ്ലാസ്‌ അടിച്ചു പൊട്ടിച്ചു. ശബ്ദം കേട്ട ഉടനെ ഡ്രൈവര്‍ വണ്ടി സഡന്‍ ബ്രെയ്കിട്ടു. ബോധമില്ലാത്ത കള്ളുകുടിയന്റെ ബോധം ഒന്നും കൂടെ പോയി. നിലത്ത് കിടപ്പായി! എന്തൊക്കെ ആയാലും കൊള്ളാന്‍ ഉള്ളത് ശരിക്കും കൊണ്ടത്‌ നിഷ്കളങ്കരായ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ആയിരുന്നു എന്ന് മാത്രം. 

സാരം: സത്യത്തില്‍ എനിക്കിപ്പോ നിങ്ങളെ തല്ലാന്‍ ഒരു കാരണത്തിന്റെ ആവശ്യമുണ്ടോ? സൂക്ഷിക്കണ്ട, സൂക്ഷിച്ചിട്ടു ഒരു കാര്യവുമില്ല! വരാനുള്ളത് വഴിയില്‍ തങ്ങില്ല! 

സത്യസന്ധന്‍


2010 ഡിസംബർ 12, ഞായറാഴ്‌ച

പാരവെപ്പ്

ഒരു ദിവസം രാത്രി ഭക്ഷണം കഴിക്കുകയായിരുന്ന എന്നോട് ഒരു അപേക്ഷയുമായി ഒരു സഹമുറിയന്‍ വന്നു! "എന്‍റെ ഗ്ലാസ്‌ ആരോ അടിച്ചോണ്ട് പോയി! നീ റൂമിലേക്ക്‌ വരുമ്പോ നിന്റെ ഗ്ലാസില്‍ കുറച്ച്‌ വെള്ളം കൊണ്ടുവരുമോ?". ദാഹിക്കുന്നവനു കുറച്ച്‌ വെള്ളം കൊടുക്കുക! അത് ചെയ്യാത്തവന്‍ എത്ര നീചനാണ്? ഞാന്‍ ഒരു സംശയവും കൂടാതെ സമ്മതിച്ചു! കയ്യും കഴുകി പോകാന്‍ നേരത്ത് അവന്‍  വീണ്ടും ഓര്‍മിപ്പിച്ചു "മറക്കരുത് ട്ടോ!". "മറക്കുകയോ? ഞാനോ? നീ പേടിക്കണ്ട ഞാന്‍ എന്തായാലും കൊണ്ടുവരാം!" ഒരു പുന്ന്യകാര്യം   ചെയ്തതിനു നന്ദി നിഷേധിക്കും പോലെ ഞാന്‍ പറഞ്ഞു!അവന്‍ പോയി! ഞാന്‍ എന്‍റെ ഡ്യൂട്ടി തുടര്‍ന്നു! പക്ഷെ, ഒരാവശ്യവും ഇല്ലാത്ത കുറെ ആഗോള കാര്യങ്ങള്‍ തലയില്‍ ഉണ്ടായിരുന്ന എനിക്ക് ഇത്രയും ഓര്‍മിപ്പിച്ച്ചിട്ടും വെള്ളത്തിന്റെ കാര്യം ഓര്‍മ്മിക്കാന്‍ കഴിഞ്ഞില്ല!

നടന്നു നടന്നു മൂന്നാം നിലയിലെ റൂമിന്റെ ഡോറില്‍ മുട്ടിക്കൊണ്ടിരിക്കുംബോഴാണ് വെള്ളം കൊണ്ടുവരാം എന്ന് പറഞ്ഞ കാര്യം ഞാന്‍ ഓര്‍ത്തത്‌! താഴെ പോയി വീണ്ടും തിരിച്ചു കയറിവരാന്‍ എന്‍റെ മടി എന്നെ അനുവദിച്ചില്ല. ' ഞാന്‍ എന്‍റെ ഗ്ലാസ്‌ അവനു കൊടുത്തേക്കാം! അത്ര അത്യാവശ്യമാണെങ്കില്‍, അവന്‍ താഴെ പോയി കുടിക്കട്ടെ! എന്തായാലും എന്‍റെ ഔദാര്യത്തില്‍ ആണല്ലോ അവനു ഗ്ലാസ്‌ കിട്ടിയത്!'ഞാന്‍ സമാധാനിച്ചു. പെട്ടെന്ന് എനിക്കൊരു സൂത്രം തോന്നി. 'എന്തായാലും എല്ലാവരെയും ഒന്ന് പറ്റിച്ചെക്കാം'.

വാതില്‍ തുറന്നപ്പോള്‍! ഞാന്‍ പതുക്കെ എന്‍റെ ഗ്ലാസില്‍ വെള്ളമുണ്ട് എന്ന് തെറ്റിദ്ധരിക്കവണ്ണം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അകത്തേക്ക് കയറി! പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു ഹര്‍ഷാരവം ആണ് എന്നെ എതിരെട്ടത്‌! കൂടെ കൂട്ടച്ചിരിയും ! അവിടെ മേശപ്പുറത്തു 2 ഗ്ലാസ്സുകള്‍ ഇരിക്കുന്നുണ്ടായിരുന്നു! സഹാമുരിയന്മാരില്‍ 2 പേര്‍ ഒരുമാതിരി 'അവിഞ്ഞ മോന്തയും' ആയി ഇരിപ്പുണ്ടായിരുന്നു. അഭ്യര്‍ഥനയും ആയി വന്ന ആ സഹമുറിയന്‍ സംഗതി വിവരിച്ചു തന്നു! അവന്‍ ചിരി നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു    " നീ ആണ് ഈ റൂമിലെ മൂനാമത്തെ കോഴി!. ബാക്കി രണ്ടെണ്ണം ദാ അവിടെ ഇരിപ്പുണ്ട്!". മുക്കിലിരിക്കുന്ന 2 പേരും വളിഞ്ഞ ചിരി ചിരിച്ചു! 

ചിരിക്കേണ്ട സമയത്ത് ചിരി നിയന്ത്രിക്കാന്‍ എനിക്ക് പണ്ടേ ഭയങ്കര കഴിവായിരുന്നു! യാതൊരു  ഭാവവ്യത്യാസവും കൂടാതെ ഞാന്‍ എന്‍റെ പ്രസംഗം തുടങ്ങി! "അതുശെരി! അപ്പൊ നിങ്ങള്‍ക്ക്‌ ഞാന്‍ കൊണ്ടുവന്ന വെള്ളം ആവശ്യമുണ്ടയിട്ടു ചോദിച്ചതോന്നുമല്ല അല്ലെ? അല്ലെങ്കിലും എനിക്ക് ഇതുതന്നെ വേണം! ദാഹിചിരിക്കുകയല്ലേ? പാവങ്ങള്‍ കുറച്ച്‌ വെള്ളം കുടിച്ചോട്ടെ എന്ന് വിചാരിച്ചു മെസ്സില്‍ നിന്ന് വെള്ളവുമെടുത്തു അത് ഒട്ടും പുറത്തുകളയാതെ. ആത്മാര്‍ഥമായി കൊണ്ടുവന്ന ഞങ്ങള്‍ കുറച്ച്‌ പേര്‍ മണ്ടന്മാര്‍ അല്ലെ? മനസ്സിലായെടാ! ഇനി നീ നിനക്ക് വെള്ളം ആവശ്യം വരുമ്പോ ചോദിക്കും അപ്പൊ എന്‍റെ കയ്യില്‍ ഉണ്ടാവില്ല... അപ്പൊ നീ അനുഭവിക്കും!" ഒരു ഇളിഭ്യതയോടുകൂടി ഇത് പറഞ്ഞു തീര്‍ത്തപ്പോ അഭ്യര്‍ഥനയുമായി നിന്നിരുന്ന ആ സഹമുറിയന്റെ കണ്ണില്‍നിന്നു വെള്ളം വന്നിരുന്നു! അതെ, അമിതമായി ചിരിച്ചാലും കണ്ണില്‍ നിന്ന് വെള്ളം വരും എന്ന കാര്യം ഞാന്‍ അതിലൂടെ മനസ്സിലാക്കുകയായിരുന്നു!! ചിരിച്ചു ചിരിച്ചു ഇനിയും തുടര്‍ന്നാല്‍ ശ്വാസം കിട്ടാതെ മരിച്ചുപ്പോകും എന്ന് സംശയം തോന്നിത്തുടങ്ങിയ നേരത്ത്! ഞാന്‍ തുടര്‍ന്നു "എന്തായാലും എന്നെ അവന്‍ ചതിച്ചു... ഈ ഗ്ലാസിലെ വെള്ളം അവനു തന്നെ ഇരിക്കട്ടെ!". പറഞ്ഞു തീര്‍ന്നതും എന്‍റെ കയ്യില്‍ ഉള്ള കാളി ഗ്ലാസ്‌ ഞാന്‍ അവന്റെ നേര്‍ക്ക്‌ എറിഞ്ഞു! 

ഇന്നിപ്പോ അതോര്‍ക്കുമ്പോള്‍ സെയ്ന്റ് ഗോബൈന്‍ ഗ്ലാസ്സിന്റെ പരസ്യത്തില്‍ ഗ്ലാസ്‌ ക്ലീന്‍ ചെയ്യാന്‍ വരുന്ന ഒരു ക്ലീനരുടെ  റോള്‍ ചെയ്ത പോലെ ആയിരുന്നു അന്നത്തെ കാഴ്ച.  വെള്ളവും പ്രതീക്ഷിച്ചു നിന്നിരുന്ന അവന്‍ പകുതി നനഞ്ഞു എന്ന് തോന്നിപ്പിക്കും വിധം ആയിരുന്നു പ്രതികരണം! എന്തായാലും അവന്‍ ചിരിചുചിരിച്ചു മരിക്കാതെ നോക്കാന്‍ കഴിയുകയും ബാക്കി ഉള്ളവരുടെ വളിഞ്ഞ ചിരി അട്ടഹാസം ആയി  മാറാനും ഈ സംഭവം വഴിതെളിച്ചു!

സാരം: പാരവെപ്പ് ആരുടേയും കുത്തകയല്ല!

സത്യസന്ധന്‍

2010 ഡിസംബർ 10, വെള്ളിയാഴ്‌ച

പരീക്ഷപ്പേടി

വളരെ കാലങ്ങള്‍ക്ക് മുമ്പ് പേടിച്ചു വിറച്ചു ഒരു കണക്കു പരീക്ഷ എഴുതിയത് ഞാന്‍ ഇന്നും ഓര്‍കുന്നു. എട്ടാം ക്ലാസ്സിലെ കണക്കു പരീക്ഷ!! ന്യൂതന പഠന രീതിയിലെ ആദ്യത്തെ പരീക്ഷക്ക് ഒരു ആലില പോലെ വിരച്ചതും കുപ്പായം നനയും വരെ വിയര്‍ത്തതും എനിക്ക് ഓര്‍മയുണ്ട്. പക്ഷെ കുറച്ചു കാലങ്ങള്‍ക്ക് ശേഷം ഞാന്‍ തിരിച്ചറിഞ്ഞു "ഇങ്ങനെയൊന്നുമല്ല പരീക്ഷ എഴുതേണ്ടത്! എഴുതുമ്പോള്‍ ആസ്വദിച്ചുകൊണ്ട്‌ എഴുതണം ഇല്ലെങ്കില്‍ ക്രിയാത്മക രചനകള്‍ പുറത്തു വരില്ല!". അത്തരത്തില്‍ ഒരു പരീക്ഷയുടെ കഥയാണ് ഇന്നത്തെ സ്പെഷ്യല്‍.

പരീക്ഷയുടെ അന്ന് കിടക്കയില്‍ നിന്ന് എഴുന്നേറ്റ ഉടനെ ഞാന്‍ നോക്കിയത് വാച്ചിലേക്ക് ! സമയം 8 മണി കഴിഞ്ഞിരിക്കുന്നു. ഇന്ന് പരീക്ഷയാണ്‌ ! അതും അക്കൌണ്ടന്‍സി ! എഴുതണോ വേണ്ടയോ? എഴുതണോ വേണ്ടയോ? ഈ സംശയം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. തോറ്റാലും  വേണ്ടില്ല, എഴുതുക തന്നെ! ഞാന്‍ തീരുമാനിച്ചു. പെട്ടന്ന് തന്നെ കുളിച്ചു കുട്ടപ്പനായി കോളെജിലേക്ക് പോയി.

വളരെ വൈകി ക്ലാസ്സില്‍ കയറിയ എനിക്ക് പക്ഷെ ഒരു കാര്യം പിടികിട്ടി! ക്ലാസ്സിലെ ഫസ്റ്റ് ലെവല്‍ 'കോപ്പിയടി  വീരന്മാര്‍' അവസാന വരി  കയ്യടക്കികഴിഞ്ഞിരിക്കുന്നു. ലാസ്റ്റ് ബെഞ്ചില്‍ ആയിരുന്നെങ്കില്‍ കോപ്പി അടിക്കാന്‍ ഒരു കോണ്ഫിടെന്‍സ് വന്നേനെ! പോട്ടെ! ഞാന്‍ പതുക്കെ അവരുടെ തൊട്ടു മുമ്പിലത്തെ വരിയില്‍ ഇരുപ്പുറപ്പിച്ചു! അപ്പോള്‍ ഒരു പെണ്‍കുട്ടി വന്നു ചോദിച്ചു 'പ്ലീസ്, ഞാന്‍ നിന്റെ സീറ്റില്‍ ഇരുന്നോട്ടെ? നീ എന്തായാലും കോപ്പി അടിക്കില്ലല്ലോ?'. ഒരു പെണ്‍കുട്ടിയാണ് ചോദിച്ചത് എന്നുള്ളതുകൊണ്ട് മാത്രം ഞാന്‍ മാറി മുമ്പിലത്തെ സീറ്റില്‍ ഇരുന്നു. പിന്നെ വൈകിയില്ല.. എല്ലാവര്ക്കും എന്‍റെ സീറ്റ്‌ മതി!! ഇരുന്നും എഴുന്നേറ്റും വീണ്ടും ഇരുന്നും എഴുന്നേറ്റും ആ സീടിലെയൊക്കെ പൊടി എന്‍റെ പാന്റ്സില്‍ ആക്കുക എന്നാ ഒരു ഗുണം കൂടി ചെയ്തുകൊടുക്കുകയാണ്‌ എന്ന് തിരിച്ചറിഞ്ഞപ്പോള്‍ പിന്നെ വേറെ ഒന്നും നോക്കിയില്ല. നേരെ പോയി ഫസ്റ്റ് ബെഞ്ചില്‍ ഇരുന്നു. ഇനിയിപ്പോ ഈ സീറിനു ആര് വരും എന്നൊന്ന് അറിയണമല്ലോ?

അല്ലെങ്കിലും വെറുതെ ഓരോന്ന് പറയും എന്നല്ലാതെ ഞാന്‍ ഇതുവരെ 'കോപി അടിച്ചിട്ടേ ഇല്ല'! പിന്നെ വെറുതെ എന്തിനു ബാക്കി ഉള്ളവരുടെ ചാന്‍സ്  കളയണം? അവര്‍ എഴുതിക്കോട്ടെ! ഞാന്‍ സമാധാനിച്ചു! അപ്പോഴാണ്‌ ഒരുത്തന്റെ എന്‍ട്രി, രാജപ്പന്‍!
 "നീ ഒരു പടിപിസ്റ്റ് ആണ് എന്ന് എനിക്കറിയാം. എന്തെങ്കിലും ഒന്ന് കാണിച്ചു തരണം! ഞാന്‍ നിന്റെ തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നുണ്ട്‌. ഒന്ന് പാസായിക്കൊട്ടെടാ പ്ലീസ് !"  അവന്റെ അഭ്യര്‍ഥന!
"രാജപ്പാ, നീ എന്നെ പ്രതീക്ഷിച്ചു ഇരിക്കണ്ട. ഞാന്‍ എന്തെഴുതും എന്ന് എനിക്ക് തന്നെ ഒരു പിടിയും ഇല്ല." ഞാന്‍ പറഞ്ഞു.
" നീ നിന്റെ പേപ്പര്‍ എനിക്ക് ചെരിച്ചു കാണിച്ച മതി! ബാക്കി ഒക്കെ ഞാന്‍ നോക്കിക്കൊള്ളാം!" അവന്‍ പറഞ്ഞു.  ഈ പടിപിസ്റ്റ് എന്ന പേര് ഒരിക്കല്‍ കിട്ടിയ പിന്നെ തേച്ചാലും മായ്ച്ചാലും പോകില്ല!! അവന്റെ കാര്യം പോക്കായി!! പക്ഷെ, തോല്‍ക്കുമ്പോള്‍ അവനും കൂടെ ഉണ്ടാവും! സമാധാനം!! 

മണിയടിച്ചു! പരീക്ഷ തുടങ്ങി! ചോദ്യകടലാസ് കണ്ട ഞാന്‍ ഞെട്ടിപ്പോയി ! ഞാന്‍ ആറു മാസം കൊണ്ട് എഴുതിയുണ്ടാക്കിയ നോട്ട് ബുക്ക്‌ വരെ ഇത്ര അധികം ഉണ്ടാവും എന്ന് തോന്നുന്നില്ല.! ഒന്ന് വായിക്കാന്‍ പോലും ബുദ്ധിമുട്ടാതെ അനന്തതയിലേക്ക് കണ്ണും നട്ട് ഇരുപ്പു തുടര്‍ന്നു. അപ്പോഴാണ് വേറെ ഒരു കാര്യം ശ്രദ്ധിച്ചത്.  എന്‍റെ ഒരു സഹമുറിയന്‍ എന്‍റെ തൊട്ടു അടുത്ത് ഇരുന്ന്‌ എന്‍റെ അതേ അവസ്ഥയില്‍ ഇരിപ്പാണ്. ഞങ്ങളുടെ അവസ്ഥ ഓര്‍ത്ത് രണ്ടു പേരും പൊരിഞ്ഞ ഇളി തുടങ്ങി!! പരീക്ഷയാണ് പോലും പരീക്ഷ!! തിയറി ചോദിച്ചിരുന്നെങ്കില്‍ ക്രിയാത്മക രചനയ്ക്ക് വകുപ്പുണ്ടായിരുന്നു!! അതില്‍ പോലും ആകെ 2 ചോദ്യങ്ങള്‍ മാത്രം! യഥാര്‍ഥ പഠിപ്പിസ്റ്റുകള്‍ കുറച്ചു പേര്‍ ദുഷ്പ്പെരുണ്ടാക്കാനായിട്ടു  എഴുത്തോട്‌ എഴുത്ത് തന്നെ. ബാക്കി ആരും പെന്‍ തൊട്ടിട്ടില്ല.. അല്ലെങ്കിലും എനിക്ക് പണ്ടേ ഭൂരിപക്ഷത്തിന്റെ കൂടെ നില്ക്കുന്നതാ ഇഷ്ട്ടം!

ഒരു അര മണിക്കൂര്‍ കഴിഞ്ഞു! പേരും നമ്പരും അല്ലാതെ ഒന്നും പേപ്പറില്‍ ഇല്ല. ക്ഷമ കേട്ട എന്‍റെ സഹമുറിയന്‍ എന്നോട് പോക്കറ്റില്‍ ഇരിക്കുന്ന കാല്‍കുലേറ്റര്‍ പുറത്തെടുക്കാന്‍ ആവശ്യപ്പെട്ടു.  കാല്‍കുലേറ്റര്‍ ഒരുപാട് ആവശ്യം വരാന്‍  സാധ്യത ഉള്ള ഞാന്‍ വരെ അതിന്റെ കാര്യം മറന്നു പോയിരുന്നു! അവനെന്തിനാ കാല്‍കുലേറ്റര്‍?  സമയം കളയാന്‍ അല്ലതെന്താ? പലതരം ഗണിത ക്രിയകള്‍ ഞങ്ങള്‍ പരസ്പ്പരം പങ്കു വച്ചു, ചോദ്യക്കടലാസില്‍ 1 മുതല്‍ 20 വരെയുള്ള സംഖ്യകളുടെ പെരുക്കപ്പട്ടിക ഉണ്ടാക്കി! . ഒടുക്കം അമിതമായ കണക്കു പഠനം മതിയായപ്പോള്‍, 'പൂജ്യം വെട്ടിക്കളി', 'കള്ളനും പോലീസും' തുടങ്ങിയ പ്രാചീനകാല കലാപരിപാടികളിലേക്ക് ഞങ്ങള്‍ തിരിഞ്ഞു! പരീക്ഷ ആണെന്ന കാര്യം  വരെ മറന്ന നേരത്താണ് ബെഞ്ചിനു ഒരു കുലുക്കം ഞാന്‍ ശ്രദ്ധിച്ചത്! രാജപ്പനാണ് , അവനു കോപ്പി അടിക്കണം പോലും! വളരെ സീരിയസ് ആയി ഇവിടെ ഒരു കളി കളിക്കുമ്പോഴാണ് അവന്റെ ഒരു കോപ്പി അടി! ... വേഗം ഒന്നും എഴുതാത്ത പേപ്പര്‍ അവനു കാണിച്ചു കൊടുത്തു. അവന്‍ നിഷ്ക്കളങ്കമായി ഇളിച്ചു! അല്ലാതെന്തു ചെയ്യാന്‍? ഞാന്‍ മുന്‍‌കൂര്‍ ജാമ്യം എടുത്തിരുന്നല്ലോ?

ചിലര്‍ ഉറക്കത്തില്‍ ആയിരുന്നു.. ചിലര്‍ ചിന്തയിലായിരുന്നു..വളരെ ചുരുക്കം ചിലര്‍ ആത്മാര്‍ഥമായി പരീക്ഷ എഴുതുന്നുണ്ടായിരുന്നു. കളിയും തമാശയും ഒക്കെ കഴിഞ്ഞപ്പോള്‍ മണിക്കൂര്‍ ഒന്ന് കഴിഞ്ഞിരുന്നു.. എന്തെങ്കിലും എഴുതികൂട്ടുക തന്നെ. അല്ലെങ്കില്‍ ക്ലാസ്സില്‍ മൊത്തത്തില്‍ നാറിപ്പോവും. എഴുത്ത് തുടങ്ങി. ആദ്യം ഒറ്റ വാക്കില്‍  ഉത്തരം എഴുതുക അതും ബ്രാക്കറ്റില്‍ നിന്ന് തിരഞ്ഞെടുക്കാം! പരിചയമുള്ള വാക്ക് കണ്ടാല്‍ ഉടനെ എഴുതുക അത് തന്നെ പോളിസി! നോക്കിവന്നപ്പോ പരിചയമുള്ള വാക്കുകള്‍ ഭൂരിഭാഗവും ആദ്യത്തെ ഓപ്ഷന്‍ തന്നെ.... അതൊരു രസം ഇല്ല! 1-2-3-3-2-1-1-2-3-1 ഇങ്ങനെ ഒരു കറക്കിക്കുത്ത് അങ്ങ് നടത്തി ! അഥവാ ബിരിയാണി കിട്ടിയാലോ?

പിന്നെ തിയറി! ഒരു വാചകം ഒരേ അര്‍ഥം വരുന്ന തരത്തില്‍ എത്ര തവണ മാറ്റി എഴുതാം എന്ന കാര്യത്തെ കുറിച്ച് ഒരു പഠനം തന്നെ തയ്യാറാക്കാം! ഒരു 6 തവണയെങ്കിലും മിനിമം എഴുതാം.. അതൊരു പാരഗ്രാഫ് ! അങ്ങനെ രണ്ടു സൈഡ് തീര്‍ന്നപ്പോള്‍ ഞാന്‍ പതുക്കെ എഴുന്നേറ്റു! എന്നിട്ട് പറഞ്ഞു "ടീച്ചര്‍, പേപ്പര്‍!" . പലരും ഞെട്ടിപ്പോയി! "അമ്പട വില്ലാ!! നീ  പുലി തന്നെ!" എന്ന ഭാവം എനിക്ക് പലരുടെയും മുഖത്ത് കാണാമായിരുന്നു. ഒരു സാഹസികമായ കാര്യം ചെയ്ത മട്ടില്‍ അഭിമാനത്തോടെ ഇരുന്നതിനു ശേഷം ഞാന്‍ ആ പേപ്പര്‍ എടുത്തു ഒന്ന് നോക്കി. അതില്‍ ഒന്നായിരുന്നില്ല രണ്ടു പേപ്പര്‍ ഉണ്ടായിരുന്നു. എത്ര കഷ്ട്ടപ്പെട്ടിട്ടാണ് ഒരു എക്സ്ട്രാ ഷീറ്റ് എടുത്തത്‌ എന്ന് എനിക്ക് തന്നെ അറിയില്ല. അപ്പോഴാണ്‌ 2 എണ്ണം! എന്തെങ്കിലും ആവട്ടെ!! അങ്ങനെ അങ്ങ് വച്ചു. എഴുത്ത് തുടര്‍ന്നു! ഇനി എന്ത് എഴുതും? രണ്ടാമത്തെ തിയറി ചോദ്യവും ആദ്യത്തെ പോളിസി വച്ചു തന്നെ അടിച്ചുവിട്ടു!അല്ലെങ്കിലും, ഇത്തരത്തില്‍ പരീക്ഷ എഴുതിയവര്‍ക്ക് ക്രിയാത്മക രചനയില്‍ കഴിവില്ലാതിരുന്നെങ്കില്‍ മാത്രമേ അത്ഭുതമുള്ളൂ ! 2 പേപ്പര്‍ തീരുകയും വേണം!!ക്ഷമിക്കണം, എങ്ങനെയെങ്കിലും എത്തിക്കുകയും വേണം! അഭിമാനപ്രശ്നം ആവരുതല്ലോ? മേടിച്ച പേപ്പര്‍ തിരിച്ചു കൊടുക്കുക മോശപ്പെട്ട കാര്യമാണ്. വേണമെങ്കില്‍  അടിച്ചുമാറ്റി അടുത്ത പരീക്ഷയ്ക്ക് ബിറ്റ് വയ്ക്കാന്‍ എടുക്കാം എന്നല്ലാതെ തിരിച്ചു കൊടുക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല. ഓ പിന്നെ? ബിറ്റ് വയ്ക്കുന്ന നേരം പഠിച്ചിരുന്നെങ്കില്‍  ഇതിലും ബെസ്റ്റ് ആയിട്ട് പരീക്ഷ എഴുതാമായിരുന്നു!!

ഇനിയുള്ള പ്രോബ്ലം പ്രോബ്ലെംസ് തന്നെ ആയിരുന്നു! കുറെ കളങ്ങള്‍ വരച്ചു വച്ചു. കുറെ എന്തൊക്കെയോ കുത്തിക്കുറിച്ചു. ഒടുക്കം മനസ്സിലാവാത്ത രീതിയില്‍ കുറെ എന്ട്രീസും. അതിനിടയില്‍ ടീച്ചറുടെ ചില വികൃതികള്‍. അവസാനത്തെ അര മണിക്കൂറില്‍ ഓരോ അഞ്ചു മിനുടിനും അലാറം വച്ച പോലെ "ദേ! ഇപ്പൊ തീരും! ഇപ്പൊ തീരും!" എന്നുള്ള ഭീഷണിയും! പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്കും വീട്ടില്‍ പോകാന്‍ ആഗ്രഹം കാണുമല്ലോ? എന്തായാലും കൃത്യ സമയത്ത് പരിപാടി തീര്‍ത്തു പുറത്തിറങ്ങി! 10 മിനുടിന്റെ പരിപാടിക്ക് 2 മണിക്കൂര്‍ കഷ്ട്ടപ്പെട്ടു എന്ന ഒരു നഷ്ട്ടം മാത്രം!

ദിവസങ്ങള്‍ കടന്നു പോയി! ഒടുവില്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്ന ഒറ്റ ദിവസവും പേപ്പര്‍ തരാതെ പെട്ടന്നൊരു ദിവസം പേപ്പറും കൊണ്ട് ടീച്ചര്‍ ക്ലാസ്സില്‍ വന്നു. പേപ്പര്‍ കൊടുക്കാന്‍ തുടങ്ങി! എനിക്ക് ചെറിയ ടെന്‍ഷന്‍! എന്തിനാ? അറിയില്ല!! അല്ല, ഇനിയിപ്പോ പാസ്‌ ആവുമോ? ഹേ, സാധ്യതയെ ഇല്ല! എന്‍റെ നമ്പര്‍ വിളിച്ചുകൊണ്ടു ടീച്ചര്‍ എന്‍റെ മുഖത്തേക്ക് ഒരു തറപ്പിച്ചു നോട്ടം! ഒരു കാര്യം ഉറപ്പിച്ചു! "മാനം പോയി മോനെ!!" പരുങ്ങി പരുങ്ങി  അടുത്ത് ചെന്നു.

"നീ എന്താ ഇതില്‍ കാണിച്ചു വച്ചിരിക്കുന്നത്?"ടീച്ചര്‍ ചോദിച്ചു!
"അത്! അത്! " ഞാന്‍ കിടന്നുരുണ്ടു!
'തലവേദന ആയിരുന്നു എന്ന് കാച്ചിയാലോ?' ഞാന്‍ ചിന്തിച്ചു! പക്ഷെ ഒരുപാട് പഴകിയ നമ്പര്‍ ആണ് എന്ന് എനിക്ക് വരെ തോന്നിയതോണ്ട് ആ പദ്ധതി ഉപേക്ഷിച്ചു!
"ഒരു പ്രോബ്ലെവും നേരെ എഴുതിയിട്ടില്ല!" ടീച്ചറുടെ കണ്ടുപിടിത്തം!
'നേരെ എഴുതിയിട്ടില്ല! അതിനര്‍ഥം കുറച്ച്‌ എഴുതിയിട്ടുണ്ട് എന്നല്ലേ? ഈശ്വരാ!! ബിരിയാണി കിട്ടിയോ? ' കുറച്ച്‌ നേരത്തെ മൌനം!
"ഇനി  ഇങ്ങനെയൊക്കെ എഴുതിയിട്ട് വന്നാ എന്‍റെ സ്വഭാവം മാറും!" ടീച്ചറുടെ ഭീഷണി!
"തിയറിക്ക് 2 മാര്‍ക്ക്‌ എക്സ്ട്ര തന്നതോണ്ട് മാത്രം നീ പാസ് ആയി!"
"എന്ത്?" ഡ്രൈവിംഗ് അറിയാത്തവന്‍ ഷൂമാക്കറെ തോല്‍പ്പിച്ചു എന്ന് കേട്ട പോലെയായിരുന്നു അപ്പോഴത്തെ എന്‍റെ അവസ്ഥ! പാസ് ആയെന്നോ!! അതും ഞാന്‍! പഠിച്ചിരുന്നെങ്കില്‍ വേസ്റ്റ് ആയിപ്പോയേനെ!!

ഞാന്‍ ഭാവത്തില്‍ മാറ്റമൊന്നും വരുത്തിയില്ല! 'ഫുള്‍ മാര്‍ക്ക്‌ പ്രതീക്ഷിച്ചതായിരുന്നു! ചെറിയ തെറ്റുകള്‍ കൊണ്ട് കുറച്ച്‌ കുറഞ്ഞു പോയി'  എന്ന മട്ടില്‍ അവിടെ വച്ചു തന്നെ ആ പേപ്പര്‍ ഫുള്‍ അരിച്ചു പെറുക്കി. ടീച്ചറുടെ മുന്നില്‍ വളരെ വിഷമത്തോടെ നിന്നിരുന്ന ഞാന്‍ തിരിഞ്ഞു നിന്ന് ആര്‍ത്തു ചിരിച്ചു! ആഹ്ലാദഭരിതനായി മുന്നോട്ടു നടന്ന എന്‍റെ കണ്ണുകള്‍ രാജപ്പന്റെ മുഖത്ത് ചെന്നുടക്കി! ' എടാ തെണ്ടി! നിനക്ക് എന്നെക്കൂടെ ഒന്ന് പാസ്‌ ആക്കിച്ചു താരമായിരുന്നു' എന്നൊരു ഭാവം അവന്റെ നിഷ്ക്കളങ്കമായ മുഖത്ത് ഉണ്ടായിരുന്നു! 

                                                                 ശുഭം

സാരം: പരീക്ഷയെ ഒരിക്കലും പേടിക്കരുത്! പിന്നെ ഈ പോസ്റ്റിന്റെ പേര് എന്താ ഇങ്ങനെ? ചിലത് ഇങ്ങനെ ആണ്. പേടിക്കാന്‍ ഒന്നും ഉണ്ടാവില്ല പക്ഷെ '.ചിരിച്ചുകൊണ്ട് തലവെട്ടുക' എന്ന് പറയുന്ന പോലെ ചിലര്‍ നമ്മളെ ജയിപ്പിച്ചു തോല്‍പ്പിക്കും. അവരെ പേടിക്കണം! 

സത്യസന്ധന്‍